കല്‍പ്പറ്റ: വയനാട്ടില്‍ കാട്ടാമകളെ വേട്ടയാടിക്കൊന്ന കേസില്‍ മൂന്നുപേര്‍ അറസ്റ്റില്‍. ഇന്നലെ ഇവര്‍ അറസ്റ്റിലായതോടെയാണ് ജില്ലയുടെ പലഭാഗങ്ങളിലുമായി വേട്ടക്കായി പ്രത്യേക സംഘങ്ങള്‍ പ്രവര്‍ത്തിക്കുണ്ടെന്ന വിവരം ലഭിച്ചത്. അഞ്ചുകുന്ന് പാലുകുന്ന് അശ്വിന്‍ നിവാസില്‍ അശ്വിന്‍ എ. പ്രസാദ്, വാകയാട് കോളനിയിലെ രവീന്ദ്രന്‍, ജിതിന്‍കുമാര്‍ എന്നിവരാണ് കാട്ടാമയെ വേട്ടയാടിയ കേസില്‍ പിടിയിലായത്.
വനംവകുപ്പിന് ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്നായിരുന്നു അറസ്റ്റ്. വനംവകുപ്പിന്റെ തെരച്ചിലില്‍ അശ്വിന്‍ പ്രസാദിന്റെ വീട്ടില്‍ നിന്ന് ആമയുടെ പുറംതോടും പാചകം ചെയ്യാന്‍ ഉപയോഗിച്ച പാത്രങ്ങളും കണ്ടെടുത്തിട്ടുണ്ട്. കേസില്‍ മറ്റൊരാള്‍ കൂടി പിടിയിലാകാനുണ്ട്. 1972-ലെ വന്യജീവി സംരക്ഷണ നിയമപ്രകാരം ഷെഡ്യൂള്‍ഡ് നാലില്‍പ്പെട്ട വംശനാശ ഭീഷണി നേരിടുന്ന വന്യജീവിയാണ് കാട്ടാമ. കേസിലെ ഒന്നാംപ്രതി അശ്വിന്‍ ആമകളെ സ്ഥിരമായി വേട്ടയാടാറുണ്ടെന്നും മറ്റു പ്രതികള്‍ എല്ലാവരും ഇയാളുടെ സഹായികളും ഇടനിലക്കാരുമായി പ്രവര്‍ത്തിക്കുകയായിരുന്നു എന്നുമാണ് വനംവകുപ്പിന്റെ കണ്ടെത്തല്‍. ജില്ലയുടെ പല ഭാഗങ്ങളിലും ഇയാള്‍ കാട്ടമകളെ വില്‍പ്പന നടത്തിയിരുന്നു എന്ന വിവരവും വനംവകുപ്പിന് ലഭിച്ചിട്ടുണ്ട്. കേസില്‍ കൂടുതല്‍ പ്രതികള്‍ അറസ്റ്റിലായേക്കുമെന്നാണ് സൂചനകള്‍.
രണ്ട് മാസങ്ങള്‍ക്കിടെ നിരവധി കേസുകളാണ് വനംവകുപ്പിന് മുന്നിലെത്തിയത്. വംശനാശ ഭീഷണി നേരിടുന്ന ജീവികളെ പോലും വേട്ടയാടി പിടിച്ച് ഭക്ഷണമാക്കുകയും വില്‍പ്പന നടത്തുകയും ചെയ്യുന്ന സംഘങ്ങള്‍ ജില്ലയില്‍ സജീവമാകുന്നതായാണ് റിപ്പോര്‍ട്ടുകള്‍. മാനുകളെ വേട്ടയാടുന്ന സംഭവങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. സമൂഹത്തില്‍ ഉന്നത സ്വാധീനമുള്ളവര്‍ വരെ ഇത്തരം സംഭവത്തില്‍ പ്രതികളായി വരുന്നത് അധികൃതരില്‍ ഞെട്ടലുണ്ടാക്കിയിട്ടുണ്ട്. കഴിഞ്ഞ മാസം തോക്ക് സഹിതം പിടികൂടിയ സംഘത്തില്‍ അവധിക്ക് വന്ന സൈനികനും ഉള്‍പ്പെട്ടിരുന്നു. അതേസമയം വന്യമൃഗ വേട്ടയ്‌ക്കെതിരെ വന്‍ സുരക്ഷയൊരുക്കാനുള്ള നീക്കത്തിലാണ് സര്‍ക്കാര്‍.
Post Your Comments