വാളയാറില്‍ പീഡനത്തിനിരയായി പെണ്‍കുട്ടികള്‍ കൊല്ലപ്പെട്ട കേസില്‍ പ്രതികളെ വെറുതെ വിട്ടതിനെതിരെ പൊലീസ് അപ്പീൽ നൽകും. ഇതിനായി നിയമോപദേശം കിട്ടിയെന്ന് തൃശ്ശൂര്‍ റേഞ്ച് ഡിഐജി. വിധി പകര്‍പ്പ് കിട്ടിയ ഉടന്‍ അപ്പീല്‍ നല്‍കുമെന്നും അദ്ദേഹം പറയുന്നു.കേസ് അന്വേഷണത്തില്‍ പാളിച്ചയില്ലെന്നും ഡി.ഐ.ജി വ്യക്തമാക്കി.കേസിലെ ഒന്നും രണ്ടും നാലും പ്രതികളായ അട്ടപ്പള്ളം കല്ലങ്കാട് സ്വദേശി എം. മധു, ഇടുക്കി രാജാക്കാട് വലിയമുല്ലക്കാനം നാലുതെയ്ക്കല്‍ വീട്ടില്‍ ഷിബു, വി.മധു എന്നിവരെയാണ് പാലക്കാട് ഒന്നാം അഡീഷനല്‍ സെഷന്‍സ് കോടതി (പോക്സോ) കഴിഞ്ഞ ദിവസം വിട്ടയച്ചത്.
കുറ്റം തെളിയിക്കാന്‍ പ്രോസിക്യൂഷന് കഴിഞ്ഞില്ലെന്ന് കോടതി നിരീക്ഷിച്ചു. നാലാം പ്രതി ചേര്‍ത്തല സ്വദേശി പ്രദീപ്കുമാറിനെ കഴിഞ്ഞ സെപ്റ്റംബര്‍ 30ന് വെറുതെ വിട്ടിരുന്നു. 17കാരനാണ് അഞ്ചാംപ്രതി.2017 ജനുവരി ഒന്നിനാണ് 13 വയസ്സുകാരിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടത്. മാര്‍ച്ച് നാലിന് ഒമ്പത് വയസ്സുകാരിയെയും ഇതേ രീതിയില്‍ കണ്ടെത്തി. ഇരുവരും മരണത്തിന് മുമ്പ് പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയായതായി പോസ്റ്റ്മോര്‍ട്ടത്തില്‍ വ്യക്തമായിരുന്നു. കേസ്, പൊലീസ് ഗൗരവമായെടുത്തതും അറസ്റ്റിന് വഴിയൊരുങ്ങിയതും രണ്ടാമത്തെ കുട്ടിയുടെ മരണത്തോടെയാണ്.ബാലലൈംഗികാതിക്രമം, പ്രകൃതിവിരുദ്ധ പീഡനം, പട്ടികജാതി-വര്‍ഗ അതിക്രമം, ആത്മഹത്യപ്രേരണ തുടങ്ങിയ വകുപ്പുകളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിരുന്നത്.
പെണ്‍കുട്ടികളുടെ തൂങ്ങിമരണം കൊലപാതകമാണെന്ന് സംശയിച്ചെങ്കിലും ആത്മഹത്യയാണെന്നായിരുന്നു അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍. ആദ്യമരണം നടന്നപ്പോള്‍ അന്വേഷണത്തില്‍ വീഴ്ചവരുത്തിയ വാളയാര്‍ എസ്.ഐ യെ സസ്പെന്‍ഡ് ചെയ്തിരുന്നു. നാര്‍കോട്ടിക് സെല്‍ ഡിവൈ.എസ്.പിയായിരുന്ന എം.ജെ. സോജനാണ് പിന്നീട് അന്വേഷിച്ച് കുറ്റപത്രം സമര്‍പ്പിച്ചത്. ഒന്നും രണ്ടും പ്രതികള്‍ രണ്ടു വര്‍ഷമായി റിമാന്‍ഡിലായിരുന്നു. മൂന്നും നാലും പ്രതികള്‍ക്ക് യഥാക്രമം 2019 ജനുവരിയിലും മാര്‍ച്ചിലും ജാമ്യം ലഭിച്ചു. പ്രായപൂര്‍ത്തിയാകാത്ത അഞ്ചാംപ്രതിയുടെ വിചാരണ ജുവനൈല്‍ കോടതിയില്‍ പുരോഗമിക്കുകയാണ്.
Post Your Comments