കേരളത്തിലെ സ്‌കൂളുകളിൽ ലൈംഗിക വിദ്യാഭ്യാസം നടപ്പിലാക്കുമെന്ന് കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പറഞ്ഞതായി വായിച്ചു, വളരെ സന്തോഷം. ഏറെ വൈകിപ്പോയ വിഷയമായതിനാൽ അതിൻറെ കുഴപ്പം സമൂഹത്തിൽ എല്ലായിടത്തും കാണാനുണ്ട്. കുട്ടികൾക്ക് നേരെയുള്ള പീഡനം മുതൽ പ്രേമിച്ചവരെ പെട്രോൾ ഒഴിച്ച് കത്തിക്കുന്നത് വരെ നമ്മെ നടുക്കുന്ന വാർത്തകൾക്ക് പിന്നിൽ വേണ്ട സമയത്ത് വേണ്ട കാര്യങ്ങൾ പഠിപ്പിച്ചു കൊടുക്കാത്തതിന്റെ കുറവു തന്നെയാണ് കാണുന്നത്.
എട്ടാം ക്ലാസിലെ ബയോളജി ക്ലാസിൽ അധ്യാപകർ ശ്വാസം വിടാതെ വായിച്ചു പോയ പ്രത്യുല്പാദനത്തെപ്പറ്റിയുള്ള പാഠഭാഗമാണ് എൻറെ തലമുറയിലെ മലയാളിക്ക് കിട്ടിയ ലൈംഗികവിദ്യാഭ്യാസം. ഇപ്പോൾ ഇരുപത്തിയൊന്നാം നൂറ്റാണ്ട് ആയിട്ടും ഇതിൽ എന്തെങ്കിലും മാറ്റമുണ്ടോ എന്ന് ഞാൻ ഈ ലേഖനത്തിന് വേണ്ടി അന്വേഷിച്ചു. ഇല്ല, സിലബസിൽ മാറ്റങ്ങൾ ഒന്നുമില്ല. മിക്കവാറും സ്‌കൂളുകൾ പുറത്തുനിന്ന് ഒരു ഡോക്ടറെയോ മനഃശാസ്ത്രജ്ഞനെയോ കൊണ്ടുവന്ന് ഒരു ക്ലാസ് നടത്തും. ലൈംഗിക കാര്യങ്ങൾ കുട്ടികളുടെ മുന്നിൽ പറയേണ്ടിവരുന്ന വിഷമം അധ്യാപകർക്ക് അങ്ങനെ ഒഴിവാക്കാം. ഞങ്ങളുടെ സ്‌കൂളിൽ ലൈംഗിക വിദ്യാഭ്യാസം കൊടുത്തു എന്ന് എല്ലാവരോടും മേനി പറയുകയും ചെയ്യാം. ഡോക്ടറും ബയോളജി ടീച്ചറും പഠിപ്പിക്കുന്നതെല്ലാം പ്രത്യുല്പാദനം തന്നെ.
കുട്ടികളുണ്ടാകുന്നത് എങ്ങനെ എന്ന് മാത്രമല്ല, കുട്ടികൾ ഉണ്ടാകാതെ നോക്കുന്നത് എങ്ങനെ എന്നതും ലൈംഗിക വിദ്യാഭ്യാസത്തിന്റെ ഭാഗമാണെന്ന് കഴിഞ്ഞ നൂറ്റാണ്ടിൽത്തന്നെ വികസിത രാജ്യങ്ങൾ മനസ്സിലാക്കി. ലോകം ഇക്കാര്യത്തിൽ വളരെ മുന്നേറി. കാലാനുസൃതമായ ലൈംഗിക വിദ്യാഭ്യാസം എന്താണെന്ന് നിരവധി ഗവേഷണങ്ങൾ നടത്തി, ലോകത്തിലെ ഏറ്റവും നല്ലതെന്ന് കണക്കാക്കപ്പെടുന്ന ഒരു സിലബസ് അടുത്ത വർഷം മുതൽ ഇംഗ്ലണ്ടിൽ നടപ്പിലാക്കാൻ പോവുകയാണ്. നമ്മുടെ സർക്കാർ ഇക്കാര്യം ഗൗരവമായെടുക്കുമെങ്കിൽ നമുക്ക് ഇരുപതാം നൂറ്റാണ്ടിൽ നിന്നും ഇരുപത്തിയൊന്നാം നൂറ്റാണ്ടിലേക്ക് ലൈംഗിക വിദ്യാഭ്യാസത്തെ എത്തിക്കാനുള്ള ഒന്നാന്തരം അവസരമാണിത്.
