ബെയ്റൂറ്റ്: അമേരിക്ക വധിച്ച കൊടും ഭീകരൻ ഇസ്ലാമിക് സ്റ്റേറ്റ് മേധാവി അബൂബക്കർ അൽ ബാഗ്ദാദിയുടെ സഹോദരി തുർക്കിയുടെ പിടിയിൽ. ‘സ്വർണ്ണ ഖനി’യെന്നാണ് ഇവരുടെ അറസ്റ്റിനെ ഇന്റലിജന്‍സ് വൃത്തങ്ങൾ വിശേഷിപ്പിക്കുന്നത്. സിറിയയുടെ വടക്കു പടിഞ്ഞാറൻ മേഖലകൾ കേന്ദ്രീകരിച്ച് തുർക്കി സേന നടത്തിയ റെയ്ഡിലാണ് ബാഗ്ദാദിയുടെ മൂത്ത സഹോദരി റസ്മിയ അവാദ് പിടിയിലായത്. റസ്മിയയ്ക്കും ഭർത്താവിനുമൊപ്പം മരുമകളെയും അഞ്ച് മക്കളെയുമാണ് തുര്‍ക്കി സേന പിടികൂടിയിട്ടുണ്ട്. ഇവരെ ചോദ്യം ചെയ്തു വരികയാണ്.
ഇസ്ലാമിക് സ്റ്റേറ്റിനെ തുരത്താന്‍ കുർദിഷ് സേന, തുർക്കിയുമായി സഖ്യം ചേര്‍ന്നിരുന്നു. സഖ്യത്തിന്റെ ഭാഗമായി തുർക്കിയുടെ നിയന്ത്രണത്തിലുള്ള മേഖലയാണ് ആലെപ്പോ. ആലെപ്പോയിലെ അസാസ് ടൗണിൽ ഒരു ട്രെയിലര്‍ കണ്ടയ്നറിൽ നിന്നാണ് 65 കാരിയായ റസ്മിയയും കുടുംബവും തുര്‍ക്കി സേനയുടെ പിടിയിലാകുന്നത്.
റസ്മിയയും ഭീകരസംഘടനയായ ഇസ്ലാമിക് സ്റ്റേറ്റുമായി ബന്ധപ്പെട്ട് പ്രവർത്തിച്ച് വരികയാണെന്നും ഇവരിൽ നിന്ന് സംഘടനയെക്കുറിച്ച് കൂടുതൽ മനസിലാക്കാനും കൂടുതൽ ആളുകളെ അറസ്റ്റ് ചെയ്യാനും സാധിക്കുമെന്നാണ് കരുതുന്നതെന്നും സേനാ വൃത്തങ്ങൾ അറിയിച്ചിട്ടുണ്ട്.
Post Your Comments