കൊച്ചി: ഇന്ദിര ഗാന്ധി അനുസ്മരണത്തിനിടെ എറണാകുളം ഡി.സി.സിയില്‍ കയ്യാങ്കളി. കെ.വി.തോമസ് അടക്കമുള്ള മുതിര്‍ന്ന നേതാക്കളുടെ സാന്നിധ്യത്തിലായിരുന്നു കയ്യാങ്കളി. കൊച്ചി മേയര്‍ സൗമിനി ജെയിനെ മാറ്റണമെന്ന് ആവശ്യപ്പെട്ട് ബ്ലോക്ക് വൈസ് പ്രസിഡന്റ് നോര്‍മന്‍ ജോസഫ് രംഗത്തെത്തിയതോടെയാണ് ചടങ്ങ് കൈയാങ്കളിയിലെത്തിയത്. അപ്രതീക്ഷിതമായാണ് നോര്‍മന്‍ ജോസഫ് മേയറെ ഉടന്‍ മാറ്റണമെന്ന് എണീറ്റ് നിന്ന് കൊണ്ട് ആവശ്യപ്പെട്ടത്. ഈ മേയറെ വെച്ച് കൊണ്ട് ഇനിയും മുന്നോട്ട് പോകാനാവില്ല എന്നും ഇയാള്‍ പറഞ്ഞു.
READ ALSO: സൗമിനി ജെയിനെ മേയർ സ്ഥാനത്ത് നിന്ന് മാറ്റണമെന്ന് ബെന്നി ബഹനാന്
ഇന്ദിരാഗാന്ധി അനുസ്മരണത്തിനിടെ എന്‍. വേണുഗോപാല്‍ സംസാരിച്ച് കഴിഞ്ഞ ഉടനെ നോര്‍മന്‍ അപ്രതീക്ഷിത ആവശ്യവുമായി രംഗത്തെത്തിയതോടെ ചടങ്ങില്‍ പങ്കെടുത്തവരെല്ലാം സ്തബ്ധരായി. കെ.ബാബു, കെ.വി.തോമസ്, ഡൊമനിക് പ്രസന്റേഷന് തുടങ്ങി മുതിര്‍ന്ന നേതാക്കള്‍ ചടങ്ങിലുണ്ടായിരുന്നു. മേയര്‍ താനടക്കമുള്ള നേതാക്കളോട് പോലും മാന്യമായി പെരുമാറുന്നില്ല എന്നടക്കമുള്ള കാര്യങ്ങള്‍ നോര്‍മന്‍ ജോസഫ് ഉന്നയിച്ചു. തുടര്‍ന്ന് ഇയാളെ പിടിച്ച് മാറ്റാന്‍ മറ്റു നേതാക്കള്‍ ശ്രമിച്ചപ്പോള്‍ അവരെ തള്ളി മാറ്റുകയായിരുന്നു. തുടര്‍ന്ന് ആക്രോശവും ഉന്തും തള്ളുമായി ചടങ്ങ് അലങ്കോലമാവുകയായിരുന്നു.
Post Your Comments