വേദനകളുടെ ലോകത്ത് നിന്ന് ലാൽസൻ യാത്രയായി. അന്നനാളം കരിഞ്ഞുണങ്ങി ഒരിറ്റു വെള്ളം ഇറക്കാനാകാതെ വർഷങ്ങൾ ജീവിച്ച് ക്യാന്സറിനോട് പൊരുതിയ ധീരനായിരുന്നു ലാൽസണ്. അര്‍ബുദത്തിന്റെ ഇരയായി വേദന തിന്നുമ്പോഴും അത്ഭുതപ്പെടുത്തുന്ന ഇച്ഛാശക്തി പ്രകടമാക്കിയ ബഹ്റൈന്‍ മുന്‍ പ്രവാസി ലാല്‍സന്റെ വിയോഗം പ്രസോഷ്യൽ മീഡിയയിലും കണ്ണീരോർമ്മയായി. കാൻസർ ചികിത്സക്കിടെയുള്ള റേഡിയേഷനിൽ ലാൽസന്റെ അന്നനാളം കരിഞ്ഞുപോകുകയായിരുന്നു.
ഇതുമൂലം ലാൽസണ് ആഹാരം കഴിക്കാനോ വെള്ളം പോലും ഇറക്കാനോ സാധിച്ചിരുന്നില്ല. തന്റെ ആരോഗ്യവിവരങ്ങൾ എല്ലാം അപ്പോഴപ്പോൾ ലാൽസൺ സോഷ്യൽമീഡിയയിലൂടെ അറിയിക്കുമായിരുന്നു.മരണത്തിനു അഞ്ചു മണിക്കൂർ മുൻപും ഒരു വലിയ സർജറി ഒഴിഞ്ഞതിന്റെ സന്തോഷം അദ്ദേഹം പങ്കുവെച്ചിരുന്നു.ആഹാരം കൊടുക്കാനായി ഘടിപ്പിച്ചിരുന്ന റൈൽസ് ട്യൂബ് അറിയാതെ വയറിനുള്ളിലേക്ക് പോകുകയായിരുന്നു. അത് പുറത്തെടുക്കാനായി ഒരു മേജർ സർജറിക്കായാണ് ലാൽസണ് വീണ്ടും ആശുപത്രിയിലെത്തിയത്.
എന്നാൽ ഓപ്പറേഷൻ നടക്കുന്നതിനു മുൻപ് തന്നെ ട്യൂബ് വെളിയിൽ വന്നുവെന്ന സന്തോഷം അദ്ദേഹം ഫേസ്‌ബുക്കിലൂടെ പങ്കുവെക്കുകയായിരുന്നു. ഏകദേശം രണ്ടു വര്‍ഷം മുമ്പാണ് ബഹ്റൈനില്‍ പ്രവാസിയായിരിക്കുന്ന വേളയില്‍ തൃശൂര്‍ പുള്ളു സ്വദേശിയായ ലാല്സന്, തൊണ്ടയിലെ അര്‍ബുദബാധ തിരിച്ചറിയുന്നത്. തുടര്‍ന്ന് നാട്ടിലേക്ക് പോയി ചികിത്സ തുടങ്ങി. റേഡിയേഷനില്‍ അന്നനാളം കരിഞ്ഞുപോയതോടെ ഉമിനീരു പോലും ഇറക്കാന്‍ കഴിയാത്ത അവസ്ഥയായി. എന്നാല്‍, ഒട്ടുംതളരാതെ, അദ്ദേഹം സമൂഹ മാധ്യമങ്ങളിലൂടെ ചികിത്സയുടെ ഓരോ അനുഭവവും പങ്കുവെച്ചു.
