തിരുവനന്തപുരം•മാവോയിസ്റ്റ് വേട്ടയില്‍ ശക്തമായ നിലപാട് സ്വീകരിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയന് ‘ബിഗ് സല്യൂട്ട്’ നല്‍കി ജന്മഭൂമി ദിനപത്രം രംഗത്ത്. നവംബര്‍ 9 ന് പുറത്തിറങ്ങിയ പത്രത്തിന്റെ എഡിറ്റോറിയല്‍ പേജില്‍ കെ.കുഞ്ഞിക്കണ്ണന്‍ ‘പിണറായിക്ക് ബിഗ് സല്യൂട്ട്’ എന്ന തലക്കെട്ടില്‍ എഴുതിയ ലേഖനത്തിലാണ് മാവോയിസ്റ്റ് വിരുദ്ധ നിലപാടില്‍ മുഖ്യമന്ത്രിയെ വാനോളം പുകഴ്ത്തുന്നത്.
പിണറായി വിജയന്റെ തത്ത്വങ്ങളെയും നയസമീപനങ്ങളെയും പെരുമാറ്റ രീതികളെയും നിരന്തരം വിമര്‍ശിക്കുന്നയാളാണ് ഈ ലേഖകന്‍. സഖാവെന്ന നിലയിലും മന്ത്രി, മുഖ്യമന്ത്രി, പാര്‍ട്ടി നേതാവ് എന്ന നിലയിലുമുള്ള വിജയന്റെ പ്രവര്‍ത്തന രീതിയോട് ഒട്ടും മയമില്ലാതെ പ്രതികരിക്കുകയും ചെയ്തുപോന്നിട്ടുണ്ട്. എന്നാല്‍ ഇന്ന് ഒരു സത്യം പറയട്ടെ. മാവോയിസ്റ്റ് വേട്ടയില്‍ പിണറായി വിജയനാണ് ശരി എന്ന് തോന്നിപ്പോവുകയാണ്. അഖിലേന്ത്യാതലത്തിലെ സ്രാവ് സഖാക്കള്‍ക്ക് വിരുദ്ധ നിലപാട് സ്വീകരിക്കാന്‍ പിണറായി വിജയന്‍ തയ്യാറായിരിക്കുന്നു. കേന്ദ്രത്തില്‍ നരേന്ദ്രമോദി സര്‍ക്കാരായതാകാം കാരണം. പാര്‍ട്ടിക്കകത്ത് കോലാഹലം ഉയര്‍ന്നുകൊണ്ടിരിക്കുമ്പോഴും നിയമസഭയില്‍ ഒരുവിഭാഗക്കാര്‍ പിതൃശൂന്യ നിലപാടെടുക്കുന്ന സമയത്തും മാവോയിസ്റ്റുകള്‍ ആട്ടിന്‍കുട്ടികളല്ലെന്ന് ഒരു മാര്‍ക്‌സിസ്റ്റുകാരന് പറയാന്‍ തോന്നിയത് നിസ്സാരകാര്യമല്ലെന്നും ലേഖനത്തില്‍ കുഞ്ഞിക്കണ്ണന്‍ പറയുന്നു.
മാവോയിസ്റ്റ് ആശയങ്ങളിലേക്കുള്ള റിക്രൂട്ടിംഗ് ഏജന്റുമാരാണ് മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി എന്നത് തര്‍ക്കമില്ലാത്ത സത്യമാണല്ലൊ. പന്തീരാങ്കാവില്‍ അറസ്റ്റിലായ മാവോവാദികളായ കുഞ്ഞാടുകള്‍ പാര്‍ട്ടിയുടെ പ്രാദേശിക നേതാക്കളാണെന്ന സത്യം അതല്ലെ വ്യക്തമാക്കുന്നത്. അറസ്റ്റ് ചെയ്ത് യുഎപിഎ ചുമത്തിയ പോലീസിനെ തള്ളിപ്പറയാന്‍ തയ്യാറാകാത്ത മുഖ്യമന്ത്രിയെ നിസ്സാരനായി കാണാന്‍ പറ്റില്ലല്ലോ. മുന്‍ ജനറല്‍ സെക്രട്ടറിയും പിബി മെമ്പര്‍മാരും യുഎ പിഎ ചുമത്തിയതിനെതിരെ അരിവാള്‍ വീശുമ്പോള്‍ അതവിടെ ഇരിക്കട്ടെ എന്ന നിലപാട് സ്വീകരിക്കാന്‍ വിജയനേ പറ്റൂ. അതുകൊണ്ടാണ് ‘പിണറായിക്ക് ബിഗ് സല്യൂട്ട്’ ഓഫര്‍ ചെയ്യാന്‍ തോന്നിയതെന്നും ലേഖനം പറയുന്നു.
