പാലക്കാട്: വാളയാറില്‍ പീഡനത്തിനിരയായി സഹോദരങ്ങള്‍ മരിച്ച സംഭവത്തില്‍ കേസ് അട്ടിമറിക്കാന്‍ മനപൂര്വ്വശ്രമങ്ങള് നടന്നു എന്നതിന്റെ കൂടുതല്‍ തെളിവുകള്‍ പുറത്ത്.
മരിച്ച പെണ്‍കുട്ടികളില്‍ ഇളയ കുട്ടിയുടെ ശരീരത്തില്‍ മുറിവുകളുണ്ടായിരുന്നുവെന്ന ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ട് ഉണ്ടായിരുന്നു. മാത്രമല്ല, കൊലപാതകം എന്ന സൂചന നല്കി മരണം സംഭവിച്ച മുറിയില്‍ അസ്വഭാവികത ഒന്നും ഇല്ലെന്ന് രേഖപ്പെടുത്തിയ മഹസര്‍ റിപ്പോര്‍ട്ടും ഉണ്ടായിരുന്നു. എന്നാല്‍ ആ വിവരങ്ങള്‍ ഒന്നും കോടതിയില്‍ എത്തിയിരുന്നില്ല.
മരിച്ച ഒന്‍പതുവയസുകാരിയായ ഇളയ കുട്ടിയുടെ കൊലപാതക സാധ്യത അന്വേഷിക്കണമെന്ന ഫൊറന്‍സിക് സര്‍ജന്റെ നിര്‍ദേശവും തള്ളിക്കളഞ്ഞു. വാളയാര്‍ കേസിന്റെ തുടക്കം മുതല്‍ തന്നെ പ്രതികളെ രക്ഷിക്കാനുള്ള ശ്രമങ്ങള്‍ നടന്നുവെന്നതിന്റെ തെളിവുകളാണിത്. ഇളയമകളുടേത് ആത്മഹത്യയല്ല, മറിച്ച് കൊലപാതകം ആണെന്നുള്ള പെണ്‍കുട്ടികളുടെ മാതാപിതാക്കളുടെ മൊഴിയും കുറ്റപത്രത്തില്‍ നിന്ന് ഒഴിവാക്കിയിരുന്നു. ഇത് തന്നെ അന്വേഷണസംഘത്തിന്റെ ഭാഗത്തു നിന്നുണ്ടായ ഗുരുതര വീഴ്ചയായി കണക്കാക്കാം.
പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ രണ്ടാമത്തെ കുട്ടിയും ക്രൂരമായ പീഡനത്തിന് ഇരയായെന്ന് വ്യക്തമായിരുന്നു. ഇളയമകളുടേത് കൊലപാതകം ആണെന്ന മൊഴിയും പോലീസില്‍ സമര്‍പ്പിക്കപ്പെട്ടിരുന്നു. എന്നാല്‍ ഈ മൊഴി കുറ്റപത്രത്തില്‍ എങ്ങുമില്ല. കൊലപാതക സാധ്യതകള്‍ അന്വേഷണത്തിന്റെ ഏതെങ്കിലും ഘട്ടത്തില്‍ പരിശോധിച്ചതായും കുറ്റപത്രത്തില്‍ ഉണ്ടായിരുന്നില്ല. വാളയാറിലെ ഇളയകുട്ടിയുടെ തൂങ്ങി മരിക്കുവാനുപയോഗിച്ചിരുന്ന ലുങ്കി മൂത്ത കുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതി ഷിബുവിന്റേതാണെന്ന് കുറ്റപത്രത്തില്‍ വ്യക്തമാണ്. എന്നാല്‍ പീഡനക്കേസിലെ പ്രതിയായിട്ട് കൂടി കേസില്‍ ഷിബുവിന്റെ പങ്കിനെ കുറിച്ച് അന്വേഷണം നടത്തിയിരുന്നില്ല. പകരം കൊലപാതകത്തിനുള്ള എല്ലാ സാധ്യതകളും തള്ളി മരണം ആത്മഹത്യയാണെന്ന് പോലീസ് കുറ്റപത്രത്തില്‍ എഴുതിച്ചേര്‍ത്തു.
മൂത്ത കുട്ടി മരിച്ചത് കണ്ട ഇളയകുട്ടി അപ്പോള്‍ മധുവെന്ന ആള് വീട്ടില്‍ ഉണ്ടായിരുന്നുവെന്ന് അമ്മയോട് പറഞ്ഞിരുന്നു. ഇക്കാര്യവും അമ്മ പോലീസിന് നല്കിയ മൊഴിയില്‍ പറഞ്ഞിരുന്നു. എന്നാല്‍ മൂത്ത പെണ്‍കുട്ടി മരിച്ച ദിവസം രണ്ട് പേര് മുഖം മറച്ച് വീടിന് പുറത്തേക്ക് പോയെന്നതടക്കമുള്ള ഇളയ പെണ്‍കുട്ടിയുടെ വെളിപ്പെടുത്തല്‍ കുറ്റപത്രത്തില്‍ രേഖപ്പെടുത്തിയില്ല. കൊലപാതക സാധ്യതകള്‍ പരിശോധിക്കുക പോലും ചെയ്തിരുന്നില്ലെന്നതും ഇതില്‍ വ്യക്തമാണ്.
Post Your Comments