
ന്യൂഡല്‍ഹി: ഐഎന്‍എക്‌സ് മീഡിയ കേസില്‍ ജയിലില്‍ കഴിയുന്ന മുന്‍ ധനമന്ത്രി പി. ചിദംബരത്തിന്റെ ജാമ്യാപേക്ഷ ഡല്‍ഹി ഹൈക്കോടതി തള്ളി.
ആരോഗ്യപ്രശ്‌നങ്ങളാല്‍ ജാമ്യം അനുവദിക്കണമെന്നായിരുന്നു ചിദംബരത്തിന്റെ ആവശ്യം. എന്നാല്‍ ആശുപത്രിയിലാക്കാന്‍ മാത്രമുള്ള ആരോഗ്യപ്രശ്‌നങ്ങള്‍ ഒന്നും തന്നെ പി ചിദംബരത്തിന് ഇല്ലെന്ന് ഹൈക്കോടതി നിരീക്ഷിച്ചു.
എയിംസിലെ ഡോക്ടര്‍മാര്‍ അംഗങ്ങളായ മെഡിക്കല്‍ ബോര്‍ഡിനോട് ചിദംബരത്തിന്റെ ആരോഗ്യപ്രശ്‌നങ്ങളെക്കുറിച്ച് നിരീക്ഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ നേരത്തേ ഹൈക്കോടതി ആവശ്യപ്പെട്ടിരുന്നു. ഇത് പ്രകാരം തിഹാര്‍ ജയിലിലെത്തി ചിദംബരത്തെ പരിശോധിച്ച ഡോക്ടര്‍മാര്‍, ചിദംബരത്തെ ആശുപത്രിയിലാക്കേണ്ടതില്ലെന്നും നിലവില്‍ എല്ലാ ആരോഗ്യസൂചികകളും സാധാരണനിലയിലാണെന്നും റിപ്പോര്‍ട്ട് നല്‍കിയിരുന്നു.
ഈ റിപ്പോര്‍ട്ടാണ് ചിദംബരത്തിന് ജാമ്യം നിഷേധിക്കാന്‍ കാരണമായത്. അതേസമയം, തിഹാര്‍ ജയിലില്‍ ചിദംബരത്തിന് വൃത്തിയുള്ള സൗകര്യങ്ങളൊരുക്കണമെന്ന് ജയിലധികൃതരോട് ഹൈക്കോടതി നിര്‍ദേശിച്ചിട്ടുണ്ട്. ചുറ്റുപാടും വൃത്തികേടുകളുണ്ടാകരുത്. നല്ല മിനറല്‍ വാട്ടര്‍ തന്നെ നല്‍കണമെന്നും വീട്ടിലുണ്ടാക്കിയ ഭക്ഷണം നല്‍കാമെന്നും കോടതി പറഞ്ഞു. ഡല്‍ഹിയിലെ ഇപ്പോഴത്തെ മലിനീകരണം തടയാനായി മാസ്‌കുകള്‍ നല്‍കണമെന്നും കൊതുകുകടിയേറ്റ് കിടക്കുന്ന സ്ഥിതിയുണ്ടാവരുതെന്നും അതുകൊണ്ടുതന്നെ കൊതുകുവല പോലത്തെ സൗകര്യങ്ങള്‍ നല്‍കണമെന്നും ഹൈക്കോടതി നിര്‍ദേശിച്ചു.
Post Your Comments