കോട്ടയം: ആശുപത്രിയില്‍ ചികിത്സ നിഷേധിച്ചതിനെ തുടര്‍ന്ന് ഓട്ടോറിക്ഷയില്‍ ജനിച്ചു വീണ കുഞ്ഞിന് മാതാപിതാക്കള്‍ നല്‍കിയത് ഓട്ടോയുടെ പേര്. കുഞ്ഞിനെ നെഞ്ചോടു ചേര്‍ത്തുപിടിച്ച്, അവര്‍ അമ്മു എന്ന പേര് കുഞ്ഞിന് നല്‍കി. കുറവിലങ്ങാട് താലൂക്ക് ആശുപത്രിയില്‍ ചികിത്സ നിഷേധിച്ചതിനാലാണ് വിനീതയ്ക്ക് ഓട്ടോയില്‍ പ്രസവിക്കേണ്ടി വന്നത്. കഴിഞ്ഞ 20നായിരുന്നു സംഭവം. കുറുപ്പന്തറ സ്റ്റാന്‍ഡിലെ ഓട്ടോറിക്ഷാ ഡ്രൈവര്‍ ആയാംകുടി മോനിപ്പള്ളിയില്‍ അനില്‍കുമാറിന്റെ അമ്മു എന്ന ഓട്ടോയിലാണ് വിനീത കുഞ്ഞിന് ജന്മം നല്‍കിയത്.
ALSO READ: വട്ടിയൂര്‍ക്കാവ് ഉപതെരഞ്ഞെടുപ്പ് – മന്ത്രി കടകംപള്ളിയുടെ പ്രതികരണം
വിനീതയും ഭര്‍ത്താവ് തോട്ടുവാ സ്വദേശി സജിയും ആക്രിസാധനങ്ങള്‍ പെറുക്കിവിറ്റാണ് ഉപജീവനം നടത്തിയിരുന്നത്. വര്‍ഷങ്ങളായി കുറുപ്പന്തറയിലെ കടത്തിണ്ണയിലാണ് ഇവര്‍ അന്തിയുറങ്ങിയത്. സജി- വിനീത ദമ്പതികള്‍ക്ക് മറ്റ് രണ്ട് മക്കള്‍ കൂടി ഉണ്ട്. പെണ്‍കുഞ്ഞാണ് ജനിക്കുന്നതെങ്കില്‍ മക്കളായ വിനായകന്റെയും വിനീതിന്റെയും പേരിനോട് സാമ്യമുള്ള പേരായിരുന്നു തങ്ങള്‍ ചിന്തിച്ചുവച്ചിരുന്നതെന്ന് ഇവര്‍ പറയുന്നു. എന്നാല്‍, ആശുപത്രിയിലുള്ളവര്‍ ചികിത്സ നല്‍കാന്‍ തയ്യാറാകാതിരുന്നപ്പോള്‍ അവള്‍ക്ക് പിറക്കാന്‍ ഇടമായത് ആ ഓട്ടോയാണെന്നും അതിനാല്‍ ഓട്ടോയുടെ പേരായ ‘അമ്മു’ എന്നു കുഞ്ഞിനെ വിളിക്കാമെന്ന് തിരുമാനിക്കുകയായിരുന്നുവെന്നും ആ വേദനയ്ക്കിടയില്‍ സഹായമേകി കൂടെ നിന്ന ഓട്ടോ ഡ്രൈവറുടെ സന്മനസ്സിനുള്ള നന്ദി കൂടിയാണിതെന്നും വിനീത പറഞ്ഞു.
പ്രസവവേദന തുടങ്ങിയതോടെ വിനായകനെ കടത്തിണ്ണയിലുള്ള ഒരു കാരണവരുടെ പക്കല്‍ ഏല്‍പിച്ച്, രണ്ടുവയസ്സുകാരന്‍ വിനീതിനെയും എടുത്താണു 20നു പാതിരാത്രി ഇവര്‍ കുറുപ്പന്തറ സ്റ്റാന്‍ഡിലെ അനില്‍ കുമാറിന്റെ ഓട്ടോയില്‍ കയറിയത്. പാലാ സര്‍ക്കാര്‍ ആശുപത്രിയിലേക്കു പോകാനാണ് ഉദ്ദേശിച്ചതെങ്കിലും വേദന കലശലായതോടെ അതുവരെ എത്തില്ലെന്ന് ഉറപ്പായി. തുടര്‍ന്നാണു കുറവിലങ്ങാട് താലൂക്ക് ആശുപത്രിക്കു മുന്നില്‍ നിര്‍ത്തിയത്. എന്നാല്‍ ആശുപത്രിയില്‍ വിനീതയ്ക്ക് ചികിത്സ നിഷേധിച്ചു. തുടര്‍ന്ന് 100 മീറ്റര്‍ മുന്നോട്ടു നീങ്ങിയപ്പോഴേക്കും വിനീത ഓട്ടോയില്‍ പ്രസവിക്കുകയായിരുന്നു. അനില്‍ കുമാര്‍ 108 ആംബുലന്‍സ് വിളിച്ചുവരുത്തുന്നതിനിടെ പൊക്കിള്‍ക്കൊടി മുറിക്കുന്നതിനായി സജി വീണ്ടും ആശുപത്രിയില്‍ എത്തിയെങ്കിലും ‘ഭാര്യ പ്രസവിക്കാറായെങ്കില്‍ ഇതിനൊക്കെയായി കത്തിയോ മറ്റോ കൊണ്ടുനടക്കണം’ എന്ന മറുപടിയാണ് ആശുപത്രിയില്‍ നിന്നും ലഭിച്ചതെന്നും ഇവര്‍ പറയുന്നു.
ALSO READ: പാര്‍ട്ടിയുണ്ടാക്കി പൊളിഞ്ഞു, സമുദായ സംഘടനകളുടെ പണി രാഷ്ട്രീയമല്ല; രൂക്ഷവിമര്‍ശനവുമായി വിഎസ്
”നോവ് കൂടി അവര്‍ നിലവിളിച്ചു കരയുകയായിരുന്നു. എന്നിട്ടും, കുറവിലങ്ങാട് താലൂക്ക് ആശുപത്രിയിലുണ്ടായിരുന്ന നഴ്‌സും ജീവനക്കാരനും പുറത്തേക്കു വരാന്‍ കൂട്ടാക്കിയില്ല. ഗ്രില്‍ പോലും തുറക്കാതെയാണ് എന്നോടും സജിയോടും ‘ഇവിടെ സൗകര്യമൊന്നുമില്ല, വേറെ എങ്ങോട്ടെങ്കിലും പൊയ്‌ക്കൊള്ളൂ’ എന്നു പറഞ്ഞത്. ഒരു ഓട്ടോയില്‍ പ്രസവിക്കുന്നതിനെക്കാള്‍ സുരക്ഷിതമല്ലേയെന്നു ഞാന്‍ പറഞ്ഞിട്ടും അവര്‍ വില വച്ചില്ല’- അനില്‍ കുമാര്‍ പറഞ്ഞു.
Post Your Comments