അതിൽ ഹൃദയസ്പർശിയായ ഒരു പോസ്റ്റ് ആണ് ഞങ്ങൾ പങ്കുവെക്കുന്നത്:
പ്രിയമുള്ളവരേ കുറച്ചു നാളുകൾക്ക് ശേഷമാണ് ഒരു പോസ്റ്റ് ഇടുന്നത്… പല ദിവസങ്ങളിലും കടുത്ത ശര്ധി ആയിരുന്നു അതു കൊണ്ട് തീരെ വയ്യായിരുന്നു. ടൈപ്പ് ചെയ്യാൻ സാധിക്കാത്ത അവസ്ഥ ആയിരുന്നു. ഞാൻ ഇപ്പോഴും അതെ അവസ്ഥയിൽ തന്നെ തുടരുകയാണ് tb യുടെ മരുന്ന് പോകുന്നതുകൊണ്ടാണ് ശര്ധി ഉണ്ടാവുന്നത് എന്നാൽ ആ മരുന്ന് ഒരിക്കലും നിർത്താൻ പറ്റാത്ത അവസ്ഥ ആണ് ഇപ്പോൾ ഉള്ളത്. ശര്ധി ആയതുകൊണ്ട് തന്നെ ശരീരം അതു താങ്ങുന്നില്ല അതുകൊണ്ട് ഭയങ്കര ഷീണം ആണ് ഒപ്പം പുറം വേദന കഠിനമായി തുടരുന്നു…
അയഡിൻ തെറാപ്പി കഴിഞ്ഞു ഇപ്പോൾ കാൻസർ ഇനി ശരീരത്തിൽ എത്ര ഉണ്ട് എന്നറിയാൻ ഉള്ള ടെസ്റ്റ് നടത്താനുള്ള സമയം കഴിഞ്ഞു പക്ഷെ ആരോഗ്യ സ്ഥിതി മോശമായത് കൊണ്ട് ആ ടെസ്റ്റ് നടത്താൻ പറ്റിയിട്ടില്ല കഴുത്തിൽ ഇട്ട ട്യൂബ് ഇപ്പോഴും വളരെ അധികം ബുദ്ധിമുട്ട് എനിക്ക് ഉണ്ടാക്കുന്നുണ്ട് എന്നാൽ ആ ട്യൂബ് ഊരിയാൽ എനിക്ക് ശ്വാസം എടുക്കാൻ കഴിയില്ല എന്നാണ് ഡോക്ടർ പറയുന്നത് അതുകൊണ്ട് കുറെ നാൾ കൂടി ആ ട്യൂബ് തുടരണം. ഒരു ഗ്ലാസ് വെള്ളം ഒറ്റവലിക്ക് ദാഹം തീരുവോളം കുടിക്കണം എന്ന മോഹം ബാക്കി നില്കുന്നു
അതിലും ഉപരി എനിക്ക് ഒറ്റയ്ക്ക് നടന്നു ബാത്‌റൂമിൽ പോകണം എന്നുള്ളത് വലിയ മോഹമാണ്… ഞാൻ സ്വപ്നം കാണുന്നുണ്ട് എല്ലാവരെയും പോലെ വെള്ളം കുടിക്കുന്ന രാവിലെ ഒരു കാപ്പി കുടിക്കുന്ന സുപ്രഭാതം അതു അകലെയല്ല എന്ന് ഞാൻ വിശ്വസിക്കുന്നു….. ഇത്രയും സഹിക്കാൻ കഴിവ് തന്ന ദൈവം ഇനി എന്നേ കൈപിടിച്ച് ഉയർത്തും എന്ന് എനിക്ക് ഉറപ്പാണ്….. എനിക്ക് വേണ്ടി ഉദിച്ചുയരുന്ന പൊന്നു പുലരി വിദൂരമല്ല…… ഞാൻ ദാഹം തീരുവോളം വെള്ളം കുടിക്കുന്ന സമയം വിദൂരമല്ല… ജീവിതം പൊരുതി നേടാൻ ഉള്ളതാണെങ്കിൽ പൊരുതി നേടുക തന്നെ ചെയ്യും…
……. സ്നേഹം മാത്രം…
….
.. ലാൽസൺ പുള്ള്
Post Your Comments