ലൈംഗിക വിദ്യാഭ്യാസത്തിന്റെ കാര്യത്തിൽ വന്നിരിക്കുന്ന ആദ്യ മാറ്റം ലൈംഗിക വിദ്യാഭ്യാസം എന്ന പേര് തന്നെ മാറ്റിയിരിക്കുന്നു എന്നതാണ്. Relationship and Sex Education എന്നതാണ് പുതിയ ലോകത്തെ പാഠ്യപദ്ധതിയുടെ പേര്. ലൈംഗികത ഒറ്റക്ക് വേറിട്ട് നിൽക്കുന്ന ഒരു വിഷയമല്ല, മനുഷ്യബന്ധങ്ങളുമായി ബന്ധപ്പെട്ട് കിടക്കുന്ന ഒന്നാണ് എന്ന അറിവിൽ നിന്നാണ് ഈ അടിസ്ഥാനമാറ്റം ഉണ്ടായിരിക്കുന്നത്.
പുതിയ കാലത്തും പുതിയ ലോകത്തും ലൈംഗിക വിദ്യാഭാസം എന്ന പേരിൽ സ്‌കൂളുകളിൽ എന്താണ് പഠിപ്പിക്കുന്നതെന്ന് പറയുന്നതിന് മുൻപ് ഈ വിഷയത്തിൽ ഉണ്ടായിരിക്കുന്ന പുതിയ ചിന്താഗതികൾ എന്താണെന്ന് നോക്കാം.
ഒറ്റ പീരിയഡിൽ തീർക്കേണ്ട ഒന്നല്ല ലൈംഗിക വിദ്യാഭ്യസം: കുട്ടികൾ നിർദേശങ്ങൾ അനുസരിക്കാൻ പഠിക്കുന്ന കാലം മുതൽ തുടങ്ങേണ്ടതാണ് ലൈംഗിക വിദ്യാഭ്യസം. ഓരോ പ്രായത്തിലും ലൈംഗികതയുമായി ബന്ധപ്പെട്ട ഓരോ കാര്യങ്ങളാണ് കുട്ടികളെ പറഞ്ഞു മനസിലാക്കേണ്ടത്. ഏതെങ്കിലും ഒരു പ്രത്യേക പ്രായത്തിൽ പ്രത്യേക ദിവസം ഒറ്റയടിക്ക് പറഞ്ഞു മനസിലാക്കേണ്ടതോ മനസിലാക്കാവുന്നതോ അല്ല ലൈംഗികതയുടെ പാഠങ്ങൾ.
ഒരു വിഷയത്തിൽ മാത്രം ഒതുങ്ങേണ്ടതല്ല ലൈംഗിക വിദ്യാഭ്യാസം: എട്ടാം ക്ലാസിലെ ബയോളജി ആയിരുന്നു പണ്ടത്തെ ലൈംഗിക വിദ്യാഭ്യാസം എന്ന് പറഞ്ഞല്ലോ. ബയോളജി തീർച്ചയായും പഠിപ്പിക്കണം. ഒപ്പം സൈബർ ലോകത്തെ ലൈംഗിക സാധ്യതകളും ചതിക്കുഴികളും കന്പ്യൂട്ടർ ക്ലാസ്സിലും, ലൈംഗികതയുമായി ബന്ധപ്പെട്ട സാമൂഹ്യ വിഷയങ്ങൾ സോഷ്യൽ സ്റ്റഡീസിലും പഠിപ്പിക്കണം.
സ്‌കൂളിൽ നിന്ന് മാത്രമല്ല ലൈംഗിക വിദ്യാഭ്യസം ലഭിക്കേണ്ടത്: ചെറുപ്രായത്തിലേ പറഞ്ഞു തുടങ്ങേണ്ടതിനാലും അനവധി വിഷയങ്ങൾ കൈകാര്യം ചെയ്യേണ്ടതിനാലും ലൈംഗിക വിദ്യാഭ്യാസം എന്നത് സ്‌കൂളിൽ മാത്രം സംഭവിക്കേണ്ട ഒന്നല്ല. സ്‌കൂളിലും വീട്ടിലും സാധിക്കുമെങ്കിൽ സുരക്ഷിതമായ മറ്റു സാമൂഹ്യ സ്ഥാപനങ്ങളിലും ലൈംഗിക വിദ്യാഭ്യാസം ഒരു തുടർച്ചയായി നടക്കണം. എന്താണ് സ്‌കൂളുകളിൽ പഠിപ്പിക്കുന്നതെന്ന് മാതാപിതാക്കളും എന്താണ് മാതാപിതാക്കൾ പ്രതീക്ഷിക്കുന്നതെന്ന് അധ്യാപകരും അറിയണം.
