പാലക്കാട് : അട്ടപ്പാടിയ്ക്ക് അടുത്ത് മേലേ മഞ്ചിക്കണ്ടിയില്‍ തണ്ടര്‍ബോള്‍ട്ടുമായുണ്ടായ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട മാവോയിസ്റ്റുകളുടെ മൃതദേഹങ്ങള്‍ ബന്ധുക്കള്‍ക്ക് പോലും തിരിച്ചറിയാനായിട്ടില്ല. കൊല്ലപ്പെട്ട നാലുപേരില്‍ മണിവാസകത്തിന്റെ മൃതദേഹം മാത്രമാണിപ്പോള്‍ ബന്ധുക്കള്‍ തിരിച്ചറിഞ്ഞിട്ടുള്ളത്. മൃതദേഹത്തില്‍ കണ്ണുകളില്ലെന്നും, പരസ്പരമുണ്ടായ വെടിവെപ്പിലല്ല, ഇവരെ പോലീസ് വെടിവെച്ച് കൊന്നതാണെന്നും ബന്ധുക്കള്‍ ആരോപിച്ചിരുന്നു.
എന്നാല്‍ കൊല്ലപ്പെട്ട മാവോയിസ്റ്റുകളുടെ മൃതദേഹങ്ങള്‍ തിരിച്ചറിയുന്നതിലുള്ള അനിശ്ചിതത്വം തീര്‍ക്കാന്‍ മാവോയിസ്റ്റ് സംഘടനകളും സര്‍ക്കാരും തയ്യാറാകണമെന്നാണ് മനുഷ്യാവകാശ പ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ബന്ധുക്കള്‍ക്കുണ്ടാകുന്ന മാനസിക ബുദ്ധിമുട്ട് കണ്ടില്ലെന്ന് നടിക്കരുതെന്നും കൊല്ലപ്പെട്ടവരുടെ വിവരങ്ങള്‍ കൃത്യമായി പങ്കുവയ്ക്കണമെന്നുമാണ് ഇവര്‍ പറയുന്നത്. പല ബന്ധുക്കളും വര്‍ഷങ്ങളായി മാവോയിസ്റ്റുകളെ കണ്ടിട്ടില്ല. അതിനാല്‍ തന്നെ ഇവര്‍ക്ക് മൃതദേഹം തിരിച്ചറിയാനും ബുദ്ധിമുട്ടാണ്. അതിനാല്‍ കൂട്ടത്തില്‍ നിന്നും നഷ്ടപ്പെട്ടവരെ സംഘടനകള്‍ തന്നെ വ്യക്തമാക്കിയാല്‍ ആശയക്കുഴപ്പം തീരുമെന്നാണ് മനുഷ്യാവകാശ പ്രവര്‍ത്തകര്‍ പറയുന്നത്.
ALSO READ: അട്ടപ്പാടി മാവോയിസ്റ്റ് വെടിവെയ്പ്പ്: ബന്ധുക്കൾ തിരിച്ചറിഞ്ഞത് ഒരു മൃതദേഹം; അവ്യക്തത തുടരുന്നു
അട്ടപ്പാടിയില്‍ കൊല്ലപ്പെട്ട നാല് മാവോയിസ്റ്റുകളുടെയും മൃതദേഹം തൃശ്ശൂര്‍ മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയിലാണ് സൂക്ഷിച്ചിരിക്കുന്നത്. ഇതില്‍ തമിഴ്‌നാട് സ്വദേശി മണിവാസകത്തിന്റെ മൃതദേഹം തിരിച്ചറിഞ്ഞിരുന്നു. മറ്റ് മൃതദേഹങ്ങള്‍ ഇനിയും ബന്ധുക്കള്‍ തിരിച്ചറിയാനുണ്ട്. അരവിന്ദ് എന്ന പേരില്‍ പോലീസ് മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം ചിക്കമംഗളൂര്‍ സ്വദേശി സുരേഷിന്റെയാണെന്ന് കരുതി കഴിഞ്ഞ ദിവസം ഇയാളുടെ ബന്ധുക്കള്‍ എത്തിയിരുന്നു. എന്നാല്‍ തിരിച്ചറിയാനായില്ല.
പൊലീസ് കാര്‍ത്തി എന്ന പേരില്‍ സൂക്ഷിച്ചിരുന്ന മൃതദേഹമാണ് സുരേഷിന്റേതെന്ന് ബന്ധുക്കള്‍ തിരിച്ചറിഞ്ഞത്. സുരേഷിന്റേതെന്ന് ഇപ്പോള്‍ ബന്ധുക്കള്‍ തിരിച്ചറിഞ്ഞ മൃതദേഹം കഴിഞ്ഞ ദിവസം കാര്‍ത്തിയുടെ സഹോദരന്‍ മുരുകേശ് കണ്ടിരുന്നു. ഇത് കാര്‍ത്തിയാണെന്ന് തോന്നുന്നെന്നാണ് മുരുകേശും പറഞ്ഞത്.
Post Your Comments