ന്യൂഡൽഹി : രോഗങ്ങള്‍ക്ക് ചാണകവും ഗോമൂത്രവും മരുന്നായി ഉപയോഗിക്കുന്നതിനെ പരിഹസിച്ച കേരള സര്‍ക്കാര്‍ തന്നെ ചാണകം മരുന്നായി വിറ്റ് കാശുണ്ടാക്കുന്നുവെന്ന ആരോപണവുമായി ആര്‍എസ്എസ് മുഖപത്രം. സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ഔഷധിയിലൂടെ ചാണകം പ്രധാനചേരുവയായ ആയുര്‍വേദ മരുന്ന് വില്‍ക്കുന്നുണ്ടെന്നാണ് ആക്ഷേപം. ഔഷധിയുടെ പാഞ്ചഗവ്യ ഘൃതം എന്ന മരുന്നില്‍ പശുക്കളില്‍ നിന്ന് ലഭിക്കുന്ന അഞ്ച് ഉല്‍പ്പന്നങ്ങളായ പാല്‍, നെയ്യ്, തൈര്, ഗോമൂത്രം, ചാണകം എന്നിവ ഉപയോഗിക്കുന്നുണ്ടെന്ന് ആർ.എസ്.എസ് മുഖപത്രമായ ഓര്‍ഗനൈസര്‍ ചൂണ്ടിക്കാട്ടുന്നു.
രാജ്യത്തിലെ തന്നെ ഏറ്റവും വലിയ ആയുര്‍വേദ മരുന്ന് നിര്‍മാതാക്കളായ പൊതുമേഖലാസ്ഥാപനമാണ് ഔഷധിയെന്നും ലേഖനത്തിൽ പറയുന്നു. മഞ്ഞപ്പിത്തം മുതല്‍ മാനസിക രോഗങ്ങള്‍ക്ക് വരെ ഈ മരുന്ന് ഉപയോഗിച്ച് വരുന്നതായാണ് ഓര്‍ഗനെസര്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ചാണകം അടങ്ങിയ ആയുര്‍വേദ മരുന്ന് മാനസിക രോഗങ്ങള്‍ക്കുള്‍പ്പെടെ ഫലം ചെയ്യുമെന്ന് പരസ്യ ചെയ്യുന്ന സര്‍ക്കാര്‍ ചാണകം ചികിത്സയ്ക്കായി ഉപയോഗിക്കുന്നത് അശാസ്ത്രീയമായ രീതിയാണെന്ന് പറയുന്നത് എന്തടിസ്ഥാനത്തിലാണെന്നും ഓര്‍ഗനൈസര്‍ ചോദിക്കുന്നു.
പനി, അപസ്മാരം, മഞ്ഞപ്പിത്തം, മറവി രോഗം എന്നിവയ്ക്ക് ചാണകവും ഗോമൂത്രവുമടങ്ങിയ പാഞ്ചഗവ്യ ഘൃതം ഫലംപ്രദമാണെന്ന പരസ്യത്തിന്റെ സ്ക്രീൻഷോട്ടും ലേഖനത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇത് ചൂണ്ടിക്കാട്ടിയാണ് വിമർശനം. ചാണകവും ഗോമൂത്രവും അടങ്ങിയ മരുന്ന് ഔഷധി മുഖേനെ വില്‍ക്കുകയും പണം സമ്പാദിക്കുകയും ചെയ്ത് കൊണ്ടാണ് സര്‍ക്കാര്‍ ചാണകത്തെ കളിയാക്കുന്നതെന്നും ലേഖനത്തിൽ പറയുന്നു.
Post Your Comments