Latest NewsKeralaNews

കായികമേളയ്ക്കിടെ നടക്കുന്ന അപകടങ്ങള്‍ ഒഴിവാക്കാന്‍ കൂടുതല്‍ മുന്‍കരുതലുകള്‍; സര്‍ക്കാര്‍ തീരുമാനം ഇങ്ങനെ

തിരുവനന്തപുരം: സംസ്ഥാന സ്‌കൂള്‍ കായികമേളകളില്‍ നടക്കുന്ന അപകടങ്ങള്‍ ഒഴിവാക്കാന്‍ കൂടുതല്‍ മുന്‍കരുതലുകള്‍ സ്വീകരിക്കുമെന്ന് കായിക മന്ത്രി ഇ പി ജയരാജന്‍. പാലായില്‍ കായികമേളക്കിടെ ഹാമര്‍ തലയില്‍ വീണ് വിദ്യാര്‍ത്ഥി മരിക്കാനിടയായ സാഹചര്യത്തിലാണ് സര്‍ക്കാരിന്റെ ഈ തീരുമാനം. പാലാ സെന്റ് തോമസ് ഹയര്‍ സെക്കന്ററി സ്‌കൂള്‍ പ്ലസ് വണ്‍ വിദ്യാര്‍ഥിയായ അഫീല്‍ ജോണ്‍സണാണ് കായിക മേളയ്ക്കിടെയുണ്ടായ അപകടത്തില്‍ ജീവന്‍ വെടിയേണ്ടി വന്നത്. ഹാമര്‍ ത്രോ അപകടത്തെ കുറിച്ചുള്ള പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ശ്രദ്ധ ക്ഷണിക്കലിനാണ് ഇ പി ജയരാജന്റെ മറുപടി.

ALSO READ:ഹാമര്‍ വീണ് വിദ്യാര്‍ഥി മരിച്ച സംഭവം; സം​ഘാ​ട​ക​രു​ടെ അ​റ​സ്റ്റ് ഉ​ടൻ

സ്‌കൂള്‍ ജില്ലാ മീറ്റുകളില്‍ നിരീക്ഷകരെ നിയോഗിച്ചതായും ത്രോ ഇനങ്ങള്‍ ഒരുസമയത്ത് ഒരെണ്ണം എന്ന രീതിയില്‍ ക്രമീകരിക്കുമെന്നും കായിക മന്ത്രി നിയമസഭയില്‍ വ്യക്തമാക്കി. പാലായില്‍ നടന്ന ജൂനിയര്‍ അത്ലറ്റിക് മീറ്റിനിടെ കഴിഞ്ഞ ഒക്ടോബര്‍ നാലിനായിരുന്നു അപകടം സംഭവിച്ചത്. ഗ്രൗണ്ടില്‍ വീണ ജാവലിന്‍ എടുത്തുമാറ്റാന്‍ ശ്രമിക്കുന്നതിനിടെയാണ് വോളണ്ടിയറായിരുന്ന അഫീലിന്റെ തലയില്‍ ഹാമര്‍ പതിച്ച് ഗുരുതരമായി പരിക്കേറ്റത്. തലയോട്ടിക്ക് പരിക്കേറ്റ അഫീല്‍ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ശസ്ത്രക്രിയ അടക്കമുള്ളവയ്ക്ക് വിധേയനായെങ്കിലും 15 ദിവസത്തിന് ശേഷം മരണത്തിന് കീഴടങ്ങുകയായിരുന്നു. വിദഗ്ധ ഡോക്ടര്‍മാരുടെ സേവനം ലഭ്യമാക്കിയിരുന്നെങ്കിലും അഫീലിനെ രക്ഷിക്കാനായില്ല.

ALSO READ: ഹാമര്‍ തലയില്‍ വീണ് മരിച്ച അഫീലിന്റെ മൊബൈല്‍ ഫോണ്‍ സൈബര്‍ സെല്ലിന് കൈമാറി

ആരോഗ്യനിലയില്‍ പുരോഗതിയുണ്ടായിരുന്നെങ്കിലും കടുത്ത ന്യുമോണിയ ബാധയാണ് മരണത്തിലേക്ക് നയിച്ചതെന്നാണ് ആശുപത്രിവൃത്തങ്ങള്‍ വ്യക്തമാക്കിയത്. വിദ്യാര്‍ഥി മരിച്ച സംഭവത്തില്‍ സംഘാടകര്‍ക്ക് വീഴ്ച പറ്റിയെന്ന് കായിക വകുപ്പ് കണ്ടെത്തിയിരുന്നു. ഒരേസമയം നിരവധി മത്സരങ്ങള്‍ നടത്തിയതാണ് അപകടത്തിലേക്ക് നയിച്ചത്.

അതേസമയം, അഫീല്‍ ജോണ്‍സണ്‍ മരിച്ച സംഭവത്തില്‍ അറസ്റ്റ് ഉള്‍പ്പെടെയുള്ള നടപടികളിലേക്ക് നീങ്ങുകയാണ് അന്വേഷണ സംഘം. ജാവലിന്‍ ത്രേ മത്സരങ്ങളുടെ ചുമതലക്കാരും റഫറിമാരുമായ ജോസഫ്, നാരായണന്‍കുട്ടി, കാസിം, മാര്‍ട്ടിന്‍ എന്നിവരാണ് പ്രതിപ്പട്ടികയിലുള്ളത്. മനപ്പൂര്‍വമല്ലാത്ത നരഹത്യയാണ് ഇവര്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button