മാവോയിസ്റ്റ് വിഷയത്തില്‍ കോണ്‍ഗ്രസ്-സി.പി.ഐ ഇരട്ടത്താപ്പിനെ വര്‍ഗീസ്, രാജന്‍ കൊലക്കേസുകള്‍ ചൂണ്ടിക്കാട്ടി ലേഖനം രൂക്ഷമായി വിമര്‍ശിക്കുന്നുണ്ട്.
മാവോയിസ്റ്റുകളെ (നക്‌സലൈറ്റ്) കൊന്ന് കണ്ണ് ചൂഴ്‌ന്നെടുത്ത കോണ്‍ഗ്രസ്-സിപിഐ ഭരണകാലം മറക്കാന്‍ കഴിയുമോ? വയനാട്ടില്‍ വര്‍ഗീസ് കൊല്ലപ്പെട്ടത് ഏറ്റുമുട്ടലിലായിരുന്നോ? കുന്നിക്കല്‍ നാരായണനേയും അജിതയേയും പീഡിപ്പിച്ച കാലഘട്ടം മറയ്ക്കാന്‍ പറ്റുമോ! പി. രാജന്‍ എന്ന എഞ്ചിനീയറിംഗ് വിദ്യാര്‍ഥിയുടെ ജഡം പോലും കാണാനുള്ള ഭാഗ്യം പിതാവ് പ്രൊഫ. ഈച്ചരവാര്യര്‍ക്ക് ഉണ്ടായോ? ഇതൊക്കെ മറന്ന് കോണ്‍ഗ്രസ്-സിപിഐ നേതാക്കള്‍ നടത്തുന്നത് കറകളഞ്ഞ കാപട്യമല്ലേയെന്ന് ലേഖനം ചോദിക്കുന്നു.
യുഎപിഎ പിന്‍വലിക്കാന്‍ സര്‍ക്കാര്‍ നീക്കം ശക്തമായതോടെ അറസ്റ്റിലായ അലന്‍ ഷുഹൈബ്, ത്വാഹ ഫസല്‍ എന്നിവര്‍ വെറും മാവോയിസ്റ്റ് ആശയങ്ങളോട് അനുഭാവം പുലര്‍ത്തുന്നവരല്ല, മറിച്ച കശ്മീര്‍ അടക്കമുള്ള വിഷയങ്ങളില്‍ ദേശവിരുദ്ധ സമീപനം സ്വീകരിച്ചവരാണെന്നതിന്റെ തെളിവുകള്‍ പോലീസ് ആഭ്യന്തര വകുപ്പിന് കൈമാറിയതോടെയാണ് സംഭവങ്ങള്‍ മാറിമറിഞ്ഞത്.
യുഎപിഎ പിന്‍വലിച്ചാല്‍ ഉടന്‍ കേസ് എന്‍ഐഎക്ക് ഏറ്റെടുക്കാനാകുമെന്നും പോലീസ് ഉന്നത ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. ഇതോടെ പിണറായി വിജയന്‍ ഉള്‍പ്പെടെ കുരുക്കിലായി. സിപിഎം സെക്രട്ടേറിയറ്റ് യോഗത്തില്‍ യുഎപിഎക്കെതിരേ വികാരം ഉണര്‍ന്നപ്പോള്‍ തന്നെ സര്‍ക്കാരിന്റെ നിസ്സഹായാവസ്ഥ പിണറായി വ്യക്തമാക്കുകയായിരുന്നു. എന്‍ഐഎ കേസന്വേഷിച്ച് കൂടുതല്‍ തെളിവുകള്‍ കണ്ടെത്തിയാല്‍ സിപിഎം സര്‍ക്കാരും ദേശവിരുദ്ധരാണെന്ന വികാരം പൊതുസമൂഹത്തില്‍ ഉണ്ടാവുമെന്നും പിണറായി അറിയിച്ചതായാണ് വിവരം. പിടിയിലായവര്‍ക്കെതിരേ ശക്തമായ തെളിവുകളാണ് ഉള്ളതെന്നും യുഎപിഎ പിന്‍വലിച്ചാല്‍ പോലീസ് അതു മാധ്യമങ്ങളിലൂടെ പുറത്തുവിടുമെന്നും പിന്നീട് അത് വന്‍ തിരിച്ചടി ആകുമെന്നും പിണറായി വിശദീകരിച്ചതായാണ് വിവരം. ഏതായാലും ഇരട്ടച്ചങ്കനായാലും സ്റ്റാലിനിസ്റ്റായാലും മാവോയിസ്റ്റ് വിരുദ്ധ നിലപാടില്‍ ഉറച്ചുനില്‍ക്കുന്നുവെങ്കില്‍ പിണറായിക്കായി കരുതിവയ്ക്കാം ഒരു ബിഗ് സല്യൂട്ട് എന്ന് പറഞ്ഞാണ് ലേഖനം അവസാനിക്കുന്നത്.
Post Your Comments