ന്യൂഡല്‍ഹി : ഡല്‍ഹിയില്‍ ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. വായു മലിനീകരണം അതിരൂക്ഷമായതിനെ തുടര്‍ന്ന് സുപ്രീംകോടതിയുടെ നിയന്ത്രണത്തിലുള്ള പാനലാണ് ഡല്‍ഹി- എന്‍സിആര്‍ മേഖലയില്‍ ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുന്നത്. ഈ മാസം 5 വരെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തി. പടക്കങ്ങള്‍ പൊട്ടിക്കുന്നതിനും പൂര്‍ണ നിരോധനമുണ്ട്. പുകനിറഞ്ഞ മൂടല്‍മഞ്ഞും പൊടിയും കാരണം തലസ്ഥാന നിവാസികള്‍ക്ക് ശ്വാസതടസവും ചൊറിച്ചിലും തൊണ്ടവേദനയുമൊക്കെ അനുഭവപ്പെട്ടു തുടങ്ങി. വ്യാഴാഴ്ച രാത്രിയോടെ ഡല്‍ഹിയിലെയും പരിസരപ്രദേശങ്ങളിലെയും മലിനീകരണത്തോത് Severe Plus അല്ലെങ്കില്‍ Emergency ലെവലിലേക്ക് ഉയര്‍ന്നിരുന്നു. ഈ ജനുവരിക്കു ശേഷം ഇതാദ്യമായാണ് മലിനീകരണത്തോത് ഇത്രയധികം വര്‍ധിക്കുന്നത്. നോയിഡയിലും ഫരിദാബാദിലും ജീവിക്കാന്‍ കഴിയാത്ത അവസ്ഥയാണ്. അതേസമയം ഡല്‍ഹി രൂക്ഷമായ ആരോഗ്യ പ്രതിസന്ധി നേരിടുന്നതിനാല്‍ സ്‌കൂള്‍ കുട്ടികള്‍ക്ക് അവധി നല്‍കാനും സര്‍ക്കാര്‍ തീരുമാനിച്ചു.
നഗരം ഗ്യാസ് ചേമ്പര്‍ പോലെ ആയെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാള്‍ ഇന്ന് പറഞ്ഞിരുന്നു. സ്‌കൂള്‍ കുട്ടികള്‍ക്ക് മാസ്‌ക് വിതരണം ചെയ്യുന്നതിനിടെയായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം. ശ്വസിക്കുന്ന ഓരോ 22 മൈക്രോഗ്രാം ക്യുബിക് മീറ്ററിലും ഒരു സിഗരറ്റിലുള്ള വിഷം അടങ്ങിയിരിക്കുന്നു. ഇതേത്തുടര്‍ന്ന് 50 ലക്ഷത്തോളം മാസ്‌കുകള്‍ ഗവണ്‍മെന്റ് വിതരണം ചെയ്തു. ഇന്ത്യ ഗേറ്റ് പരിസരത്താണ് ഏറ്റവും കൂടുതല്‍ അന്തരീക്ഷം മലിനമായിരിക്കുന്നത്. ദീപാവലിക്ക് ശേഷം ഇന്നാണ് ഡല്‍ഹിയില്‍ പുകമഞ്ഞ് രൂക്ഷമായത്. രാവിലെ അന്തരീക്ഷ വായു നിലവാരം അതീവ മോശമെന്നാണ് രേഖപ്പെടുത്തിയത്.
Post Your Comments