20 വര്‍ഷം പഴക്കമുള്ള സ്‌കൂട്ടറില്‍ അമ്മയ്‌ക്കൊപ്പം നാട് ചുറ്റാനിറങ്ങി; അമ്മയ്ക്കും മകനും ഇനി കാറില്‍ സഞ്ചരിക്കാമെന്ന് ആനന്ദ് മഹീന്ദ്ര

മൈസൂരു: 70 വയസുള്ള അമ്മയ്‌ക്കൊപ്പം സ്‌കൂട്ടറില്‍ രാജ്യം കാണാനിറങ്ങിയ മകനാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ താരം. ബാങ്കിലെ ജോലി ഉപേക്ഷിച്ചാണ് മൈസൂരു സ്വദേശിയായ ദക്ഷിണ്‍മൂര്‍ത്തി കൃഷ്ണകുമാര്‍ അമ്മയെയും കൂട്ടി ഇന്ത്യയൊട്ടാകെ ചുറ്റാനിറങ്ങിയത്. ഇവരുടെ യാത്രയില്‍ ഒപ്പമുണ്ടായിരുന്നതാകട്ടെ 20 വര്‍ഷം പഴക്കമുള്ള ബജാജ് സ്‌കൂട്ടും. എന്നാല്‍ ഈ അമ്മയുടെയും മകന്റെയും കഥ സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെ ഇവര്‍ക്ക് ഒരു കാര്‍ സമ്മാനിക്കാന്‍ തയ്യാറാണെന്ന് അറിയിച്ചിരിക്കുകയാണ് മഹീന്ദ്ര ഗ്രൂപ്പ് ചെയര്‍മാനായ ആനന്ദ് മഹീന്ദ്ര.

ALSO READ : ഐഎസ്എൽ; ഇന്നത്തെ പോരാട്ടം കേരള ബ്ലാസ്റ്റേഴ്സും-മുംബൈ സിറ്റിയും തമ്മിൽ : രണ്ടാം ജയമെന്ന ലക്ഷ്യവുമായി ബ്ലാസ്റ്റേഴ്‌സ്

മനോജ് കുമാര്‍ എന്നയാളാണ് ഈ അമ്മയുടെയും മകന്റെയും കഥ ട്വിറ്ററില്‍ പങ്കുവെച്ചത്. ഇത് റീട്വീറ്റ് ചെയ്തുകൊണ്ടാണ് ആനന്ദ് മഹീന്ദ്ര കൃഷ്ണകുമാറിന് കാര്‍ സമ്മാനിക്കാമെന്ന വാഗ്ദാനം നല്‍കിയിരിക്കുന്നത്. അമ്മയോടും രാജ്യത്തോടുമുള്ള മകന്റെ സ്‌നേഹത്തിന്റെ മനോഹരമായ കഥയെന്നാണ് ആനന്ദ് മഹീന്ദ്ര ട്വീറ്റ് ചെയ്തത്. ”ഇത് പങ്കുവെച്ചതിന് നന്ദി മനോജ്. ഇദ്ദേഹത്തെ എനിക്ക് പരിചയപ്പെടുത്തിയാല്‍ ഞാന്‍ ഒരു മഹീന്ദ്ര കെയുവി നല്‍കാം. അദ്ദേഹത്തിനും അമ്മയ്ക്കും ഇനി കാറില്‍ സഞ്ചരിക്കാം. ട്വീറ്റിലൂടെ അദ്ദേഹം വ്യക്തമാക്കി.

ബെംഗളൂരുവിലെ വിവിധ കമ്പനികളില്‍ ജോലിചെയ്തിരുന്ന കൃഷ്ണകുമാര്‍ ജോലി ഉപേക്ഷിച്ചാണ് 70 വയസ്സ് കഴിഞ്ഞ അമ്മയോടൊപ്പം യാത്ര ആരംഭിച്ചത്. അമ്മയുടെ ജീവിതം ഇത്രയും കാലം അടുക്കളയില്‍ തളയ്ക്കപ്പെട്ടതായിരുന്നു എന്നും മൈസൂരുവിന് പുറത്തേക്ക് അവര്‍ പോയിരുന്നില്ലെന്നും അതുകൊണ്ടാണ് അമ്മയെ തീര്‍ഥയാത്രയ്ക്ക് കൊണ്ടുപോകാന്‍ താന്‍ തീരുമാനിച്ചതെന്നും കൃഷ്ണകുമാര്‍ പറയുന്നു. രാവിലെയും വൈകുന്നേരവും മാത്രമാണ് ഇവരുടെ യാത്ര. രാത്രികാലങ്ങളില്‍ ക്ഷേത്രങ്ങളിലും ധര്‍മശാലകളിലും വീടുകളിലുമാണ് തങ്ങുന്നത്.

ALSO READ  :  ബിജെപി തോറ്റമ്പി എന്ന പ്രചാരണം ശരിയല്ല, മഞ്ചേശ്വരത്ത് നേടിയത് വന്‍ മുന്നേറ്റം; പ്രതികരണവുമായി ശ്രീധരന്‍പിള്ള

നാലുവര്‍ഷം മുമ്പ് പിതാവ് മരിച്ചതോടെ ജോലി രാജിവെച്ച് അമ്മയുടെ സ്വപ്‌നങ്ങള്‍ യാഥാര്‍ഥ്യമാക്കാന്‍ തീരുമാനിക്കുകയായിരുന്നു എന്ന് കൃഷ്ണകുമാര്‍ പറഞ്ഞു. അമ്മയും മകനും ഇതിനകം 48100 കിലോമീറ്ററിലധികം സ്‌കൂട്ടറില്‍ സഞ്ചരിച്ചുകഴിഞ്ഞു. മാതൃ സേവാ സങ്കല്‍പ് യാത്ര എന്ന് പേരിട്ടിരിക്കുന്ന യാത്രയുടെ ഭാഗമായി കേരളം, തമിഴ്‌നാട്, ആന്ധ്രപ്രദേശ്, ഒഡീഷ, പശ്ചിമ ബംഗാള്‍, സിക്കിം തുടങ്ങിയ സംസ്ഥാനങ്ങളിലെ പ്രധാന തീര്‍ത്ഥാടന കേന്ദ്രങ്ങള്‍ ഇവര്‍ സഞ്ചരിക്കുകയും ചെയ്തു. ഇതിനു മുമ്പ് നേപ്പാള്‍, ഭൂട്ടാന്‍, മ്യാന്‍മര്‍ എന്നിവിടങ്ങളിലേക്കും കൃഷ്ണകുമാര്‍ അമ്മയെ സ്‌കൂട്ടറില്‍ കൊണ്ടുപോയിട്ടുണ്ട്.

Share
Leave a Comment