കോഴിക്കോട്: കൂടത്തായി കൊലപാതക പരമ്പരയിലെ മുഖ്യപ്രതി ജോളിയുടെ കൈവശമുള്ള വ്യാജ സര്‍ട്ടിഫിക്കറ്റുകളെക്കുറിച്ച് അന്വേഷണം. ജോളി പ്രീഡിഗ്രി പോലും പാസായിട്ടില്ലെന്നു പോലീസ് കണ്ടെത്തിയിരുന്നു. എന്നാല്‍ ജോളിയുടെ കയ്യില്‍ എം ജി സര്‍വ്വകലാശാലയുടെ ബി കോം, കേരള സര്‍വ്വകലാശാലയുടെ എംകോം സര്‍ട്ടിഫിക്കറ്റുകളാണ് ഉള്ളത്. ഈ സാഹചര്യത്തിലാണ് എം.ജി , കേരള സര്‍വ്വകലാശാലകളില്‍ അന്വേഷണ സംഘം ഇന്ന് പരിശോധന നടത്തും.
ALSO READ: കൂടത്തായി കൊലപാതക കേസ് : ജോളി ഉള്‍പ്പെടെയുള്ള മൂന്ന് പ്രതികളുടെയും കസ്റ്റഡി കാലാവധി വീണ്ടും നീട്ടി
പ്രൊവിഷണല്‍ സര്‍ട്ടിഫിക്കറ്റുകളാണ് കൂടത്തായിയിലെ വീട്ടില്‍ നടന്ന പരിശോധനയില്‍ പൊലീസ് കണ്ടെത്തിയത്. എന്‍ഐടിയിലെ പ്രൊഫസറാണെന്ന അവകാശവാദത്തിന് ബലമേകാന്‍ ജോളി വ്യാജമായി സംഘടിപ്പിച്ചതാണ് ഈ സര്‍ട്ടിഫിക്കറ്റുകളെന്നാണ് പോലീസിന്റെ നിഗമനം. സര്‍ട്ടിഫിക്കറ്റുകളുടെ ആധികാരികത പരിശോധിക്കാന്‍ പോലീസ് സര്‍വ്വകലാശാല റജിസ്ട്രാര്‍മാര്‍ക്ക് അപേക്ഷ നല്‍കിയിട്ടുണ്ട്. ഈ സര്‍ട്ടിഫിക്കറ്റുകള്‍ വ്യാജമാണെന്ന് തെളിഞ്ഞാല്‍ ജോളി ഇതിന് മുമ്പും വ്യാജ രേഖ ചമച്ചിട്ടുണ്ടെന്ന് പോലീസിന് തെളിയിക്കാന്‍ സാധിക്കും.
ALSO READ: കൂടത്തായി കൊലപാതക പരമ്പര: മുഖ്യ പ്രതി ജോളി പ്രീഡിഗ്രി പോലും പാസായിട്ടില്ലെന്ന് കണ്ടെത്തൽ
അതേസമയം ഇപ്പോള്‍ ജയിലിലുള്ള ജോളിയെ, ഇന്ന് നാലാമത്തെ കേസില്‍ അറസ്റ്റ് ചെയ്യും. മാത്യു മഞ്ചാടിയിലിന്റെ കൊലപാതകവുമായി ബന്ധപ്പെട്ടാണ് അറസ്റ്റ് ചെയ്യുക. കോഴിക്കോട് ജയിലിലെത്തി കൊയിലാണ്ടി സിഐയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് അറസ്റ്റ് രേഖപ്പെടുത്തുക. കോടതി അനുവദിക്കുകയാണെങ്കില്‍ ഇന്ന് തന്നെ ജോളിയെ കസ്റ്റഡിയില്‍ വാങ്ങാനുള്ള ശ്രമത്തിലാണ് പോലീസ്.
Post Your Comments