കൊല്ലം: ബിടെക് പരീക്ഷയില്‍ തോറ്റ വിദ്യാര്‍ഥിയെ ജയിപ്പിക്കാന്‍ അദാലത്തിലൂടെ ഉന്നതവിദ്യാഭ്യാസമന്ത്രി കെ.ടി. ജലീല്‍ ഇടപെട്ട സംഭവത്തില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ വിശദീകരണം തേടി. ടെക്‌നിക്കല്‍ സര്‍വകലാശാല വിസി ഡോ. രാജശ്രീയോടാണ് ഗവർണ്ണർ വിശദീകരണം തേടിയത്. വിശദീകരണം നൽകാൻ ഗവര്‍ണറോട് സര്‍വകലാശാല കൂടുതല്‍ സമയം ആവശ്യപ്പെട്ടിരിക്കുകയാണ്.കൊല്ലത്തെ ഒരു എന്‍ജിനീയറിംഗ് കോളേജിലെ വിദ്യാര്‍ത്ഥിക്ക് ജയിക്കാന്‍ 45 മാര്‍ക്ക് വേണ്ട ആറാം സെമസ്റ്ററിലെ ഡെെനാമിക്ക് പേപ്പറിന് 29 മാര്‍ക്കേ ലഭിച്ചിരുന്നുള്ളൂ .
ഇയാള്‍ പുന:പരിശോധനയ്ക്ക് അപേക്ഷിച്ചെങ്കിലും 32 മാര്‍ക്കേ കിട്ടിയുള്ളൂ. തുടര്‍ന്നാണ് കൊല്ലം ജില്ലയിലെ സി.പി.എം അനുഭാവമുള്ള കുടുംബത്തില്‍ നിന്നുള്ള ഇയാളെ ജയിപ്പിക്കാന്‍ അധികൃതര്‍ ശ്രമം തുടങ്ങിയത്. വിദ്യാര്‍ത്ഥി സമര്‍ത്ഥനാണെന്നും മൂല്യനിര്‍ണയത്തിലെ പിഴവ് കൊണ്ടാണ് തോറ്റതെന്നും അതിനാല്‍ ഒരിക്കല്‍ കൂടി പുന:പരിശോധിക്കണമെന്നും കാണിച്ച് ഇപ്പോഴത്തെ പ്രോ വെെസ് ചാന്‍സലര്‍ ആയ അന്നത്തെ കോളേജ് പ്രിന്‍സിപ്പല്‍ സര്‍വകലാശാലയ്ക്ക് കത്തെഴുതി. ഇതിന് ചട്ടം അനുശാസിക്കുന്നില്ലെന്ന് കാണിച്ച് വി.സി അപേക്ഷ നിരസിച്ചു.
തുടര്‍ന്നാണ് കാലവിളംബം ഉളള ഫയലുകള്‍ തീര്‍പ്പാക്കാന്‍ സര്‍വകലാശാല സംഘടിപ്പിച്ച ഫയല്‍ അദാലത്തില്‍ മന്ത്രിയുടെ നിര്‍ദേശാനുസരണം തോറ്റ വിദ്യാര്‍ത്ഥിയുടെ അപേക്ഷ കൂടി പരിഗണിച്ചത്. ഈ അദാലത്തില്‍വച്ച് രണ്ടംഗ കമ്മിറ്റി രൂപീകരിച്ച് ഒരിക്കല്‍ കൂടി പുനപരിശോധന നടത്താന്‍ തീരുമാനിച്ചു. വിദ്യാര്‍ത്ഥിക്ക് മൂല്യനിര്‍ണയത്തില്‍ കൂടുതല്‍ മാര്‍ക്ക് ലഭിച്ചാല്‍ ആദ്യ മൂല്യ നിര്‍ണയം നടത്തിയവര്‍ക്കെതിരെ നടപടി കെെകൊളളാനും നിര്‍ദേശമുണ്ടായി. കമ്മിറ്രിയാകട്ടെ ഇയാള്‍ക്ക് 48 മാര്‍ക്കും നല്‍കി. മൂല്യ നിര്‍ണയത്തിനോ പുനര്‍മൂല്യ നിര്‍ണയത്തിനോ കമ്മിറ്റിയെ നിയോഗിക്കാന്‍ ചട്ടമില്ല.
ചട്ട പ്രകാരം കാലവിളംബം വരുന്ന ഫയലുകളില്‍ തീര്‍പ്പ് കല്‍പ്പിക്കാന്‍ മാത്രമാണ് അദാലത്ത്. എന്നാല്‍, ഇതിന് വിരുദ്ധമായാണ് കാര്യങ്ങള്‍ നടന്നത്.പ്രോ ചാന്‍സലര്‍ ആയ ഉന്നത വിദ്യാഭ്യാസ മന്ത്രിക്ക് സര്‍വകലാശാല ആക്‌ട് അനുസരിച്ച് ചാന്‍സലറുടെ അഭാവത്തില്‍ മാത്രമേ സര്‍വകലാശാല ഭരണത്തില്‍ ഇടപെടാന്‍ അധികാരമുള്ളൂ .ഇതോടെ തങ്ങളുടെ പേപ്പറുകളും വീണ്ടും പുനര്‍മൂല്യ നിര്‍ണയം നടത്തണമെന്ന അപേക്ഷയുമായി വീണ്ടും പരീക്ഷ എഴുതാനിരുന്ന ,പുനര്‍മൂല്യ നിര്‍ണയത്തില്‍ തോറ്റ വിദ്യാര്‍ത്ഥികള്‍ രംഗത്തുവന്നു.
യൂണിവേഴ്സിറ്റി ആക്ടിനും സ്റ്റാറ്റ്യൂട്ടിനും അനുസൃതമായി ഭരണം നടത്താനുള്ള ചുമതല വി.സിയില്‍ മാത്രം നിക്ഷിപ്തമാണ്. വി.സിക്ക് നിര്‍ദേശം നല്‍കാന്‍പോലും മന്ത്രിക്ക് അധികാരമില്ല .മന്ത്രിയെ കൂടാതെ അദ്ദേഹത്തിന്റെ പ്രൈവറ്റ് സെക്രട്ടറിമാരുള്‍പ്പെടെയുള്ളവരും അദാലത്തില്‍ പങ്കെടുത്തതും മിനിട്സില്‍ ഒപ്പുവച്ചതും ചട്ട വിരുദ്ധമായാണ്. ഇത് വിവാദമായതോടെയാണ് ഗവർണ്ണർ വിശദീകരണം തേടിയത്.
Post Your Comments