Latest NewsUAENewsGulf

കേരളത്തിലെ സുകുമാരക്കുറുപ്പിന്റെ തട്ടിപ്പിന് സമാനമായ സംഭവം യുഎഇയിലും ; കോടികൾ തട്ടിയെടുത്ത് മുങ്ങി പാകിസ്ഥാൻ സ്വദേശി ; വഞ്ചിതരായവരിൽ ഇന്ത്യൻ കമ്പനികളും

അജ്മാൻ : കേരളത്തിലെ സുകുമാരക്കുറുപ്പിന്റെ കഥയ്ക്ക് സമാനമായ സംഭവം യുഎഇയിലും. വാഹനാപകടത്തിൽ താൻ മരിച്ചെന്നു ലോകത്തെ തെറ്റിദ്ധരിപ്പിച്ച് ഇൻഷുറൻസ് തുക തട്ടിയെടുത്ത പാക്കിസ്ഥാൻ സ്വദേശി ചൗധരി ഹയ്യാബ് ആരിഫ് കംബോഹ് അജ്മാനിൽ വൻ ബിസിനസ് നടത്തി കോടീശ്വരനായിരിക്കുന്നത്. ഇന്ത്യൻ കമ്പനികളെയടക്കം ഇയാളുടെ തട്ടിപ്പിൽ വഞ്ചിതരായി. 2017 ജൂലൈ 19ന് ബഹ്റൈനിൽ നിന്ന് മടങ്ങുമ്പോൾ ഷാർജയിൽ വാഹനാപകടത്തിൽ മരിച്ചുവെന്നാണ് ഇയാളും ബന്ധുക്കളും ചേർന്ന് ആളുകളെ തെറ്റിദ്ധരിപ്പിച്ചിരുന്നത്. അന്ന് സമൂഹ മാധ്യമത്തിൽ മൂക്കിൽ പഞ്ഞിവച്ച ഹയ്യാബിന്റെ ചിത്രം ഇദ്ദേഹത്തിന്റെ 20കാരനായ സഹോദരൻ മിയാൻ സർയാബ് പോസ്റ്റ് ചെയ്താണ് മരണ വിവരം ആളുകളെ അറിയിച്ചത്. പാക്കിസ്ഥാനിലെ പ്രമുഖ രാഷ്ട്രീയ പാര്‍ട്ടിയായ മുത്തഹിദ ഖൗമി മൂവ്‌മെൻ്റിന്റെ പ്രവർത്തകനായിരുന്നതിനാൽ ഹയ്യാബിന്റെ മരണത്തിൽ നേതാക്കള്‍ പാർട്ടി ചാനലിലും സമൂഹ മാധ്യമങ്ങളിലൂടെയും അനുശോചനാവുമായി രംഗത്തെത്തിയിരുന്നു. ശേഷം ലഭിച്ച ഇൻഷുറൻസ് തുക ഉപയോഗിച്ച് ഇയാൾ അജ്മാൻ ഫ്രി സോണിൽ കമ്പനി ആരംഭിച്ചു. രണ്ട് വര്‍ഷത്തിന് ശേഷം ഹയ്യാബിന്റെ ബിസിനസ് തട്ടിപ്പിനിരയായ ഒട്ടേറെ ബിസിനസുകാർ രംഗത്ത് വന്നതോടെയാണ് ഇയാള്‍ നടത്തിയ വ്യാജ മരണവാര്‍ത്തയെ കുറിച്ചുള്ള വിവരങ്ങള്‍ വെളിച്ചത്തു വന്നത്.

