കാസര്‍കോട്: അര്‍ബുദ രോഗിയായ യുവാവിനോട് അയല്‍വാസിയുടെ ക്രൂരത. ഇയാളുടെ ചികിത്സയ്ക്ക് വേണ്ടി നാട്ടുകാര്‍ സ്വരൂപിച്ച് നല്‍കിയ പണം അയല്‍വാസി കവരുകയും യുവാവിന്റെ വീടിന് തീയിടുകയും ചെയ്തു. സംഭവത്തില്‍ പ്രതിയായ മുട്ടത്തൊടി തെക്കോമൂലയില്‍ അബ്ദുല്‍ ലത്തീഫ്(36)നെ കാസര്‍കോട് കോടതി റിമാന്‍ഡ് ചെയ്തു.നായന്മാര്‍മൂല റഹ് മാനിയ നഗറിലെ പാലോത്ത് ഷിഹാബിന്റെ വീടാണ് തിങ്കളാഴ്ച കത്തിച്ച നിലയില്‍ കണ്ടെത്തിയത്. വീട്ടില്‍ സൂക്ഷിച്ചിരുന്ന ഒന്നേ മുക്കാല്‍ ലക്ഷം രൂപയും കവര്‍ച്ച ചെയ്തിരുന്നു.
കീമോതെറാപ്പി ചെയ്യാനായി ഇക്കഴിഞ്ഞ വെള്ളിയാഴ്ച വീടുപൂട്ടി മംഗളൂരുവിലെ ആശുപത്രിയിലേക്ക് പോയതായിരുന്നു ഷിഹാബും കുടുംബവും. തിങ്കളാഴ്ച ഉച്ചയോടെ തിരിച്ചെത്തിയപ്പോഴാണ് വീട് കത്തിച്ച നിലയില്‍ കണ്ടെത്തിയത്. വീട്ടിലെ അലമാരയില്‍ സൂക്ഷിച്ചിരുന്ന ഖുര്‍ആന്‍ എടുത്ത് പുറത്തുവെച്ച നിലയിലായിരുന്നു.വിദ്യാനഗര്‍ എസ്‌ഐയുടെ നേതൃത്വത്തില്‍ നടന്ന അന്വേഷണത്തില്‍ അയല്‍വാസിയായ അബ്ദുല്‍ ലത്തീഫാണ് പ്രതിയെന്ന് കണ്ടെത്തുകയും ഇയാളെ പിടികൂടുകയും ചെയ്തു. വീട്ടില്‍ മോഷണം നടത്തിയത് താനാണെന്ന് ലത്തീഫ് പൊലീസ് ചോദ്യം ചെയ്യലില്‍ സമ്മതിച്ചു.
ശിഹാബിന്റെ വീട്ടില്‍ കടലാസില്‍ തീ കത്തിച്ചാണ് ഇയാള്‍ മോഷണത്തിനായി കയറിയത്. ഈ തീ കെടുത്താതെ വീട്ടില്‍ തന്നെ ഉപേക്ഷിച്ച് കടന്നു കളയുകയായിരുന്നു എന്നാണ് ഇയാള്‍ പൊലീസിന് നല്‍കിയ മൊഴിയില്‍ പറയുന്നത്. ഇതില്‍ നിന്നായിരിക്കാം വീട്ടിലേക്ക് തീ പടര്‍ന്നത് എന്നാണ് സൂചന.നേരത്തെ ഷിഹാബിന്റെ വീടിന് പൂട്ട് വാങ്ങിച്ചു കൊടുത്തത് ലത്വീഫായിരുന്നു. പൂട്ട് വാങ്ങിയ സമയം മൂന്ന് താക്കോല്‍ കിട്ടിയെങ്കിലും രണ്ടെണ്ണമാണ് ഷിഹാബിന് നല്‍കിയത്. മറ്റേ താക്കോല്‍ ഉപയോഗിച്ച് വീട്ടുകാര്‍ ആശുപത്രിയില്‍ പോയ സമയം കവര്‍ച്ചയ്ക്ക് കയറുകയായിരുന്നു.
Post Your Comments