ന്യൂഡല്‍ഹി: മഹാരാഷ്ട്രയിൽ സർക്കാർ രൂപീകരണത്തിന് കാലതാമസം നേരിടുന്നതിന് പിന്നാലെ സംസ്ഥാനത്തെ കോണ്‍ഗ്രസ് നേതാക്കള്‍ ഡല്‍ഹിയില്‍ സോണിയാഗാന്ധിയുമായി കൂടിക്കാഴ്ച നടത്തി. മുതിര്‍ന്ന നേതാക്കളായ ബാലാസാഹിബ് തൊറാട്ട്, അശോക് ചവാന്, പൃഥ്വിരാജ് ചവാന് എന്നിവരാണു തിരക്കിട്ടു ഡല്‍ഹിയിലെത്തിയത്.മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ശിവസേനയ്ക്ക് പുറത്തുനിന്ന് പിന്തുണനല്കുന്നതുമായി ബന്ധപ്പെട്ടാണ് ചര്‍ച്ചയെന്നാണ് റിപ്പോര്‍ട്ട്.
സംസ്ഥാനത്തെ സാഹചര്യങ്ങള്‍ ധരിപ്പിക്കുകയും ഹൈക്കമാന്‍ഡിന്റെ അനുമതി തേടുകയുമാണ് ഡല്‍ഹി സന്ദര്‍ശനത്തിന്റെ ലക്ഷ്യമെന്ന് കോണ്‍ഗ്രസ് വൃത്തങ്ങള്‍ പറയുന്നു. വെള്ളിയാഴ്ച രാവിലെ എന്‍.സി.പി അദ്ധ്യക്ഷന്‍ ശരദ് പവാറുമായി കോണ്‍ഗ്രസ് നേതാക്കള്‍ കൂടിക്കാഴ്ച നടത്തിയിരുന്നു. അതെ സമയം കോൺഗ്രസ്, എൻസിപി പാർട്ടികളുമായി ബന്ധം എതിർക്കുന്ന പുതിയ എംഎൽഎ മാർ ശിവസേനയ്ക്ക് തലവേദനയാണ്. ഇവർ ബിജെപിക്കാണ് തങ്ങളുടെ പിന്തുണ നൽകുന്നത്.
ശിവസേന കോൺഗ്രസിന്റെ പിന്തുണ സ്വീകരിച്ചാൽ ഇവർ ബിജെപിയിലേക്ക് പോകുമെന്നാണ് സൂചന. ഇതോടെ ശിവസേന പിളരുമെന്നും സൂചനയുണ്ട്. രണ്ടരവര്‍ഷം വീതം മുഖ്യമന്ത്രി സ്ഥാനം പങ്കുവയ്ക്കാതെ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ചേരില്ലെന്നാണ് ശിവസേനയുടെ നിലപാട്. ആദിത്യ താക്കറെയെ ആദ്യം മുഖ്യമന്ത്രിയാക്കണമെന്നും സേന ആവശ്യപ്പെടുന്നു.അയോധ്യ കേസിലെ സുപ്രീം കോടതി വിധിക്കു മുന്‍പു സംസ്ഥാനത്തു സര്‍ക്കാര്‍ രൂപീകരണം നടക്കണമെന്ന മുന്നറിയിപ്പുമായി എന്‍സിപി അധ്യക്ഷന്‍ ശരദ് പവാര്‍ രംഗത്തെത്തിയിട്ടുണ്ട്.
മഹാരാഷ്ട്രയില്‍ എന്‍സിപി ശിവസേനയുമായി സഖ്യത്തിനു തയാറായേക്കുമെന്ന അഭ്യൂഹങ്ങള്‍ക്ക് ആക്കം കൂട്ടിയാണ് എന്‍സിപി അധ്യക്ഷന്റെ പരാമര്‍ശം. കഴിഞ്ഞ ദിവസം ശിവസേന നേതാവ് സഞ്ജയ് റൗത്ത് ശരദ് പവാറിനെ സന്ദര്‍ശിച്ചതോടെ, ശിവസേന സര്‍ക്കാര്‍ രൂപീകരിക്കാന്‍ ബദല്‍ സാധ്യതകള്‍ തേടുകയാണെന്ന അഭ്യൂഹങ്ങളും പ്രചരിക്കുന്നുണ്ട്. അതെ സമയം ശിവസേന കടുത്ത തീരുമാനങ്ങളെടുത്താൽ സ്വാതന്ത്രരുടെയും പിന്തുണയ്ക്കുന്ന പുതിയ ശിവസേന അംഗങ്ങളുടെയും പിന്തുണയോടെ ബിജെപി സർക്കാർ രൂപീകരിക്കുമെന്നും സൂചനയുണ്ട്.
Post Your Comments