News

ഗ്രന്ഥശാലകൾ നവകേരളനിർമാണത്തിനായുള്ള പ്രധാനകേന്ദ്രങ്ങളായി മാറണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ

തിരുവനന്തപുരം: നവകേരള നിർമാണവുമായി ബന്ധപ്പെട്ട് ഓരോ പ്രദേശത്തെയും പ്രധാനകേന്ദ്രങ്ങളായി ഗ്രന്ഥശാലാ പ്രസ്ഥാനം മാറണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഗ്രന്ഥശാലാ പ്രസ്ഥാനത്തിന്റെ പ്ളാറ്റിനം ജൂബിലി ആഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി. നവോത്ഥാനമൂല്യങ്ങൾ പിന്തുടരുന്നതിൽ മുൻതലമുറയുടെ പ്രവർത്തനം അതേരീതിയിൽ മുന്നോട്ടുകൊണ്ടുപോകാനായോ എന്ന് സ്വയംവിമർശനപരമായി പരിശോധിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. പ്രതിലോമശക്തികൾ ഒരിക്കലും അടങ്ങിയിരുന്നിട്ടില്ല എന്നതിലാണ് നാം ജാഗ്രത കാണിക്കേണ്ടത്. മറ്റുള്ളയിടങ്ങളിലെ ജീർണത നമ്മെ ബാധിക്കില്ല എന്ന മിഥ്യാധാരണയിലാണ് പലരും. ഇത്തരം കാര്യങ്ങളിൽ ഇടപെടാൻ മാനസികമായ കരുത്തുള്ള പ്രസ്ഥാനമാണ് ഗ്രന്ഥശാലാ സംഘം. പഴയ ഇരുണ്ടകാലം തിരിച്ചുകൊണ്ടുവരാനുള്ള ശ്രമം കേരളത്തിൽ ഉണ്ടായപ്പോൾ ഗ്രന്ഥശാലകൾ ഒട്ടേറെ നവോത്ഥാനസദസ്സുകൾ സംഘടിപ്പിച്ചു. ആ സദസ്സുകൾ വലിയ പ്രതികരണമുണ്ടാക്കി. ഭരണഘടന പിച്ചിച്ചീന്താൻ ശ്രമം നടന്നപ്പോൾ ഭരണഘടനാസംരക്ഷണത്തിനായി പല ഗ്രന്ഥശാലകളും നല്ല രീതിയിൽ മുന്നിട്ടിറങ്ങി. പ്ളാറ്റിനം ജൂബിലി വർഷത്തിൽ പുതിയ പന്ഥാവിലേക്കു നീങ്ങാൻ ഗ്രന്ഥശാലാ സംഘത്തിനു കഴിയണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

Read also: പി എസ് സി പരീക്ഷാ ക്രമക്കേട്; സിബിഐ അന്വേഷണം ആവശ്യമില്ലെന്ന് മുഖ്യമന്ത്രി

ടാഗോർ തിയേറ്ററിൽ നടന്ന ചടങ്ങിൽ പൊതുവിദ്യാഭ്യാസമന്ത്രി പ്രൊഫ.സി.രവീന്ദ്രനാഥ് അധ്യക്ഷത വഹിച്ചു. പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ ഭാഗമായി ഒരുലക്ഷം സ്‌കൂൾ ലൈബ്രറികൾ സ്ഥാപിക്കാനുള്ള സംരംഭത്തിന് ഗ്രന്ഥശാലകളുടെ പങ്കാളിത്തം ഉണ്ടാവണമെന്ന് മന്ത്രി ആവശ്യപ്പെട്ടു. നവോത്ഥാനത്തിന്റെ കാലഘട്ടത്തിൽ വായനയ്ക്ക് രാഷ്ട്രീയമുണ്ട് എന്ന് പുതിയ തലമുറയെ പഠിപ്പിക്കേണ്ടതുണ്ടെന്നും മന്ത്രി പറഞ്ഞു. പ്ളാറ്റിനം ജൂബിലി ഗ്രാന്റ് വിതരണോദ്ഘാടനം അമ്പലപ്പുഴ പി.കെ.മെമ്മോറിയൽ ലൈബ്രറി സെക്രട്ടറി എൻ.എസ്.ഗോപാലകൃഷ്ണന് നൽകി മന്ത്രി നിർവഹിച്ചു. മുതിർന്ന ഗ്രന്ഥശാലാ പ്രവർത്തകർക്കുള്ള ഖാദി വസ്ത്രവിതരണത്തിന്റെ ഉദ്ഘാടനം സഹകരണം, ടൂറിസം, ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ നിർവഹിച്ചു. കേവലം വിനോദമോ നേരംകൊല്ലിയോ ആയി കാണേണ്ട ഒന്നല്ല വായനയെന്ന് തെളിയിച്ചത് ഗ്രന്ഥശാലാ പ്രസ്ഥാനമാണെന്ന് മന്ത്രി പറഞ്ഞു. വിദ്യാർഥികൾ സാമൂഹികമാധ്യമങ്ങളിൽ ചെലവിടുന്ന സമയം വായനയിലേക്ക് അവരെ തിരിച്ചുവിടാനാകണമെന്നും അദ്ദേഹം പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button