തിരുവനന്തപുരം•വാളയാറില്‍ രണ്ടു പെണ്‍കുട്ടികള്‍ കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതികളെ രക്ഷപ്പെടാന്‍ അവസരമൊരുക്കിയ സര്‍ക്കാരിന്റെ നടപടിയില്‍ പ്രതിഷേധിച്ച് മഹിളാ മോര്‍ച്ച മുഖ്യമന്ത്രിയുടെ കോലം കത്തിച്ചു. മഹിളാമോര്‍ച്ച സംഘടിപ്പിച്ച സെക്രട്ടറിയേറ്റ് മാര്‍ച്ച് സംസ്ഥാന പ്രസിഡന്റ് വി.ടി. രമ ഉദ്ഘാടനം ചെയ്തു.
വാളയാര്‍ സംഭവം സിബിഐ അന്വേഷിക്കണമെന്ന് അവര്‍ ആവശ്യപ്പെട്ടു. സിബിഐ അന്വേഷിച്ചാല്‍ മാത്രമെ കുറ്റക്കാരെ നിയമത്തിന് മുന്നില്‍ കൊണ്ടു വരാന്‍ സാധിക്കു. അക്രമവും സ്ത്രീപീഡനവും നടത്തുന്ന എസ്എഫ്‌ഐ-ഡിവൈഎഫ്‌ഐക്കാരെ സര്‍ക്കാര്‍ സംരക്ഷിക്കുകയാണ്. പെറ്റമ്മയുടെ നോവുപോലും തിരിച്ചറിയാന്‍ സംസ്ഥാന സര്‍ക്കാരിനാകുന്നില്ല. മുഖ്യമന്ത്രി പിണറായി വിജയന്റെ ആഭ്യന്തര വകുപ്പും മന്ത്രി എ.കെ. ബാലന്റെ നിയമവകുപ്പും പ്രതികളെ സംരക്ഷിക്കുന്ന നിലപാടാണ് സ്വീകരിക്കുന്നത്.
2017 മാര്‍ച്ച് എട്ടിന് മുഖ്യമന്ത്രി കുറ്റവാളികള്‍ ആരായാലും നിയമത്തിന് മുന്നില്‍ എത്തിക്കുമെന്ന് ഫേസ്ബുക്കിലൂടെ വീമ്പു പറഞ്ഞെങ്കിലും വാക്കുപാലിച്ചില്ല. മുഖ്യമന്ത്രിക്ക് രണ്ട് ചങ്കിനൊപ്പം രണ്ടു നാവുമുണ്ടെന്നും അവര്‍ പറഞ്ഞു. ഗുണ്ടകളെ വളര്‍ത്തുന്ന ഫാക്റ്ററിയായി സിപിഎം മാറിയിരിക്കുന്നു. യൂണിവേഴ്‌സിറ്റി, പിഎസ്‌സി, യൂണിവേഴ്‌സിറ്റി മാര്‍ക്ക് ദാനം തുടങ്ങിയ സംഭവങ്ങളിലേതുപോലെ പാര്‍ട്ടിപ്രവര്‍ത്തകരായ ഗുണ്ടകളെ സഹായിക്കുന്ന നിലപാടാണ് പിണറായി സര്‍ക്കാര്‍ വാളയാര്‍ കേസിലും സ്വീകരിച്ചിരിക്കുന്നതെന്നും അവര്‍ ചൂണ്ടികാട്ടി.
മഹിളാമോര്‍ച്ച സംസ്ഥാന സെക്രട്ടറിമാരായ ജയന്തി, ഹേമലത, ബിജെപി ജില്ലാ പ്രസിഡന്റ് അഡ്വ. എസ്. സുരേഷ്, മഹിളാമോര്‍ച്ച ജില്ലാ പ്രസിഡന്റ് ബിന്ദു, ജില്ലാ ജനറല്‍ സെക്രട്ടറിമാരായ അഡ്വ. സന്ധ്യ, സ്വപ്ന സുദര്‍ശന്‍ തുടങ്ങിയവര്‍ സംസാരിച്ചു.
Post Your Comments