മലപ്പുറം: താനൂരിലെ അഞ്ചുടിയില്‍ മുസ്ലിം ലീഗ് പ്രവര്‍ത്തകനായ ഇസ്ഹാക്കിനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ രണ്ട് പ്രതികള്‍ കൂടി പിടിയിലായി. അഞ്ചുടി സ്വദേശികളായ അഫ്‌സല്‍ എപി, മുഹമ്മദ് ഷെരീദ് എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഇതോടെ കേസിലെ ഒമ്പത് പ്രതികളും പിടിയിലായെന്ന് പോലീസ് വ്യക്തമാക്കി.
കഴിഞ്ഞ ദിവസം സംഘത്തിലുള്‍പ്പെട്ട നാല് പേരെ അറസ്റ്റ് ചെയ്തിരുന്നു. കുറ്റിപ്പുറം റെയില്‍വേ സ്റ്റേഷനില്‍ നിന്നാണ് ഇവര്‍ പിടിയിലായത്. സിപിഎം പ്രാദേശിക നേതാവ് ഷംസുവിനെ ആകമിച്ചതിന് പ്രതികാരമായാണ് ഇസ്ഹാക്കിനെ ആക്രമിച്ചതെന്നാണ് നേരത്തെ പിടിയിലായവര്‍ വെളിപ്പെടുത്തിയിരുന്നു. ലീഗുകാരുടെ ആക്രമണത്തില്‍ ഗുരുതര പരിക്കേറ്റ് ചികിത്സയിലാണ് ഇയാള്‍. പ്രതികള്‍ കൊലപാതകത്തിനുപയോഗിച്ച മൂന്നു വാളുകളും കഴിഞ്ഞ ദിവസം കണ്ടെത്തിയിരുന്നു. പിടിയിലായ ഏനീന്റെ പുരക്കല്‍ മുഹമ്മദ് സഫീറുമായി നടത്തിയ തെളിവെടുപ്പിലാണ് വിറക് പുരയില്‍ ഒളിപ്പിച്ചിരുന്ന വാള്‍ കണ്ടെത്തിയത്. കനോലി കനാലിന് സമീപത്തെ പറമ്പിലെ വിറക് പുരയിലായിരുന്നു സ്റ്റീല്‍ കൊണ്ട് നിര്‍മ്മിച്ച ഈ വാള്‍ ഒളിപ്പിച്ചിരുന്നത്.
ALSO READ: ലീഗ് പ്രവര്‍ത്തകന്റെ കൊലപാതകം : പ്രതിപക്ഷ ആരോപണങ്ങൾക്ക് മറുപടിയുമായി ജയരാജന്‍
ഒക്ടോബര്‍ 24ന് രാത്രിയാണ് അഞ്ചുടി സ്വദേശിയും മുസ്ലീം ലീഗ് പ്രവര്‍ത്തകനുമായ ഇസ്ഹാഖിനെ നാലംഗ സംഘം വെട്ടിക്കൊന്നത്. വീട്ടില്‍ നിന്നും കവലയിലേക്ക് വരുന്നതിനിടെ രാത്രി ഏഴരയോടെയാണ് അഞ്ചുടിയില്‍ വച്ച് ഇസ്ഹാഖിന് നേരെ ആക്രമണമുണ്ടായത്. വെട്ടേറ്റ് ഗുരുതരാവസ്ഥയിലായ ഇസ്ഹാഖിനെ തിരൂര്‍ ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
Post Your Comments