കോഴിക്കോട്: കൂടത്തായി കൊലപാതക പരമ്പരക്കേസിലെ മുഖ്യപ്രതി ജോളിയുടെ രണ്ടാം ഭര്‍ത്താവ് ഷാജുവിന് വീണ്ടും ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നിര്‍ദ്ദേശം. ബുധനാഴ്ച എസ്പി ഓഫീസില്‍ ഹാജരാകാനാണ് അന്വേഷണസംഘം നിര്‍ദേശിച്ചിരിക്കുന്നത്. ആദ്യഭാര്യ സിലി ജീവിച്ചിരിക്കെതന്നെ ഷാജുവിന് ജോളിയുമായി ബന്ധമുണ്ടായിരുന്നതിന്റെ തെളിവുകള്‍ പോലീസ് കണ്ടെത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്യല്‍.സിലിയുടെ മൃതദേഹം ഓമശേരിയിലെ ശാന്തി ആശുപത്രിയില്‍നിന്ന് ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തപ്പോള്‍ സിലിയുടെ ആഭരണങ്ങള്‍ ജോളി ഏറ്റുവാങ്ങിയത് ഷാജുവിനെതിരേയുള്ള ശക്തമായ തെളിവാണെന്ന് ക്രൈംബ്രാഞ്ച് വൃത്തങ്ങള്‍ പറയുന്നു.
സിലിയുടെ ഭര്‍ത്താവ് ഷാജു, സിലിയുടെ സഹോദരന്‍ സിജോ തുടങ്ങി ഏറ്റവും അടുത്ത ബന്ധുക്കള്‍ ആശുപത്രിയില്‍ ഉണ്ടായിട്ടും അത്രയും ബന്ധമില്ലാത്ത ജോളി ആഭരണങ്ങള്‍ ഏറ്റുവാങ്ങാന്‍ കാരണം ഷാജുവിന് ജോളിയുമായി നേരത്തെ ബന്ധമുണ്ടെന്നതിന്റെ ശക്തമായ തെളിവായാണ് പോലീസ് വിലയിരുത്തല്‍.സിലിയുടെ മൃതദേഹം പോസ്റ്റ്മോര്‍ട്ടം ചെയ്യണമെന്ന് സഹോദരനായ സിജോ വാശിപിടിച്ചപ്പോള്‍ ഷാജുവും ജോളിയും ചേര്‍ന്ന് എതിര്‍ത്തതും ഇരുവര്‍ക്കുമെതിരായ തെളിവാകുമെന്ന് പോലീസ് പറഞ്ഞു. ഒടുവില്‍ സിജോ വഴങ്ങിയപ്പോള്‍ പോസ്റ്റ്മോര്‍ട്ടം വേണ്ടെന്ന് എഴുതി ഒപ്പിട്ടുകൊടുക്കാന്‍ ഇരുവരും ചേര്‍ന്ന് സിജോയെ നിര്‍ബന്ധിച്ചു.
എന്നാല്‍ സഹോദരിയുടെ മരണത്തില്‍ മാനസികനില തെറ്റിയ സിജോ ഒന്നിനും തയാറാകാതെ നിലത്തിരുന്ന് കരഞ്ഞു.സിലി കൊല്ലപ്പെടുമെന്ന വിവരം ഷാജുവിന് അറിയാമായിരുന്നുവെന്ന് ജോളി അന്വേഷണ ഉദ്യോഗസ്ഥര്‍ക്കു മൊഴി നല്‍കി. സിലിയെ കൊലപ്പെടുത്തിയ ശേഷം ഷാജുവിനു മൊബൈല്‍ ഫോണില്‍ മെസേജ് അയച്ചിരുന്നു. ‘എവരിതിങ് ക്ലിയര്‍’ എന്നാണു സന്ദേശമയച്ചത്. ഷാജുവിനെ സ്വന്തമാക്കാനാണ് സിലിയെ കൊലപ്പെടുത്തിയതെന്നും ജോളി മൊഴി നല്‍കി.