പാഠപുസ്തകം മാത്രം പോരാ: പണ്ട് പാഠപുസ്തകങ്ങളിൽ നിന്ന് മാത്രമാണ് ലൈംഗിക വിദ്യാഭ്യാസം ലഭിച്ചിരുന്നത്. അല്പമെങ്കിലും പുരോഗമന ചിന്താഗതിയുള്ള മാതാപിതാക്കളാകട്ടെ, ലൈംഗിക വിദ്യാഭ്യാസത്തിന് സഹായിക്കുന്ന പുസ്തകങ്ങൾ കുട്ടികൾക്ക് വാങ്ങി നൽകും. എന്നാൽ പുസ്തകം വായിക്കാൻ പഠിക്കുന്നതിനും മുൻപേ തുടങ്ങേണ്ടതായതിനാൽ അച്ഛന്റെയും അമ്മയുടെയും സംസാരത്തിൽ തുടങ്ങി പിന്നീട് ചിത്രങ്ങളും ചാർട്ടുകളും വീഡിയോകളും പുസ്തകങ്ങളും കൊണ്ട് സന്പുഷ്ടമാക്കണം ഈഅറിവ്. ഇന്റർനെറ്റിന്റെ കാലത്ത് ലൈംഗിക വിദ്യാഭ്യാസത്തിനായി ധാരാളം വസ്തുവകകൾ ലഭ്യമാണ്. അതെല്ലാം പ്രയോജനപ്പെടുത്തണം. കുട്ടികളെ സമൂഹജീവിയായി വളർത്തി അവരുടെ ജീവിതം സുരക്ഷിതവും സന്തോഷകരവുമാക്കുക എന്നതാണല്ലോ കുട്ടികളെ വളർത്തലിന്റെ അടിസ്ഥാനലക്ഷ്യം. ഈ ലക്ഷ്യപ്രാപ്തിക്ക് അത്യന്താപേക്ഷിതമാണ് കുട്ടികൾക്ക് ലൈംഗിക അറിവ് നൽകുക എന്നത്. അതിനാൽ മറ്റു വിഷയങ്ങൾ കുട്ടികളെ പഠിപ്പിക്കുന്നത് പോലെതന്നെ പ്രധാനമാണ് ഈ വിഷയവും. അതേ രീതി തന്നെയാണ് ഇതിനും ഉപയോഗിക്കേണ്ടത്.
എവിടെ നിന്നാണ് ലൈംഗിക വിദ്യാഭ്യസം തുടങ്ങേണ്ടത്?: ലൈംഗിക വിദ്യാഭ്യാസം തുടങ്ങേണ്ടത് വീട്ടിൽ നിന്നു തന്നെയാണ്. ചെറു പ്രായത്തിൽ തന്നെ കുട്ടികൾ ചൂഷണം ചെയ്യപ്പെടാൻ സാധ്യതയുള്ളതിനാൽ അത് മനസ്സിലാക്കാനും പ്രതിരോധിക്കാനും അവരെ തയ്യാറാക്കേണ്ടതുണ്ട്. കുട്ടികളോട് പറഞ്ഞു തുടങ്ങേണ്ടത് ഈ കാര്യങ്ങളാണ്,
ലൈംഗിക അവയവങ്ങളുടെ പേര്
ലൈംഗിക അവയവങ്ങൾ വൃത്തിയായി സൂക്ഷിക്കൽ
ഏതാണ് നല്ല സ്പർശം, ഏതാണ് ചീത്ത സ്പർശം. ചീത്ത സ്പർശമുണ്ടായാൽ ആരോടാണ് പറയേണ്ടത്.
