KeralaLatest NewsNews

ബിരുദമില്ലാത്ത വിദ്യാര്‍ത്ഥിനിക്ക് ഉന്നതപഠനത്തിന് അഡ്മിഷന്‍; കണ്ണൂര്‍ സര്‍വകലാശാല പ്രവേശനം റദ്ദാക്കി

കണ്ണൂര്‍: ബിരുദ പരീക്ഷ ജയിക്കാത്ത വിദ്യാര്‍ത്ഥിനിക്ക് കണ്ണൂര്‍ സര്‍വകലാശാലയില്‍ ഉന്നതപഠനത്തിന് പ്രവേശനം നല്‍കിയ സംഭവത്തില്‍ നടപടിയെടുത്തു. വിദ്യാര്‍ത്ഥിനിയുടെ അഡ്മിഷന്‍ സര്‍വകലാശാല റദ്ദാക്കി. കണ്ണൂര്‍ സര്‍വകലാശാലയുടെ കീഴിലുള്ള ഫിസിക്കല്‍ എജ്യൂക്കേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റിലാണ് വിദ്യാര്‍ത്ഥിനിക്ക് അഡ്മിഷന്‍ നല്‍കിയിരുന്നത്. വിദ്യാര്‍ത്ഥിനി ബികോം പരീക്ഷ ജയിച്ചിരുന്നില്ല. സംഭവത്തെ തുടര്‍ന്ന് പ്രതിഷേധം ശക്തമായ സാഹചര്യത്തില്‍ ഫിസിക്കല്‍ എഡ്യുക്കേഷന്‍ വകുപ്പ് തലവന്‍ ഡോ വി എ വില്‍സണെ സ്ഥാനത്ത് നിന്ന് മാറ്റി.

സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ സര്‍വ്വകലാശാല രജിസ്ട്രാറുടെ നേതൃത്വത്തില്‍ മൂന്നംഗ സമിതിയെ നിയോഗിച്ചിട്ടുണ്ട്. ബിരുദമാണ് ബിപിഎഡ് പ്രവേശനത്തിനുള്ള അടിസ്ഥാന യോഗ്യത. എന്നാല്‍ ബികോം തോറ്റ വിദ്യാര്‍ത്ഥിനിക്കാണ് അഡ്മിഷന്‍ നല്‍കിയത്. ഇതിനെതിരെ കെഎസ്യു സര്‍വകലാശാലയിലേക്ക് മാര്‍ച്ച് നടത്തിയിരുന്നു. അഡ്മിഷന്‍ ലഭിക്കുന്നതിന് വേണ്ടി മന്ത്രി കെടി ജലീല്‍ ഇടപെട്ടിട്ടുണ്ടെന്നും കെഎസ്യു പ്രവര്‍ത്തകര്‍ ആരോപിച്ചു.

ALSO READ:തോറ്റ വിദ്യാര്‍ത്ഥികള്‍ക്ക് മന്ത്രി കെ.ടി. ജലീല്‍ മാര്‍ക്ക് ദാനം നൽകിയ സംഭവം , ഗവർണ്ണർ വിശദീകരണം തേടി

മുന്‍ വര്‍ഷങ്ങളില്‍ അവസാന സെമസ്റ്റര്‍ പരീക്ഷാ ഫലം വരുന്നതിന് മുന്‍പ് തന്നെ മുന്‍ പരീക്ഷകളിലെ മാര്‍ക്ക് നോക്കി അഡ്മിഷന്‍ നല്‍കിയിരുന്നുവെങ്കിലും ഇത്തവണ ആ രീതി എടുത്തു കളഞ്ഞിരുന്നുവെന്ന് ചാന്‍സലര്‍ വ്യക്തമാക്കി. അതിനാല്‍ തന്നെ ഫിസിക്കല്‍ എഡ്യൂക്കേഷന്‍ വകുപ്പില്‍ സംഭവിച്ചതെന്താണെന്ന കാര്യം പരിശോധിക്കുമെന്നും കണ്ണൂര്‍ സര്‍വകലാശാല വിസി പറഞ്ഞു. ഹാള്‍ടിക്കറ്റ് നല്‍കുന്നതിനുള്ള നടപടിക്കിടെ
പരീക്ഷ വിഭാഗം ഉദ്യോഗസ്ഥരാണ് ഈ ക്രമക്കേട് കണ്ടെത്തിയത്. തുടര്‍ന്ന് സര്‍വകലാശാല വൈസ് ചാന്‍സിലറെ വിവരമറിയിക്കുകയായിരുന്നു.

ALSO READ:മാർക്ക് ദാനം ഉന്നതന്റെ മകനെ ജയിപ്പിക്കാൻ, ആദ്യം അപേക്ഷ നല്‍കിയത്‌ ഉന്നതവിദ്യാഭ്യാസ മന്ത്രിയുടെ പ്രൈവറ്റ്‌ സെക്രട്ടറിയുടെ അയല്‍വാസി; നിർണ്ണായക വിവരങ്ങൾ പുറത്ത്

ചട്ടം ലംഘിച്ച് വിദ്യാര്‍ത്ഥിനിക്ക് ഉന്നത പഠനത്തിന് അവസരം നല്‍കിയതിന് പിന്നില്‍ ഫിസിക്കല്‍ എഡ്യുക്കേഷന്‍ വകുപ്പ് മേധാവിയും ഒരു സിന്‍ഡിക്കേറ്റ് അംഗവുമാണെന്ന് സര്‍വ്വകലാശാല വൈസ് ചാന്‍സിലര്‍ക്ക് കെഎസ്‌യു നല്‍കിയ പരാതിയില്‍ ആരോപിച്ചിരുന്നു. കേരള സര്‍വകലാശാലയിലാണ് വിദ്യാര്‍ത്ഥിനി ബികോം പഠിച്ചത്. വിദ്യാര്‍ത്ഥിനിക്ക് അനധികൃതമായി ഗ്രേസ് മാര്‍ക്ക് നല്‍കി ബിരുദം പാസാക്കാന്‍ ഉന്നതവിദ്യാഭ്യാസ മന്ത്രി ഇടപെട്ടാന്നാണ് കെഎസ്യുവിന്റെ ആരോപണം.

shortlink

Related Articles

Post Your Comments

Related Articles


Back to top button