Latest NewsKeralaNews

ഏറ്റവും വലിയ ശിവലിംഗവുമായി ദക്ഷിണ കൈലാസം എന്നറിയപ്പെടുന്ന ചെങ്കല്‍ മഹേശ്വരം ശിവപാര്‍വതീ ക്ഷേത്രം തീര്‍ഥാടകരുടെയും മറ്റ് സഞ്ചാരികളുടെയും പറുദീസയാകാന്‍ ഒരുങ്ങുന്നു

തിരുവനന്തപുരത്തിന് ആകര്‍ഷകമായി മറ്റൊരു തീര്‍ത്ഥാടക കേന്ദ്രം കൂടി ഒരുങ്ങുന്നു.
ദക്ഷിണ കൈലാസം എന്നറിയപ്പെടുന്ന ചെങ്കല്‍ മഹേശ്വരം ശിവപാര്‍വതീ ക്ഷേത്രമാണ് തീര്‍ഥാടകരുടെയും മറ്റ് സഞ്ചാരികളുടെയും പറുദീസയാകാന്‍ ഒരുങ്ങുന്നത്. 111 അടി ഉയരമുള്ള മഹാശിവലിംഗം ഈ മാസം തീര്‍ഥാടകര്‍ക്കായി അനാവരണം ചെയ്യുകയാണ്. എണ്ണൂറോളം തൊഴിലാളികള്‍, പത്തു വര്‍ഷത്തോളം നീണ്ട നിര്‍മാണ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടതിന്റെ ഫലമാണ് ഈ ശിവലിഗം. ചെലവായത് ഭക്തരുടെ കാണിക്കയും സഹകരണവും വഴി ലഭിച്ച കോടിക്കണക്കിനു രൂപ. ഭക്തിയുടെയും അദ്ഭുതത്തിന്റെയും കാഴ്ചകള്‍ ഉള്ളിലൊളിപ്പിച്ച്, ചെങ്കല്‍ മഹേശ്വരം ശിവപാര്‍വതീ ക്ഷേത്രത്തിലുയര്‍ന്ന111 അടി ഉയരമുള്ള ശിവലിംഗം പത്താം തീയതി തീര്‍ഥാടകര്‍ക്കായി തുറന്നുകൊടുക്കും. അന്നു 8.15ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ സാന്നിധ്യത്തില്‍ ക്ഷേത്രമഠാധിപതി സ്വാമി മഹേശ്വരാനന്ദ സരസ്വതിയാണ് സമര്‍പ്പണം നടത്തുക. ഏറ്റവും ഉയരമേറിയ ശിവലിംഗനിര്‍മിതിയായി ഏഷ്യ ബുക് ഓഫ് റെക്കോര്‍ഡ്‌സില്‍ ഇടംപിടിച്ചതിനു പിന്നാലെയാണ് സ്തൂപ സമര്‍പ്പണം.

മനുഷ്യശരീരത്തിന്റെ മൂലാധാരം മുതല്‍ മൂര്‍ധാവ് വരെ എട്ടു ഭാഗങ്ങളായി വിഭജിച്ച രീതിയിലാണ് ശിവലിംഗത്തിലെ ഉള്ളിലെ നിര്‍മാണം. എല്ലാവരുടെയും ശരീരം അവരവരുടെ വിരലുകള്‍ കൊണ്ട് അളന്നാല്‍ എട്ടു ചാണ്‍ (ചാണ്‍ എന്നാല്‍ തള്ളവിരലും മോതിരവിരലും അകത്തിപ്പിടിച്ചു നീളം അളക്കുമ്‌ബോഴുള്ള അകലം) നീളം ആണെന്ന സങ്കല്‍പ്പത്തിലാണ് എട്ടു മണ്ഡപങ്ങള്‍, പൃഥ്വി, മൂലാധാരം, സ്വധിഷ്ഠാനം, മണിപൂരകം, അനാഹതം, വിശുദ്ധം, ആജ്ഞ, സഹസ്രാരം എന്നിങ്ങനെയാണ് എട്ടു മണ്ഡപങ്ങള്‍. സ്തൂപത്തെ ഉള്ളിലൂടെ ചുറ്റിപ്പോകുന്ന തുരങ്കത്തിന്റെ മട്ടിലുള്ള നടപ്പാതയില്‍ നിന്നാണ് ഓരോ മണ്ഡപത്തിലേക്കും പ്രവേശനം. മണ്ഡപങ്ങളും നടപ്പാതയും അപൂര്‍വ ഭംഗിയാര്‍ന്ന ശില്‍പ സമുച്ചയത്താലും വെളിച്ച വിന്യാസത്താലും അദ്ഭുതപ്പെടുത്തുന്നതാണ്.

