ഹോട്ടല്‍ ബില്ലില്‍ മകളെ ‘ഭയങ്കരി’ എന്ന് അഭിസംബോധന ചെയ്ത ഹോട്ടലിനെതിരെ കുറിപ്പുമായി അമ്മ. ന്യൂസിലന്‍ഡിലെ ക്രൈസ്റ്റ് ചര്‍ച്ചിനടുത്ത് സ്ഥിരമായി പോകുന്ന കഫെയില്‍ കുടുംബസമേതം എത്തിയതായിരുന്നു ഇവര്‍. എന്നാല്‍ തനിക്ക് അവിടെ നിന്നും നേരിട്ടത് വിഷമകരമായ അനുഭവമാണെന്ന് കിംബെര്‍ലി എന്ന യുവതി ഫെയ്‌സ്ബുക്കില്‍ കുറിക്കുന്നു. കഫെ ബില്ലില്‍ ടിക്കറ്റില്‍ ‘ഫാമിലി വിത്ത് എ ടെറിഫൈയിങ് കിഡ്’ എന്നാണ് കഫെ ജീവനക്കാരന്‍ രേഖപ്പെടുത്തിയത്. കസ്റ്റമറുടെ പേരിന്റെ സ്ഥാനത്ത് രണ്ട് വയസുള്ള തന്റെ മകളെ ഭയങ്കരിയായി വിശേഷിപ്പിച്ചത് ക്ഷമിക്കാനാവില്ലെന്നാണ് കിംബെര്‍ലി പറയുന്നത്. മകള്‍ ഒരു ബഹളവും കഫെയില്‍ ഇരുന്ന് ഉണ്ടാക്കിയില്ലെന്നും വളരെ മാന്യമായാണ് പെരുമാറിയതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
മോശം പെരുമാറ്റത്തെ തുടര്‍ന്ന് ഭക്ഷണം വാങ്ങാതെ താന്‍ മടങ്ങിയെന്നും സ്ഥിരം കസ്റ്റമറെയാണ് നിങ്ങള്‍ നഷ്ടപ്പെടുത്തിയതെന്നും കഫെയെ ടാഗ് ചെയ്ത കുറിപ്പില്‍ കിംബെര്‍ലി പറഞ്ഞു. സാധാരണ ഈടാക്കുന്നതിലും പണം കൂടുതല്‍ ഈടാക്കിയതായി സംശയം തോന്നിയതിനെ തുടര്‍ന്നാണ് ഇവര്‍ ബില്ല് ആവശ്യപ്പെട്ടത്. അതേസമയം സംഭവം വിവാദമായതോടെ വിശദീകരണവുമായി കഫേ മാനേജര്‍ തന്നെ രംഗത്തെത്തി. ഇത്തരത്തില്‍ പെരുമാറിയ ജീവനക്കാരനോട് അവധിയില്‍ പോകാന്‍ ആവശ്യപ്പെട്ടെന്ന് മാനേജര്‍ കിംബെര്‍ലിയെ നേരിട്ട് അറിയിച്ചു. ഒപ്പം ഇവരോട് മാനേജര്‍ ക്ഷമാപണവും നടത്തി. അതേസമയം അടുത്ത ഞായറാഴ്ച വരെ മാതാപിതാക്കള്‍ക്കൊപ്പമെത്തുന്ന ചെറിയ കുട്ടികള്‍ക്ക് ചോക്ക്‌ലേറ്റ് മില്‍ക്ക് സൗജന്യമായി നല്‍കാനും കഫേ തീരുമാനിച്ചു.
Post Your Comments