കേരളത്തിലുള്ളവർക്ക് വലിയ അതിശയമായി തോന്നുന്ന മറ്റൊരു കാര്യവും കുട്ടികളുടെ ലൈംഗിക വിദ്യാഭ്യസത്തിന്റെ ഭാഗമാണ്. കുട്ടികൾ ഉൾപ്പെടെ ഓരോരുത്തരുടെയും ശരീരം അവരുടേത് മാത്രമാണെന്നും സമ്മതമില്ലാതെ ശരീരം സ്പർശിക്കാനുള്ള അവകാശം ആർക്കുമില്ലെന്നുമുള്ള അവകാശം പഠിപ്പിക്കുക. കെട്ടിപ്പിടിക്കാൻ വരുന്ന മുത്തച്ഛനോടോ, ഉമ്മവെക്കാൻ വരുന്ന മാതാപിതാക്കളോടോ, എന്തിന് കൊഞ്ചിക്കാൻ വരുന്ന മാതാപിതാക്കളോട് പോലും നോ പറയാനുള്ള അവകാശം കുട്ടികൾക്കുണ്ട്. കർശനമായ അവകാശ ബോധം കുട്ടികളിൽ ചെറുപ്രായത്തിൽ തന്നെ ഉണ്ടാക്കിയെടുത്താൽ, അവരുടെ ശരീരത്തിലേക്കുള്ള കടന്നുകയറ്റത്തെ കൃത്യമായും കർശനമായും പ്രതിരോധിക്കാൻ അവർക്ക് എക്കാലവും സാധിക്കും.
ബന്ധങ്ങൾ: സ്‌കൂളുകളിൽ ആദ്യമായി പഠിപ്പിക്കുന്നത് ബന്ധങ്ങളാണ്. കുടുംബം, സുഹൃത്തുക്കൾ, മറ്റു ബന്ധങ്ങൾ എല്ലാം കുട്ടികളെ പറഞ്ഞു മനസ്സിലാക്കും. കുടുംബം എന്നാൽ അച്ഛനും അമ്മയും സഹോദരങ്ങളും മുത്തച്ഛനും അമ്മൂമ്മയും ഉൾപ്പെട്ടതാണെന്ന് മാത്രമല്ല കുട്ടികളെ പഠിപ്പിക്കുന്നത്. അമ്മ മാത്രമോ അച്ഛൻ മാത്രമോ ഉള്ള കുടുംബങ്ങളുണ്ടെന്നും, രണ്ട് അച്ഛന്മാരോ രണ്ട് അമ്മമാരോ മാത്രമുള്ള കുടുംബങ്ങൾ അസ്വാഭാവികമല്ലെന്നും കുട്ടികളെ പഠിപ്പിക്കണം. സമൂഹത്തിലുള്ള എല്ലാത്തരം ആളുകളെയും അംഗീകരിക്കാനുള്ള മാനസിക നിലക്ക് അടിസ്ഥാനമിടുകയാണ് ഈ വിദ്യാഭ്യാസം ചെയ്യുന്നത്.
എന്തുകൊണ്ടാണ് കുട്ടികൾക്ക് കുടുംബങ്ങൾ ഉണ്ടാകേണ്ടത്?: കുട്ടികൾക്ക് സ്നേഹം, സുരക്ഷ, സ്ഥിരത എല്ലാം കുടുംബം നൽകുന്നു എന്നാണ് കുട്ടികളെ പഠിപ്പിക്കുന്നത്. അംഗങ്ങൾ തമ്മിൽ പ്രതിബദ്ധതയുള്ള, ഒരുമിച്ച് സമയം ചെലവിടുന്ന, ബുദ്ധിമുട്ടുള്ള സമയത്ത് ഒരുമിച്ച് നിൽക്കുന്ന, പരസ്പരം സഹായിക്കുന്ന, ബഹുമാനിക്കുന്ന മനസാണ് കുടുംബ ബന്ധത്തിന്റെ അടിസ്ഥാനം എന്നതാണ് പാഠം. ഭാവിയിൽ നല്ല കുടുംബബന്ധത്തിന് അടിത്തറയിടുക മാത്രമല്ല ഈ പാഠങ്ങൾ ചെയ്യുന്നത്. സ്വന്തം കുടുംബത്തിൽ കുട്ടികൾ പീഡനം അനുഭവിക്കുന്നുണ്ടെങ്കിൽ അത് തെറ്റാണെന്ന് മനസ്സിലാക്കാനും കൂട്ടുകാരോടും അധ്യാപകരോടും പങ്കുവെക്കാനുമുള്ള അവസരം ഉണ്ടാക്കുകയും കൂടിയാണ്.
