തിരുവനന്തപുരം: ഔഷധിയില്‍ നിര്‍മ്മിക്കുന്ന ആയര്‍വേദ ഔഷധങ്ങളും ഉത്പ്പന്നങ്ങളും ജര്‍മ്മനിയിലേക്ക് കയറ്റുമതി ചെയ്യുന്നിനുള്ള സാധ്യതകള്‍ പരിശോധിച്ച് ധാരണാപത്രം (എം.ഒ.യു.) ഒപ്പിടുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കും. ആയുഷ് മേഖലയുമായി ബന്ധപ്പെട്ട് ജര്‍മ്മനിയില്‍ ആയുര്‍വേദ ചികിത്സാരംഗവും മരുന്ന് വിതരണ രംഗവും ശക്തിപ്പെടുത്തുന്നതിന് ജര്‍മ്മന്‍ സംഘം ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനമായത്. മുഖ്യമന്ത്രിയുമായി ചര്‍ച്ചചെയ്ത് ഇക്കാര്യത്തില്‍ അന്തിമ തീരുമാനം എടുക്കുമെന്ന് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു.
ആയുര്‍വേദ പ്രചാരണത്തിനും ശാസ്ത്രീയമായി ചികിത്സാമുറകളെ അവതരിപ്പിക്കുന്നതിനുമായി ജര്‍മ്മനിയില്‍ സെമിനാറും ട്രേഡ്‌ഫെയറും സംഘടിപ്പിക്കുന്നതാണ്. ആയുര്‍വേദ മേഖലയുമായി ബന്ധപ്പെട്ട് വിദഗ്ധ മാനവവിഭവശേഷി കേരളത്തില്‍ നിന്നും ലഭ്യമാക്കാനുള്ള സഹായം നല്‍കും. രാജ്യത്തിന് പുറത്തെ ആധികാരികത ഉറപ്പാക്കാന്‍ ആയുര്‍വേദ ചികിത്സയുമായി ബന്ധപ്പെട്ട മാര്‍ഗരേഖ രൂപീകരിക്കും. അതിന്റെ ഭാഗമായി ജര്‍മ്മന്‍ സര്‍ക്കാര്‍, അവിടത്തെ മെഡിക്കല്‍ അസോസിയേഷനുകള്‍ എന്നിവയുമായി സഹകരിച്ച് പ്രവര്‍ത്തനങ്ങള്‍ ആവിഷ്‌ക്കരിക്കുന്നതാണ്. ഇന്റര്‍നാഷണല്‍ ആയുഷ് കോണ്‍ക്ലേവില്‍ നടന്ന ചര്‍ച്ചകളുടെ തുടര്‍ച്ചയായാണ് ഈ തീരുമാനത്തില്‍ എത്തിച്ചേര്‍ന്നത്.
ഇന്‍സ്റ്റിറ്റിയൂട്ട് വര്‍ക്ക് ആന്റ് ടെക്‌നിക്കല്‍ സി.ഇ.ഒ. സ്റ്റീഫന്‍ വോണ്‍ ബാന്‍ഡമര്‍, യൂറോപ്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് പേഴ്‌സണലൈസ്ഡ് ആന്റ് ഇന്റഗ്രേറ്റഡ് ഹെല്‍ത്ത്‌കെയര്‍ ചെയര്‍മാന്‍ തോമസ് വള്ളോന്തറയില്‍, ഡോ. കിരണ്‍ലാല്‍ എന്നിവരാണ് ജര്‍മ്മനിയെ പ്രതിനിധീകരിച്ച് ചര്‍ച്ചയില്‍ പങ്കെടുത്തത്.
ആരോഗ്യ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. രാജന്‍ എന്‍. ഖോബ്രഗഡെ, നാഷണല്‍ ആയുഷ്മിഷന്‍ ഡയറക്ടര്‍ കേശവേന്ദ്രകുമാര്‍, ഐ.എസ്.എം. ഡയറക്ടര്‍ ഡോ. പ്രിയ കെ.എസ്., ഔഷധി ചെയര്‍മാന്‍ കെ.ആര്‍. വിശ്വംഭരന്‍, ഔഷധി മാനേജിംഗ് ഡയറക്ടര്‍ കെ.വി. ഉത്തമന്‍, ഹോമിയോപ്പതി ഡയറക്ടര്‍ ഡോ. കെ. ജമുന, ഐ.എസ്.എം. ജോ. ഡയറക്ടര്‍ ഡോ. അനില്‍ കുമാര്‍, ഹോമിയോ ഡെ. ഡയറക്ടര്‍ ഡോ. വിജയാംബിക, തിരുവനന്തപുരം ആയുര്‍വേദ കോളേജ് സൂപ്രണ്ട് ഡോ. രഘുനാഥന്‍ നായര്‍, ഐ.എസ്.എം. സ്റ്റേറ്റ് പ്രോഗ്രാം മാനേജര്‍ ഡോ. സുഭാഷ് എം., ഹോമിയോപ്പതി സ്റ്റേറ്റ് പ്രോഗ്രാം മാനേജര്‍ ഡോ. ജയനാരായണന്‍ എന്നിവരും ചര്‍ച്ചയില്‍ പങ്കെടുത്തു.
Post Your Comments