ന്യൂഡല്‍ഹി: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ വിദേശയാത്രയുടെ വിശദാംശങ്ങള്‍ പരസ്യമാക്കണമെന്ന് ബിജെപി. രാഹുലിന്റെ വിദേശ യാത്രയ്ക്ക് പിന്നിലെ ലക്ഷ്യമെന്താണെന്ന് വ്യക്തമാക്കണമെന്നും ബിജെപി വക്താവ് ജി.വി.എല്‍ നരസിംഹ റാവു ആവശ്യപ്പെട്ടു.പാര്‍ലമെന്റില്‍ പോലും വെളിപ്പെടുത്താന്‍ കഴിയാത്ത എന്ത് രഹസ്യ സ്വഭാവമാണ് രാഹുല്‍ ഗാന്ധിയുടെ യാത്രകള്‍ക്കുള്ളത്. ഇത്തരം ആഡംബര വിദേശ യാത്രകള്‍ക്കുള്ള പണം അദ്ദേഹം എങ്ങനെയാണ് കണ്ടെത്തുന്നത്.
കഴിഞ്ഞ 5 വര്‍ഷത്തിനിടെ 16 തവണയാണ് രാഹുല്‍ വിദേശ യാത്രകള്‍ നടത്തിയത്. രാജ്യത്തെ ജനങ്ങളും സന്തം പാര്‍ട്ടിയും അറിഞ്ഞിരിക്കേണ്ട എന്തെങ്കിലും രഹസ്യ പ്രവര്‍ത്തനങ്ങളില്‍ പങ്കാളിയാണോ അദ്ദേഹം. ഈ 16 വിദേശ യാത്രകളില്‍ 9 എണ്ണത്തെ കുറിച്ച് ഒരു വിവരവും ലഭ്യമല്ലെന്നും നരസിംഹ റാവു ആരോപിച്ചു.രാജ്യത്തെ സാമ്പത്തിക മാന്ദ്യത്തിനെതിരെ കോണ്‍ഗ്രസ് വലിയ പ്രക്ഷോഭം ആരംഭിക്കാനിരിക്കെയാണ് രാഹുല്‍ ഗാന്ധി കഴിഞ്ഞ ദിവസം വിദേശയാത്രയ്ക്ക് പുറപ്പെട്ടത്. രാഹുല്‍ ധ്യാനത്തിനായി വിദേശത്ത് പോയതാണെന്നായിരുന്നു കോണ്‍ഗ്രസ് പ്രതികരണം.
‘ധ്യാനത്തിനും യോഗയ്ക്കും ലോകത്തില്‍ ഏറ്റുവും സമ്പന്നമായ പാരമ്പര്യമുള്ള രാജ്യമാണ് ഇന്ത്യ. പക്ഷെ രാഹുല്‍ ധ്യാനം ചെയ്യാനായി നിരന്തരം വിദേശത്ത് പോകുകയാണ്. എന്തുകൊണ്ടാണ് കോണ്‍ഗ്രസിന് ഈ യാത്രകളുടെ വിശദാംശങ്ങള്‍ വെളിപ്പെടുത്താനാകാത്തത്. എല്ലാത്തിനുമുപരി അദ്ദേഹം ഒരു ഉന്നതനായ നേതാവല്ലെയെന്ന് ബി.ജെ.പി ഐ.ടി സെല്‍ തലവന്‍ അമിത് മാളവ്യ ട്വീറ്റ് ചെയ്തു.തന്റെ നിയോജക മണ്ഡലത്തിലേക്കാള്‍ കൂടുതല്‍ അദ്ദേഹം യാത്ര ചെയ്തത് വിദേശത്തേക്കാണ്. അതുകൊണ്ടാണ് അമേഠിയിലെ ജനങ്ങള്‍ അദ്ദേഹത്തെ വീണ്ടും തെരഞ്ഞെടുക്കാതിരുന്നത്.
രാഹുല്‍ ഗാന്ധി അദ്ദേഹത്തിന്റെ വിദേശ യാത്രയുടെ വിശദാംശങ്ങള്‍ വെളിപ്പെടുത്തിയില്ലെങ്കില്‍ അദ്ദേഹത്തിന്റെ യാത്രയുടെ ഉദ്ദേശം സംബന്ധിച്ചും യാത്രാച്ചെലവുകളെ സംബന്ധിച്ചും എല്ലാവരിലും സംശയം ഉയരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. രാജ്യം സാമ്പത്തിക പ്രതിസന്ധി നേരിടുന്ന സാഹചര്യത്തില്‍ കോണ്‍ഗ്രസ് രാജവ്യാപക പ്രക്ഷോഭത്തിന് ഒരുങ്ങുമ്പോഴാണ് രാഹുലിന്റെ വിദേശ യാത്ര. ഒരാഴ്ച കൊണ്ട് രാഹുല്‍ തിരിച്ചെത്തുമെന്നും നവംബര്‍ ആദ്യവാരത്തില്‍ പാര്‍ട്ടി പ്രക്ഷോഭത്തിന്റെ ഭാഗമാവുമെന്നും കോണ്‍ഗ്രസ് അറിയിച്ചിട്ടുണ്ട്.
രാഹുല്‍ എല്ലാ കാലത്തും ധ്യാനം ചെയ്യാനായി ഈ സന്ദര്‍ശനം നടത്താറുണ്ടെന്നും അദ്ദേഹം ഇപ്പോള്‍ അവിടെയാണെന്നും കോണ്‍ഗ്രസ് നേതാവ് രണ്‍ദീപ്സിങ് സുര്‍ജേവാല അറിയിച്ചിരുന്നു.നേരത്തെ ഹരിയാന, മഹാരാഷ്ട്ര നിയമസഭ തെരഞ്ഞെടുപ്പുകളുടെ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ നടന്ന ഒക്ടോബര്‍ ആദ്യമാസവും രാഹുല്‍ വിദേശ യാത്രയ്ക്ക് പോയത് വിവാദമായിരുന്നു.
Post Your Comments