തിരുവനന്തപുരം : തിരുവനന്തപുരത്തെ വട്ടിയൂര്‍ക്കാവില്‍ കഴിഞ്ഞ ദിവസം ഉണ്ടായ സിപിഎം-ബിജെപി സംഘര്‍ഷത്തെ തുടര്‍ന്ന് പൊതുയോഗങ്ങള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തി. വട്ടിയൂര്‍ക്കാവ്, നെട്ടയം പ്രദേശങ്ങളിലാണ് പ്രകടനങ്ങള്‍ക്കും പൊതുയോഗങ്ങള്‍ക്കും വിലക്ക്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ രാഷ്ട്രീയ സംഘര്‍ഷങ്ങളെ തുടര്‍ന്നാണ് പൊലീസ് വിലക്കേര്‍പ്പെടുത്തിയത്. 15 ദിവസത്തേക്കാണ് വിലക്ക്. നവംബര്‍ മൂന്നിന് നെട്ടയം മണികണ്‌ഠേശ്വത്ത് ബിജെപി-സിപിഎം സംഘര്‍ഷമുണ്ടായിരുന്നു. സംഘര്‍ഷത്തില്‍ പൊലീസുകാരും ഡിവൈഎഫ്‌ഐ ജില്ലാ പ്രസിഡന്റുമടക്കം പത്തിലേറെ പേര്‍ക്ക് പരിക്കേറ്റിരുന്നു.
നവംബര്‍ മൂന്നിന് ഡിവൈഎഫ്‌ഐ സ്ഥാപക ദിനത്തോടനുബന്ധിച്ചാണ് പ്രശ്‌നങ്ങളുടെ തുടക്കം. രാവിലെ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ ഉയര്‍ത്തിയ പതാക നശിപ്പിക്കപ്പെട്ടിരുന്നു. പതാക നശിപ്പിച്ചത് ആര്‍എസ്എസ് പ്രവര്‍ത്തകര്‍ ആണെന്ന് ഡിവൈഎഫ്‌ഐ ആരോപിച്ചിരുന്നു. ഇതില്‍ പരാതി നല്‍കാന്‍ പോയ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരും ആര്‍എസ്എസ് പ്രവര്‍ത്തകരും തമ്മില്‍ മണികണ്‌ഠേശ്വരം ക്ഷേത്രത്തിന് മുന്നില്‍ വച്ച് സംഘര്‍ഷമുണ്ടായി. ഈ സംഘര്‍ഷത്തിലാണ് ഡിവൈഎഫ്‌ഐ ജില്ലാ പ്രസിഡന്റ് വിനീതും ആറ് പൊലീസുകാരുമുള്‍പ്പെടെയുള്ളവര്‍ക്ക് പരിക്കേറ്റത്
Post Your Comments