കൊല്ലം: കുടുംബശ്രീ യൂണിറ്റ് സെക്രട്ടറി ബാങ്കില്‍ അടയ്‌ക്കേണ്ട പണവുമായി മുങ്ങിയതായി പരാതി. കടയ്ക്കല്‍ ചിതറയിലാണ് സംഭവം. യൂണിറ്റിലെ 12 അംഗങ്ങള്‍ അടയ്‌ക്കേണ്ട ഒരു ലക്ഷം രൂപയുമായാണ് സെക്രട്ടറി ജമീല ബീവി മുങ്ങിയത്. അംഗങ്ങളുടെ പരാതിയില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ചിതറ പെരിങ്ങാട് മഹേശ്വരി കുടുംബശ്രീ യൂണിറ്റ് അംഗങ്ങളാണ് സെക്രട്ടറി ജമീല ബീവിക്കെതിരെ പരാതി നല്‍കിയിരിക്കുന്നത്.
ALSO READ: ആള്‍മാറാട്ടം നടത്തി സാമ്പത്തികത്തട്ടിപ്പ് : പൂമ്പാറ്റ സിനിയും സംഘങ്ങളും അറസ്റ്റില്‍
കഴിഞ്ഞ വര്‍ഷം ഓഗസ്റ്റില്‍ ചിതറ സര്‍വീസ് സഹകരണ ബാങ്കില്‍ നിന്നും മഹേശ്വരി കുടുംബശ്രീ യൂണിറ്റ് ഏഴരലക്ഷം രൂപ വായ്പ എടുത്തിരുന്നു. കന്നുകാലി വളര്‍ത്തലിനും മറ്റുമായാണ് ഈ തുക എടുത്തത്. ലോണെടുത്ത തുക അംഗങ്ങള്‍ തുല്യമായി വീതിച്ച് എടുക്കുകയും ചെയ്തിരുന്നു. ഓരോ മാസവും 26000 രൂപ വെച്ചാണ് ബാങ്കില്‍ തിരിച്ചടവ് ഉണ്ടായിരുന്നത്. കുടുംബശ്രീ യൂണിറ്റിന്റെ മിനിറ്റ്‌സ് പ്രകാരം ഓരോ മാസവും ഓരോ അംഗം പണം പിരിച്ചെടുത്ത് ബാങ്കില്‍ അടക്കണം. എന്നാല്‍ കഴിഞ്ഞ ആറുമാസമായി സെക്രട്ടറി ജമീലയാണ് പണം അടയ്ക്കാന്‍ ബാങ്കില്‍ പോയിരുന്നത്. ഇവര്‍ പണം ബാങ്കില്‍ അടച്ചിരുന്നില്ല. തുക അടച്ചതായി ഇവര്‍ പാസ്ബുക്കില്‍ എഴുതി ചേര്‍ത്തിരുന്നു.
ALSO READ: മഹാരാഷ്ട്രയിൽ കോടികളുടെ നിക്ഷേപ തട്ടിപ്പ് നടത്തിയ മലയാളികളെ തിരഞ്ഞ് പൊലീസ്
ഒടുവില്‍, സംശയം തോന്നിയ ബാക്കി അംഗങ്ങള്‍ ബാങ്കില്‍ അന്വേഷിച്ചപ്പോളാണ് മാസങ്ങളായി ജമീവ ബീവി നടത്തിയിരുന്ന കള്ളത്തരം പുറത്തായത്. കുടുംബശ്രീ അംഗങ്ങള്‍ സിഡിഎസിനും കടയ്ക്കല്‍ പോലീസിനും പരാതി നല്‍കി. ഇതറിഞ്ഞതോടെയാണ് ജമീലബീവി മുങ്ങിയത്. ഇവരുടെ ഫോണ്‍ ഓഫ് ചെയ്ത നിലയിലാണ്. ഇവര്‍ എവിടെയാണെന്ന് അറിയില്ലെന്ന് ഭര്‍ത്താവും ബന്ധുക്കളും പറയുന്നു. അതേസമയം പോലീസ് നടത്തുന്ന അന്വേഷണം കാര്യക്ഷമമല്ലെന്നാണ് പരാതിക്കാരുടെ ആക്ഷേപം
Post Your Comments