ആശുപത്രിയില്‍ ഷാജു തൊട്ടടുത്തുതന്നെ ഉണ്ടായിരുന്നെങ്കിലും സിലിയോടുള്ള അടങ്ങാത്ത വിരോധം കാരണം പ്രത്യേക മാനസികാവസ്ഥയില്‍ ആയിരുന്നതാണ് സന്ദേശമയയ്ക്കാന്‍ കാരണം. ഷാജുവിനോട് കൂടുതല്‍ അടുപ്പം വേണ്ടെന്ന സിലിയുടെ ആവര്‍ത്തിച്ചുള്ള മുന്നറിയിപ്പ് കൊലയ്ക്ക് കാരണമായെന്ന് ജോളി അന്വേഷണ സംഘത്തോട് സമ്മതിച്ചു. സിലി കൊല്ലപ്പെടുമെന്ന് ഷാജുവിന് അറിയാമായിരുന്നു.ഭര്‍ത്താവ് റോയി മരിച്ച ശേഷം ജോളി ഷാജുവുമായി നടത്തിയ സാമ്പത്തിക ഇടപാടുകളിലും സിലിക്ക് എതിര്‍പ്പുണ്ടായിരുന്നു. ഇത് സിലി ജോളിയോടുതന്നെ പലതവണ പറഞ്ഞു. ഇതിന്റെ പേരില്‍ ഷാജുവിന്റെ മാതാപിതാക്കള്‍ സിലിയോട് കലഹിച്ചു.
സിലിയുടെ മകള്‍ ആല്‍ഫൈനെ കൊലപ്പെടുത്തി ആദ്യം പകതീര്‍ത്തു. സിലിയുടേയും മകള്‍ ഒന്നര വയസ്സുകാരി ആല്‍ഫൈന്റെ കൊലപാതകത്തില്‍ നിര്‍ണായകമായി ദൃക്‌സാക്ഷിമൊഴിയും നേരത്തെ പുറത്തുവന്നിരുന്നു. പുലിക്കയത്തെ വീട്ടില്‍ ഷാജുവിന്റെ മൂത്ത മകന്റെ ആദ്യകുര്‍ബാന വിരുന്ന് നടക്കുന്നതിനിടെ അടുക്കളയില്‍ വച്ച് കുഞ്ഞിനുള്ള ഭക്ഷണം ജോളി കൈമാറുന്നത് കണ്ടെന്ന സാക്ഷി മൊഴിയാണ് പൊലീസിന് ലഭിച്ചത്. ഇതുവച്ച് നടത്തിയ ചോദ്യം ചെയ്യലില്‍ ജോളി കുറ്റം സമ്മതിക്കുകയായിരുന്നു.
മുറ്റത്തെ പന്തലില്‍ ബന്ധുക്കളോടൊപ്പം ഭക്ഷണം കഴിക്കുകയായിരുന്ന സിലി, വീടിനകത്തായിരുന്ന കുഞ്ഞിന് ഭക്ഷണം നല്‍കാന്‍ ഷാജുവിന്റെ സഹോദരിയെ വിളിച്ചേല്‍പ്പിച്ചു. ഇതുകേട്ട ജോളി അടുക്കളയിലെത്തി ബ്രെഡില്‍ സയനൈഡ് ചേര്‍ത്ത് ഇവര്‍ക്കു നല്‍കുകയായിരുന്നു. വിഷമാണെന്ന് അറിയാതെ ഷാജുവിന്റെ സഹോദരി ബ്രെഡ് ഇറച്ചിക്കറിയില്‍ മുക്കി കുഞ്ഞിന് നല്‍കുകയും ചെയ്തു.