ആറ് നിലകളിലായി വിശാലമായ മുറികളുണ്ട് ഇവിടെ ഭക്തര്‍ക്ക് ധ്യാനനിമഗ്‌നരാകാം. ഓരോ നിലയ്ക്കും വ്യത്യസ്ത നിറങ്ങളാണ് നല്‍കിയിരിക്കുന്നത്. ഓറഞ്ച്, മഞ്ഞ, ചുവപ്പ്, ഇന്‍ഡിഗോ, പച്ച, നീല എന്നീ നിറങ്ങള്‍ ഓരോ നിലയ്ക്കും നല്‍കിയിരിക്കുന്നു. എട്ടാമത്തെ നില കൈലാസത്തിന്റെ പ്രതീകമാണ്. ആയിരം ഇതളുകളുള്ള സഹസ്രാരചക്രത്തെ പ്രതീകമാക്കുന്ന ഒരു താമര ഉണ്ട്. മഹാബലി പുരത്തെ കൃഷ്ണശിലകള്‍ കൊണ്ട് നിര്‍മിച്ച 108 ശിവലിംഗങ്ങള്‍ ഒന്നാമത്തെ നിലയില്‍ സ്ഥാപിച്ചിരിക്കുന്നു.

ഗുഹാരീതിയിലുള്ള ചവിട്ടുപടികളാണ് മഹാശിവലിംഗത്തിന് മുകളിലെത്താനായി ഒരുക്കിയിരിക്കുന്നത്. ചുവര്‍ചിത്രങ്ങളും വിഗ്രഹങ്ങളും കൊണ്ട് മുകളിലേക്ക് കയറുന്ന പാതയിലെ ചുവരുകള്‍ അലങ്കരിച്ചിരിക്കുന്നു. ഹിമാലയയാത്രയുടെ ഓര്‍മ ഉണര്‍ത്തുന്ന തരത്തിലാണ് മുകളിലേക്കുള്ള യാത്ര.

സഹസ്രാര മണ്ഡപത്തില്‍ കൈലാസമാണ്. വെണ്‍മയാര്‍ന്ന ഹിമപാളികള്‍ക്കിടയില്‍ ഉപവിഷ്ടരായ പാര്‍വതീ പരമേശ്വരന്‍മാരാണ് ഈ മണ്ഡപത്തില്‍. മഞ്ഞിന്റെ അനുഭൂതി സമ്മാനിക്കാനായി ഈ നിലയില്‍ മാത്രം ശീതീകരണ സംവിധാനവുമുണ്ട്. തലസ്ഥാനനഗരിയില്‍ നിന്ന് 25 കിലോമീറ്റര്‍ അകലെ തിരുവനന്തപുരം- കന്യാകുമാരി ദേശീയപാതയില്‍ നെയ്യാറ്റിന്‍കരയില്‍ നിന്നും ഉദിയന്‍കുളങ്ങര നിന്നുമാണ് ക്ഷേത്രത്തിലേക്കുള്ള വഴികള്‍. കൃഷ്ണശിലയില്‍ തീര്‍ത്ത അലങ്കാര ഗോപുരവും മണ്ഡപങ്ങളും 32 ഭാവത്തിലുള്ള ഗണപതി പ്രതിഷ്ഠയും 12 ജ്യോതിര്‍ലിംഗ പ്രതിഷ്ഠയും രഥവും ഉപക്ഷേത്രങ്ങളും പ്രാര്‍ഥനാ മണ്ഡപങ്ങളും ഒക്കെയായി വിപുലമായ സമുച്ചയമാണിത്.ഔദ്യോഗികമായി 2012 മാര്‍ച്ച് 23നാണു ശിലസ്ഥാപനം നടത്തിയതെങ്കിലും അതിനും രണ്ടു വര്‍ഷം മുന്‍പ് തുടങ്ങിയ മഹായജ്ഞമാണ് ഈ മാസം 10ന് സമാപ്തിയിലെത്തുക. സ്വാമി മഹേശ്വരാരന്ദ രാജ്യമെമ്ബാടും മാസങ്ങള്‍ ചുറ്റി സഞ്ചരിച്ച്തീര്‍ഥഭൂമികളില്‍ നിന്നു മണ്ണും ജലവും സാളഗ്രാമവും അടക്കം പുണ്യവസ്തുക്കള്‍ ലോറിയില്‍ സമാഹരിച്ചെത്തിച്ച് സ്ഥാപിച്ച അടിത്തറ മുതല്‍ തുടങ്ങുന്നു ‘മഹാലിംഗ’ത്തിന്റെ നിര്‍മാണത്തിനു പിന്നിലെ അധ്വാനം.

shortlink

Related Articles

Post Your Comments

Related Articles


Back to top button