സൗഹൃദമാണ് അടുത്ത വിഷയം. എന്താണ് സൗഹൃദത്തിന്റെ അടിസ്ഥാനം?: തുല്യത, പരസ്പര ബഹുമാനം, സ്വകാര്യതകളെ മാനിക്കുക, എന്തെങ്കിലും ചെയ്യുന്നതിന് മുൻപ് സമ്മതം ചോദിക്കുക, ഇതൊക്കെയാണ് ആരോഗ്യകരമായ സൗഹൃദത്തിന്റെ അടിസ്ഥാനമെന്ന് കുട്ടികളെ പറഞ്ഞു മനസിലാക്കുന്നു. പിൽക്കാലത്ത് പങ്കാളികളെ കണ്ടെത്തുന്പോൾ തുല്യതയും ബഹുമാനവും നൽകണമെന്നും ലൈംഗിക ബന്ധങ്ങളുടെ കാര്യത്തിൽ സമ്മതം അടിസ്ഥാനമാണെന്നുമുള്ള പാഠങ്ങളുടെ അടിത്തറ ഇട്ടുവെക്കലും കൂടിയാണിത്.
മൂന്നു വയസ് മുതലേ കുട്ടികൾ സ്മാർട്ട് ഫോണുകളും ടാബ്‌ലറ്റുകളുമായി ഇന്റർനെറ്റിൽ എത്തുന്നു. ഇന്റർനെറ്റിലൂടെ കുട്ടികളെ വളച്ചെടുക്കുന്ന പീഡകരുടെ എണ്ണവും കൂടിയ സാഹചര്യത്തിൽ ഓൺലൈൻ ബന്ധങ്ങളെയും അതിൻറെ സാധ്യതകളെയും ചതിക്കുഴികളെയും പറ്റി കുട്ടികളെ പറഞ്ഞു മനസ്സിലാക്കണം. എങ്ങനെയാണ് സൈബർ ഇടങ്ങൾ സുരക്ഷിതമായി ഉപയോഗിക്കുന്നത്, ഏതെങ്കിലും തരത്തിൽ പീഡന ശ്രമമുണ്ടായാൽ ആരെയാണ് അറിയിക്കേണ്ടത് എന്നെല്ലാം ഈ പ്രായത്തിൽ കുട്ടികളെ പറഞ്ഞു മനസിലാക്കാം.
കുടുംബത്തിൽ തൊട്ട് സൈബർ ഇടങ്ങളിൽ വരെയുള്ള ബന്ധങ്ങളുടെ രീതിയും പ്രാധാന്യവും മനസ്സിലാക്കിയതിന് ശേഷമാണ് ലൈംഗിക വിദ്യാഭ്യാസത്തിലേക്ക് വരുന്നത്. ചില കുട്ടികൾ ചെറുപ്പകാലത്ത് തന്നെ സ്വന്തം ലൈംഗികാവയവങ്ങളിൽ സ്പർശിച്ചുകൊണ്ടേയിരിക്കും. എത്ര ചെറിയ കുട്ടിയാണെങ്കിലും അതവർക്ക് ആനന്ദം നൽകും. ഇത് ഒറ്റയടിക്ക് എതിർക്കുകയോ ശിക്ഷിക്കുകയോ അരുത്. ലൈംഗിക അവയവങ്ങളിൽ സ്പർശിക്കുന്നത് മറ്റൊരാൾ കാൺകെ ആകരുതെന്ന് മാത്രം പറഞ്ഞുകൊടുക്കുക.
കൗമാരത്തോട് അടുക്കുന്പോൾ: നമ്മുടെ കുട്ടികൾ ഇപ്പോൾ വളരെ ചെറിയ പ്രായത്തിൽ തന്നെ ഇന്റർനെറ്റും സിനിമയും കാണുന്നുണ്ട്. ലൈംഗികതയുള്ള രംഗങ്ങൾ അവർ അവിടെ കണ്ടെന്നിരിക്കും. വീട്ടിൽ മാതാപിതാക്കൾ തമ്മിൽ ചേർന്നിടപഴകുന്നതും അവർ കണ്ടേക്കാം. ഇത്തരം സാഹചര്യങ്ങൾ ഒഴിവാക്കണമെങ്കിലും അങ്ങനെ കുട്ടികൾ കാണുന്ന സാഹചര്യമുണ്ടായാൽ അതൊരു വലിയ പ്രശ്നമായെടുക്കേണ്ടതില്ല. സ്നേഹമുള്ളവർ തമ്മിൽ കെട്ടിപ്പിടിക്കുന്നതും ഉമ്മവെക്കുന്നതും സ്വാഭാവികവും ആരോഗ്യകരവുമാണെന്ന സന്ദേശമാണ് അവർക്ക് കൊടുക്കേണ്ടത്.