മരിച്ചു എന്ന് വ്യാജ വാർത്ത പരത്തി 14 മാസങ്ങൾക്ക് ശേഷം ഹയ്യാബ് അജ്മാന്‍ ഫ്രീ സോണില്‍ ആരംഭിച്ച എച്ച് ആൻഡ് എം ഇസഡ് ഗ്ലോബല്‍ വേള്‍ഡ് വൈഡ് എന്ന കമ്പനിക്ക് പഴം, പച്ചക്കറി, ധാന്യങ്ങൾ, ഇതര ഭക്ഷ്യോത്പന്നങ്ങൾ തുടങ്ങിയവ നല്‍കിയതിനു കോടികണക്കിന് രൂപ തങ്ങൾക്ക് ലഭിച്ചിട്ടില്ലെന്ന് ഇവർ പരാതിപ്പെടുന്നു. ഇന്ത്യ, ഇന്തൊനീഷ്യ തുടങ്ങിയ രാജ്യങ്ങളിലേതടക്കം ഒട്ടേറെ രാജ്യാന്തര കമ്പനികൾ ഇയാളുടെ തട്ടിപ്പിനിരയായിട്ടുണ്ടെന്നാണ് റിപ്പോർട്ട്. മുംബൈ സ്വദേശി റൂപാ രെൻ എന്ന പഴം–പച്ചക്കറി ബിസിനസുകാരൻ തനിക്ക് കിട്ടാനുള്ള ഒന്നര ലക്ഷത്തോളം ദിർഹമിന് അജ്മാനിൽ ദിവസങ്ങളോളം കാത്തിരുന്നു. ഹയ്യാബ് മുങ്ങിയതോടെ കബളിക്കപ്പെട്ടതായി മനസിലാക്കി. ഗുജറാത്തിലെ ബെന്‍മൂൺ ഫാർമ റിസേർച് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനി ഈ മാസം അഞ്ചിന് 24 ടൺ വരുന്ന ജീരകമാണ് ഹയ്യാബിന്റെ കമ്പനിയിലേയ്ക്ക് കയറ്റിയയച്ചത്. ഈ വകയിൽ തനിക്ക് ലക്ഷങ്ങൾ നഷ്ടമായെന്നാണ് ഉടമ തരുൺ കപൂറിന്റെ പരാതി. ലക്ഷങ്ങളുടെ നാടൻ തേൻ കയറ്റിയയച്ച വകയിൽ തങ്ങൾക്കും വൻ തുക ലഭിക്കാനുണ്ടെന്ന പരാതിയുമായി ഉത്തർപ്രദേശിലെ ഒരു കമ്പനിയും രംഗത്തെത്തി.

24 മണിക്കൂറിനുള്ളിൽ പണം നൽകും എന്ന് പറഞ്ഞാണ് ഇയാൾ ഇന്ത്യൻ കമ്പനികളെ വലയിലാക്കിയിരുന്നത്. മറ്റു പല പേരുകളിലും ഇയാൾക്ക് അജ്മാനിൽ കമ്പനികളുണ്ടെന്നും തിരിച്ചറിഞ്ഞിട്ടുണ്ട്. സംഭവത്തിൽ ഹയ്യാബിന്റെ തട്ടിപ്പിനെതിരെ ദുബായിലെ ഇന്ത്യൻ കോൺസുലേറ്റും മുന്നറിയിപ്പ് പുറപ്പെടുവിച്ചു. അജ്മാൻ ഫ്രി സോൺ എല്ലാ രാജ്യങ്ങളിൽ നിന്നുമുള്ള നിക്ഷേപകരെ സ്വാഗതം ചെയ്യുന്നതായും എന്നാൽ തട്ടിപ്പുകാരെ ക്കുറിച്ച് മുൻകൂട്ടി വിവരം ലഭിച്ചാൽ വഞ്ചിതരാകാതിരിക്കാൻ മറ്റു ബിസിനസുകാർക്ക് മുന്നറിയിപ്പ് നൽകാറുണ്ടെന്നു ആക്ടിങ് ഡയറക്ടർ ജനറൽ ഫാത്തിമ സാലെം വ്യക്തമാക്കി.

Also read : മഹാരാഷ്ട്രയിൽ കോടികളുടെ നിക്ഷേപ തട്ടിപ്പ് നടത്തിയ മലയാളികളെ തിരഞ്ഞ് പൊലീസ്

shortlink

Related Articles

Post Your Comments

Related Articles


Back to top button