തിരുവനന്തപുരം•വാളയാറില്‍ കൊല്ലപ്പെട്ട ദളിത് വിഭാഗത്തിലെ പെണ്‍കുട്ടികളുടെ മാതാപിതാക്കള്‍ മുഖ്യമന്ത്രിയെക്കണ്ട് ഉന്നയിച്ച ആവശ്യങ്ങള്‍ അനുഭാവപൂര്‍വ്വം പരിഗണിക്കുന്നതിന് പകരം, കേസുകളുടേയും നിയമങ്ങളുടേയും സാങ്കേതികത്വം പറഞ്ഞ് ക്രൂരമായി കൊല്ലപ്പെട്ട പെണ്‍കുട്ടികളുടെ മാതാപിതാക്കളെ അപമാനിക്കുകയാണ് മുഖ്യമന്ത്രി പിണറായി വിജയന് ചെയ്തതെന്ന് കെ.പി.സി.സി വര്‍ക്കിംഗ് പ്രസിഡന്റ് കൊടിക്കുന്നില്‍ സുരേഷ് എം.പി ആരോപിച്ചു.
വാളയാര്‍ കേസില്‍ പുനരന്വേഷണം നടത്തി കുറ്റവാളികള്‍ക്ക് പരമാവധി ശിക്ഷ ലഭിക്കത്തക്ക രീതിയില്‍ കേസ് നടത്തുന്നതിന് ബാധ്യതപ്പെട്ട സര്‍ക്കാര്‍, അതിന് പകരം കുട്ടികളുടെ കുടുംബാംഗങ്ങള്‍ അപ്പീലിന് പോയാല്‍ എതിര്‍ക്കില്ലെന്ന മുഖ്യമന്ത്രിയുടെ അഭിപ്രായം കടുത്ത വഞ്ചനയാണ്. രണ്ട് വര്‍ഷങ്ങള്‍ക്ക് മുമ്പ് നടന്ന ദുരൂഹ സാഹചര്യത്തിലുള്ള മരണവുമായി ബന്ധപ്പെട്ട് പോക്സോ കോടതി കേസിന്റെ അന്വേഷണത്തില്‍ പോലീസിന്റെയും പ്രോസിക്യൂഷന്റെയും വീഴ്ചയും പക്ഷപാതപരമായി പ്രതികളെ സംരക്ഷിക്കുന്ന നിലപാടും കണ്ടെത്തിയിട്ടുള്ളതാണ്.
കേസ് അന്വേഷണത്തിന്റെ ഓരോ ഘട്ടത്തിലുമുള്ള വീഴ്ച ചൂണ്ടിക്കാട്ടിയാണ് പോക്സോ കോടതി പ്രതികളെ കുറ്റവിമുക്തരാക്കിയത്. ഇതിന്റെ പൂര്‍ണ്ണ ഉത്തരവാദിത്വം സംസ്ഥാന ആഭ്യന്തര വകുപ്പിനും നിയമ വകുപ്പിനുമാണ്. എന്നിട്ടും മുഖ്യമന്ത്രി സ്വന്തം ഉത്തരവാദിത്വത്തില്‍ നിന്നും ഒളിച്ചോടുകയും പീഢനത്തിനിരയായി കൊല്ലപ്പെട്ട ദളിത് പെണ്‍കുട്ടികളുടെ മാതാപിതാക്കളെ അപമാനിക്കുകയുമാണ് ചെയ്തതെന്ന് കൊടിക്കുന്നില്‍ സുരേഷ് എം.പി പറഞ്ഞു.
വാളയാര്‍ കേസിലെ പ്രതികളെ വെറുതെ വിട്ടതില്‍ കേരളത്തില്‍ വമ്പിച്ച പ്രതിഷേധം സര്‍ക്കാരിനെതിരെ ഉയര്‍ന്നിട്ടും മുഖ്യമന്ത്രി ഈ വിഷയത്തില്‍ സ്വീകരിച്ചിരിക്കുന്ന ധിക്കാരം നിറഞ്ഞ സമീപനം കുറ്റവാളികള്‍ക്ക് വലിയ സഹായമാണ്. ഈ കേസിലെ പ്രതികളെല്ലാം പ്രാദേശിക സി.പി.എം നേതാക്കളായതു കൊണ്ടാണ് അവരെ സംരക്ഷിക്കുന്നതിനായി മുഖ്യമന്ത്രി പിണറായി വിജയന് ഈ കേസില്‍ അഴകൊഴമ്പന്‍ സമീപനം സ്വീകരിച്ചിരിക്കുന്നതെന്ന് എം.പി കുറ്റപ്പെടുത്തി.
വാളയാര്‍ കേസില്‍ കൊലചെയ്യപ്പെട്ട പെണ്‍കുട്ടികളുടെ കുടുംബത്തിന് കേറിക്കിടക്കാന്‍ വീടും 50 ലക്ഷം രൂപ നഷ്ടപരിഹാരവും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നും നല്കാന് മുഖ്യമന്ത്രി തയ്യാറാകമമെന്നും കൊടിക്കുന്നില്‍ സുരേഷ് എം.പി ആവശ്യപ്പെട്ടു.
Post Your Comments