ന്യൂഡല്‍ഹി: ശബരിമല മാസ്റ്റര്‍ പ്ലാന്‍ പരിഷ്‌കരിക്കാന്‍ അനുവദിക്കണമെന്ന ദേവസ്വം ബോര്‍ഡ് ആവശ്യത്തില്‍ സുപ്രീം കോടതി നിലപാട് തേടി. വാസ്തു വിദഗ്ദ്ധരുടെയും, ശബരിമല തന്ത്രിയുടെയും അഭിപ്രായം കണക്കിലെടുത്ത് ക്ഷേത്ര ആചാര പ്രകാരം മാസ്റ്റര്‍ പ്ലാന്‍ പരിഷ്‌കരിക്കാന്‍ അനുമതി തേടിയാണ് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് സുപ്രീം കോടതിയെ സമീപിച്ചത്.
നിലവിലെ മാസ്റ്റര്‍ പ്ലാനിന് താന്ത്രികപരവും ശാസ്ത്രപരവുമായ പോരായ്മകള്‍ ഉണ്ടെന്നും ബോര്‍ഡ് സുപ്രീം കോടതിയില്‍ ഫയല്‍ ചെയ്ത അപേക്ഷയില്‍ വ്യക്തമാക്കിയിട്ടുണ്ട്. 2018ലെ പ്രളയത്തിലുണ്ടായ നാശനഷ്ടങ്ങളുടെ പശ്ചാത്തലത്തില്‍ മാസ്റ്റര്‍ പ്ലാനില്‍ മാറ്റം വരുത്തണമെന്ന് സംസ്ഥാന സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും ബോര്‍ഡ് അപേക്ഷയില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ബോര്‍ഡിന്റെആവശ്യത്തെക്കുറിച്ച് സംസ്ഥാന സര്‍ക്കാരിന്റെയും, സുപ്രീം കോടതി രൂപവത്കരിച്ച ഉന്നത അധികാര സമിതിയുടെയും നിലപാട് അരുണ്‍ മിശ്ര, ദീപക് ഗുപ്ത എന്നിവര്‍ അടങ്ങിയ ബെഞ്ച് ആരാഞ്ഞു. നിലപാട് അറിഞ്ഞ ശേഷം തുടര്‍ നടപടി സ്വീകരിക്കാം എന്ന് കോടതി വ്യക്തമാക്കി.
ശബരിമലയില്‍ റവന്യൂ -ഫോറസ്റ്റ് വകുപ്പുകള്‍ സംയുക്തമായി നടത്തിയ സര്‍വേയുടെ അടിസ്ഥാനത്തില്‍ ലേ ഔട്ട് പ്ലാനിന് സമയബന്ധിതമായി അനുമതി നല്‍കാന്‍ ഹൈക്കോടതി ചുമതലപ്പെടുത്തിയ ഉന്നത അധികാര സമിതിയോട് നിര്‍ദേശിക്കണമെന്നും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ആവശ്യപ്പെട്ടു. ഭക്തര്‍ക്ക് വഴിപാടായി നല്‍കുന്ന അപ്പവും അരവണയും ക്ഷേത്രത്തിലെ അടുക്കളയായ തിടപ്പള്ളിയിലാണ് ഉണ്ടാക്കേണ്ടത്. ഇത് ശ്രീകോവിലിന്റെ ദക്ഷിണ പശ്ചിമ ദിക്കില്‍ ആയിരിക്കണം. എന്നാല്‍ നിലവിലെ മാസ്റ്റര്‍ പ്ലാനില്‍ കക്കൂസും, മാലിന്യ പ്ലാന്റും സ്ഥിതി ചെയ്യുന്ന ഉത്തര പശ്ചിമ ദിക്കിലാണ് രേഖപ്പെടുത്തിയിരിക്കുന്നത്. മാസ്റ്റര്‍ പ്ലാനില്‍ മാറ്റങ്ങള്‍ വരുത്താന്‍ ശ്രമിച്ചുവെങ്കിലും വനം വകുപ്പ് എതിര്‍ത്തുവെന്ന് ബോര്‍ഡ് സുപ്രീം കോടതിയില്‍ ഫയല്‍ ചെയ്ത അപേക്ഷയില്‍ വ്യക്തമാക്കിയിട്ടുണ്ട്.
Post Your Comments