പെൺകുട്ടികളിൽ ആദ്യ ആർത്തവത്തിന്റെ പ്രായം കുറഞ്ഞുവരികയാണ്. ആൺകുട്ടികളും ചെറുപ്രായത്തിൽ തന്നെ പ്രായപൂർത്തിയിലെത്തുന്നു. പത്തുവയസിനു മുൻപേ ആർത്തവം എന്തെന്ന് പെൺകുട്ടികളെയും സ്വപ്നസ്ഖലനം എന്തെന്ന് ആൺകുട്ടികളെയും പറഞ്ഞു മനസിലാക്കണം. ഇവ സ്വാഭാവികമാണെന്നും ഭയപ്പെടാനില്ല എന്നുമായിരിക്കണം പ്രധാന സന്ദേശം. ഇത്തരം സാഹചര്യത്തിൽ ശരീരം എങ്ങനെ വൃത്തിയായി സൂക്ഷിക്കണമെന്നതും ലൈംഗികവിദ്യാഭ്യാസത്തിന്റെ ഭാഗമാക്കണം.
കൗമാരത്തിലെ ലൈംഗിക വിദ്യാഭ്യാസം: കുട്ടികൾക്ക് ലൈംഗിക വളർച്ചയുണ്ടാകുകയും ലൈംഗിക ആകർഷണമുണ്ടാകുകയും ലൈംഗികത ആസ്വദിക്കുകയും ചെയ്യുന്ന കാലമാണ് കൗമാരം. ഇക്കാലത്ത് കുട്ടികൾക്ക് നൽകേണ്ട അറിവുകൾ താഴെ പറയുന്നവയാണ്.
ലൈംഗികത ആസ്വദിക്കേണ്ട ഒന്നാണ്. വ്യക്തിപരമായ ആരോഗ്യവും പങ്കാളിയുടെ സമ്മതവുമാണ് സന്തോഷകരമായ ലൈംഗികതയുടെ അടിസ്ഥാനം.
മറ്റുള്ളവരോട് ലൈംഗിക ആകർഷണം തോന്നുന്നത് തികച്ചും സ്വഭാവികമാണ്.
ഓരോരുത്തരുടേയും ശരീരം ഓരോ തരത്തിലാണ്. ലൈംഗിക ആകർഷണം എന്നത് കൃത്യമായ അഴകളവുകളെ അടിസ്ഥാനപ്പെടുത്തിയുള്ള ഒന്നല്ല. നിങ്ങളുടെ നിറമോ, ശരീര വടിവോ, ലൈംഗിക അവയങ്ങളുടെ പുഷ്ടിയോ വലിപ്പമോ രൂപമോ ഒന്നും തന്നെ നിങ്ങളെ മോശക്കാരാക്കുന്നില്ല.
പ്രായപൂർത്തിയായവർ ലൈംഗികബന്ധങ്ങളിൽ ഏർപ്പെടുന്നത് ഗർഭത്തിലേക്ക് നയിക്കും. ചെറുപ്രായത്തിൽ ഗർഭിണിയാകുന്നത് കുട്ടിക്കും അമ്മയ്ക്കും മാനസിക – ശാരീരിക പ്രശ്നങ്ങളുണ്ടാക്കും.
ഗർഭനിരോധനത്തിന് പല മാർഗങ്ങളുണ്ടെങ്കിലും അവയൊന്നും പൂർണ സുരക്ഷിതമല്ല.
സുരക്ഷിതമല്ലാത്ത ലൈംഗികബന്ധങ്ങൾ ലൈംഗികരോഗങ്ങൾക്ക് കാരണമാകാം. അതൊഴിവാക്കാനെടുക്കുന്ന മുൻകരുതലുകൾ പാളി രോഗം പിടിപെട്ടാൽ മറ്റ് ഏതൊരു രോഗത്തിനും ചികിത്സ തേടുന്നത് പോലെ ഇതിനും ആവശ്യമാണ്.
