വാളയാർ: വനമേഖലയിൽ റെയിൽവേ ട്രാക്ക് കടക്കുകയായിരുന്ന ആനക്കൂട്ടത്തിലെ പിടിയാന ട്രെയിനിടിച്ചു ചരിഞ്ഞു. ട്രെയിൻ തട്ടി തുമ്പിക്കൈയ്ക്കു പരുക്കേറ്റ കുട്ടിക്കൊമ്പന്റെ ആക്രമണത്തിൽ വീട്ടമ്മയ്ക്കു പരുക്കേറ്റു. കൊട്ടാമുട്ടിയിൽ ദുരൈസാമിയുടെ ഭാര്യ സരസുവിനാണു (പാപ്പാൾ–58) പരുക്കേറ്റത്. ഇടുപ്പെല്ലിനു പരുക്കേറ്റ ഇവരെ വാളയാറിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വാധ്യാർചള്ളയിൽ കൃഷിയിടത്തിൽനിന്നു വടശ്ശേരിമല വനത്തിലേക്കു കടക്കുമ്പോൾ ഇന്നലെ പുലർച്ചെ 3.15നു ആണ് സംഭവം. കന്യാകുമാരി–ദിബ്രുഗഡ് വിവേക് എക്സ്പ്രസാണ് ഇടിച്ചത്. ഹോൺ മുഴക്കിയെങ്കിലും ട്രാക്കിൽ നിന്ന് ആനകൾ മാറിയില്ലെന്നു റെയിൽവേ അറിയിച്ചു.
ഇടിച്ച ശേഷം, കുറച്ചുമാറി ട്രെയിൻ നിർത്തിയ ലോക്കോ പൈലറ്റാണു വനംവകുപ്പിനെ വിവരമറിയിച്ചത്. 25 മിനിറ്റിനു ശേഷം പരിശോധനകൾ പൂർത്തിയാക്കി എൻജിൻ തകരാറില്ലെന്ന് ഉറപ്പാക്കി ട്രെയിൻ യാത്ര തുടർന്നു. ഇടിയേറ്റ ആന ഉടൻ ചരിഞ്ഞു. ഇതിനരികിൽ ബാക്കിയുള്ള ആനകൾ തമ്പടിച്ചു നിന്നതു നാട്ടുകാരെ ഭീതിയിലാക്കി. പിന്നീടു പടക്കം പൊട്ടിച്ച് ഇവയെ കാടുകയറ്റിയാണു വനം ഉദ്യോഗസ്ഥർ ചരിഞ്ഞ ആനയ്ക്ക് അരികിലെത്തിയത്.
പരുക്കേറ്റ കുട്ടിക്കൊമ്പൻ കൂട്ടംതെറ്റി രാവിലെ ജനവാസമേഖയിലേക്കു കയറി. കൊട്ടാമുട്ടിയിൽ, വീടിനു സമീപം പച്ചില ശേഖരിക്കുകയായിരുന്ന സരസുവിനെ ഓട്ടത്തിനിടെ കുട്ടിയാന തട്ടിവീഴ്ത്തുകയായിരുന്നു.
Post Your Comments