ക്യാൻസർ രോഗിയുടെ പണം കവർന്ന ശേഷം കവർച്ച മൂടിവെക്കാൻ വീടും തീയിട്ടു, യുവാവ് അറസ്റ്റിൽ
ജോളിയും ഷാജുവിന്റെ മാതാപിതാക്കളും അയല്‍വാസിയായ സ്ത്രീയും ജോലിക്കാരിയുമാണ് ആ സമയം അടുക്കളയില്‍ ഉണ്ടായിരുന്നതെന്നും ദൃക്‌സാക്ഷി മൊഴിയില്‍ പറയുന്നു. കുഞ്ഞിനെയും കൊണ്ട് ആശുപത്രിയിലേക്ക് വാഹനം പുറപ്പെട്ടതിനു തൊട്ടുപിന്നാലെ ഷാജുവിന്റെ പിതാവ് സക്കറിയാസിനെ കൂട്ടി ജോളി മറ്റൊരു വാഹനത്തില്‍ പുറപ്പെട്ടു. കുഞ്ഞിന് നല്‍കിയ ഭക്ഷണത്തിന്റെ ബാക്കി പിന്നീട് ആരും കണ്ടിട്ടില്ലെന്നും പൊലീസ് അന്വേഷണത്തില്‍ വ്യക്തമായി. അതേസമയം, ജോളി വിരുന്നിനിടെ പുറത്തെ പന്തലില്‍ നില്‍ക്കുന്നത് കണ്ടിരുന്നെന്നും അകത്തേക്ക് വന്നിട്ടില്ലെന്നുമാണ് ഷാജു നേരത്തെ മൊഴി നല്‍കിയത്.
ഭാര്യയുടെ കാര്യത്തിലും താന്‍ തീര്‍പ്പുണ്ടാക്കുമെന്ന് ഷാജുവിനോട് ജോളി പറഞ്ഞിരുന്നു. മൗനമായിരുന്നു ഷാജുവിന്റെ മറുപടി. സിലിയുടെ മരണത്തിനു പിന്നാലെ ഷാജുവുമായുള്ള വിവാഹത്തെക്കുറിച്ച് തന്നോട് ആദ്യം സംസാരിച്ചത് അയാളുടെ പിതാവ് സഖറിയാസാണ്. ഷാജുവിനും വിയോജിപ്പുണ്ടായിരുന്നില്ല. സിലിയുടെ മൃതദേഹത്തില്‍ ഒരുമിച്ച് അന്ത്യചുംബനം നല്‍കാനുള്ള തീരുമാനം തന്റേത് മാത്രമായിരുന്നെന്നും ജോളി മൊഴിയില്‍ പറയുന്നു.താമരശ്ശേരിയിലെ ദന്താശുപത്രിയില്‍ കുഴഞ്ഞുവീണ സിലിയെ എത്രയും വേഗം ആശുപത്രിയിലെത്തിക്കാന്‍ സഹോദരന്‍ സിജോ ഉള്‍പ്പെടെ ശ്രമിച്ചെങ്കിലും ജോളി തന്ത്രപൂര്‍വം വൈകിച്ചെന്നാണ് ആരോപണം.
അപസ്മാരമാകാമെന്നു പറഞ്ഞ് ഭര്‍ത്താവ് ഷാജു പുറത്തുപോയി ഗുളിക വാങ്ങിക്കൊണ്ടു വരുന്നതുവരെ സിലി അതേ അവസ്ഥയില്‍ കിടന്നു. ജോളി സ്വന്തം കാറില്‍ ഡ്രൈവ് ചെയ്താണ് ഓമശ്ശേരിയിലെ ആശുപത്രിയിലേക്കു കൊണ്ടുപോയത്. തൊട്ടടുത്ത താലൂക്ക് ആശുപത്രിയിലോ താമരശ്ശേരിയിലെ സ്വകാര്യ ആശുപത്രിയിലോ കൊണ്ടുപോകാമെന്ന് കൂടെയുണ്ടായിരുന്നവര്‍ പറഞ്ഞിട്ടും കൂട്ടാക്കിയില്ല. സംസ്ഥാന പാതയിലൂടെ പോയാല്‍ 7 കിലോമീറ്റര്‍ കൊണ്ട് എത്തേണ്ട ഓമശ്ശേരിയിലേക്ക് വളഞ്ഞ വഴി ചുറ്റി 10 കിലോമീറ്ററിലേറെ സഞ്ചരിച്ചാണ് എത്തിച്ചത്
Post Your Comments