ലൈംഗികരോഗമായ HIV / AIDS ന് ഇതുവരെ വാക്സിനുകൾ കണ്ടുപിടിച്ചിട്ടില്ല. അതിനാൽ രോഗം വരാതിരിക്കാൻ പ്രത്യേക ശ്രദ്ധ വേണം. ലൈംഗികബന്ധ സമയത്ത് ഗർഭനിരോധന ഉറ ഉപയോഗിക്കുന്നത് HIV തടയാനും സഹായിക്കും. നൂറു ശതമാനം സുരക്ഷിതത്വം അതിനുമില്ല.
പുരുഷന് സ്ത്രീയോടും സ്ത്രീക്ക് പുരുഷനോടും മാത്രമല്ല, സ്വവർഗ്ഗത്തിൽ പെട്ടവരോടും ലൈംഗിക താല്പര്യം തോന്നുന്നത് സ്വാഭാവികമാണ്.
പങ്കാളിയുടെ സമ്മതമില്ലാതെ അവരുടെ ശരീരത്തിൽ സ്പർശിക്കുന്നത് പോലും തെറ്റാണ്, നിയമവിരുദ്ധവും. സമ്മതം എന്നത് ഓരോ തവണയും ചോദിച്ച് വാങ്ങേണ്ട ഒന്നാണ്. ഇന്നലത്തെ സമ്മതം ഇന്നത്തെ സമ്മതമല്ല. ലോകത്ത് ഓരോ രാജ്യത്തും ലൈംഗിക ബന്ധത്തിന് സമ്മതം നൽകാനുള്ള പ്രായപൂർത്തി വ്യത്യസ്തമാണ്. മദ്യപിച്ചിരിക്കുന്പോഴോ മയക്കുമരുന്നുകൾ കഴിച്ചിരിക്കുന്പോഴോ നൽകുന്ന സമ്മതം നിയമത്തിന് മുൻപിൽ നിലനിൽക്കുന്നതല്ല.
വളരുന്ന പ്രായത്തിൽ ലൈംഗികത പരീക്ഷിക്കുന്നതിലും ആസ്വദിക്കുന്നതിലും ഒരു തെറ്റുമില്ല. സ്വയംഭോഗം എന്നത് തികച്ചും സ്വാഭാവികവും ഏറെ ലൈംഗിക സംതൃപ്തി നൽകുന്നതും എല്ലാവരും തന്നെ ചെയ്യുന്നതുമായ കാര്യമാണ്. അതിൽ കുറ്റബോധം തോന്നേണ്ടതായി ഒന്നുമില്ല. സ്വകാര്യമായി ചെയ്യുക, ശരീരഭാഗങ്ങൾ വൃത്തിയായി സൂക്ഷിക്കുക ഇതൊക്കെയാണ് പ്രധാനം.
ആരോഗ്യകരമായ ജീവിതത്തിന്റെ അടിസ്ഥാനമാണ് നല്ലൊരു ലൈംഗിക ജീവിതം. അതുകൊണ്ടു തന്നെ ലൈംഗിക ജീവിതം പുഷ്ടിപ്പെടുത്താനുള്ള കാര്യങ്ങൾ വായിച്ചറിയുന്നതിലും മറ്റുള്ളവരോട് ചോദിച്ചു മനസ്സിലാക്കുന്നതിലും ഒരു തെറ്റുമില്ല. മറ്റേത് വിഷയവും പോലെ ചർച്ച ചെയ്യേണ്ടതും അറിവുകൾ സന്പാദിക്കേണ്ടതുമായ ഒരു വിഷയമാണിത്.
ഇത്രയും അടിസ്ഥാന കാര്യങ്ങൾ നമ്മൾ കുട്ടികളെ പതിനെട്ട് വയസിനു മുൻപേ പഠിപ്പിച്ചിട്ടുണ്ടെങ്കിൽ അവർക്ക് ആരോഗ്യപരമായ ലൈംഗികജീവിതത്തിന് അടിത്തറയിട്ടു എന്ന് പറയാം. മുൻപ് പറഞ്ഞത് പോലെ ഇത്തരം കാര്യങ്ങൾ ഒരു ദിവസം സ്‌പെഷ്യൽ ക്ലാസ്സ് നടത്തി പറയാതെ, സ്‌കൂളിലും വീട്ടിലും അവസരങ്ങൾ ഉള്ളപ്പോഴും ഉണ്ടാക്കിയും പഠിപ്പിക്കണം, ചർച്ച ചെയ്യണം. ലൈംഗികത ഒരു പോസിറ്റിവ് സംഭവമാണെന്ന മനോഭാവം അടുത്ത തലമുറയിൽ ഉണ്ടാക്കിയെടുക്കുക എന്നതാണ് പ്രധാനം.
ലൈംഗിക വിദ്യാഭ്യാസത്തിനെതിരെ യാഥാസ്ഥിതികരുടെ എതിർപ്പ് എല്ലാക്കാലത്തും കേരളത്തിലുണ്ടായിരുന്നു. മുഖ്യമന്ത്രി പറഞ്ഞതുപോലെ പുതിയൊരു പാഠ്യപദ്ധതിയുണ്ടാക്കിയാൽ അതിനെതിരെയും എതിർപ്പുകൾ ഉണ്ടാകുമെന്നുറപ്പാണ്. സ്‌കൂളുകളിൽ ബന്ധങ്ങളും ലൈംഗികതയും പഠിപ്പിക്കുന്നതിനെതിരെയുള്ള എതിർപ്പുകൾ നമുക്ക് അതിശയമായി തോന്നിയേക്കാം. യാഥാസ്ഥിതികർക്ക് അങ്ങനെ കാലദേശം ഒന്നുമില്ല. അവരൊക്കെ ഇക്കാര്യത്തിൽ ഒറ്റക്കെട്ടാണ് ദാസാ…
ഇത്തരം പിന്തിരിപ്പന്മാരെ അവിടുത്തെ സർക്കാർ എങ്ങനെ നേരിടുന്നു എന്നതും നാം ശ്രദ്ധിക്കേണ്ടതാണ്. ആദ്യം ചെയ്യന്നത് എന്താണ് പഠിപ്പിക്കുന്നത് എന്ന കൃത്യമായ വിവരങ്ങളും അതെങ്ങനെ പഠിപ്പിക്കണമെന്ന അധ്യാപകർക്കുള്ള നിർദ്ദേശങ്ങളും പൊതുസഞ്ചയത്തിൽ വെളിപ്പെടുത്തുക എന്നതാണ്. ശേഷം ഇക്കാര്യത്തിൽ എതിർപ്പുള്ളവരോട് സംസാരിക്കുക, അവരുടെ വാദമുഖങ്ങൾ കേൾക്കുക, അവരെ പറഞ്ഞു മനസ്സിലാക്കാൻ ശ്രമിക്കുക. മതമൗലികവാദം കൊണ്ടോ സംസ്കാരത്തെയോ പാരന്പര്യത്തെയോ കുറിച്ചുള്ള തെറ്റിദ്ധാരണകൾ കൊണ്ടോ ഇതിനോട് എതിർപ്പുള്ളവർ കുറച്ചു പേരെങ്കിലുമുണ്ടാകും. അവർക്ക് വേണ്ടി മൊത്തം പാഠ്യപദ്ധതി മാറ്റുകയല്ല ബ്രിട്ടീഷ് സർക്കാർ ചെയ്തത്. അവർക്ക് വേണമെങ്കിൽ അവരുടെ കുട്ടികളെ ഈ വിഷയങ്ങൾ പഠിപ്പിക്കുന്ന ക്ലാസ്സുകളിൽ ഇരുത്തരുതെന്ന് എഴുതിക്കൊടുക്കാം. സ്‌കൂളുകൾ അതിനുള്ള സൗകര്യമൊരുക്കും. പിൽക്കാലത്ത് അവരൊക്കെ പിതൃസ്മരണ ചെയ്തോളും എന്നതിൽ തർക്കമില്ല.
ബന്ധങ്ങളെയും സെക്സിനെയും ഉൾപ്പെടുത്തി 2020 മുതൽ ബ്രിട്ടനിൽ നടപ്പിലാക്കാൻ പോകുന്ന പാഠ്യപദ്ധതി ഇവിടെയുണ്ട്. താല്പര്യമുള്ളവർക്ക് വായിച്ചു നോക്കാം.
https://www.gov.uk/government/publications/relationships-education-relationships-and-sex-education-rse-and-health-education
മുരളി തുമ്മാരുകുടി – ഐക്യരാഷ്ട്ര പരിസ്ഥിതി പ്രോഗ്രാമിൽ ഉദ്യോഗസ്ഥനും കേരളസാഹിത്യ അക്കാദമി അവാർഡ് ജേതാവുമാണ്.
നീരജ ജാനകി – മനഃശാസ്ത്ര വിദഗ്ദ്ധയും കരിയർ മെന്ററും ആണ്.
അഭിപ്രായങ്ങൾ വ്യക്തിപരമാണ്
Post Your Comments