ദീപാവലി വര്‍ണ്ണക്കാഴ്ചകളുടെ ഉത്സവമാണ്. മണ്‍ചിരാതുകളും പൂത്തിരിയും പല നിറത്തില്‍ പ്രഭാപൂരിതമാക്കുന്ന അന്തരീക്ഷം. തിന്മയുടെ മേല്‍ നന്മയുടെ വിജയത്തെക്കുറിക്കുന്ന ദീപാവലി ആഘോഷങ്ങള്‍ക്ക് ഏറെ പ്രാധാന്യമുണ്ട്. പലനാടുകളിലും വിവിധ ഐതിഹ്യങ്ങളാണ് ദീപാവലിക്കുള്ളത്. എന്നാല്‍ മറ്റേതു നാടിനെവെച്ചു നോക്കിയാലും ആഘോഷങ്ങളുടെ പകിട്ടില്‍ അല്പം മുന്നില്‍ നില്ക്കുക കര്‍ണ്ണാടകയാണ്. പലനിറങ്ങള്‍ വാരിവിതറിയ നയനമനോഹര കാഴ്ചകളാണ് പിന്നെ കര്‍ണാടകയില്‍ കാണാനാകുക. ദിവസങ്ങള്‍ നീണ്ടു നില്ക്കുന്ന ആഘോഷവും ഇതിന്റെ ബഹളങ്ങളും ഒക്കെയായി ആരെയും കൊതിപ്പിക്കുന്ന ദീപാവലിയാണിവിടെ. എന്നാല്‍ കര്‍ണ്ണാടകയിലെ എല്ലായിടത്തും ആഘോഷങ്ങള്‍ ഒരു പോലെയല്ല. ഓരോ പ്രദേശങ്ങള്‍ക്കനുസരിച്ചും ആഘോഷങ്ങള്‍ വ്യത്യസ്തമാണ്. ഇതാ കര്‍ണ്ണാടകയിലെ പ്രധാന സ്ഥലങ്ങളിലെ ദീപാവലി ആഘോഷങ്ങളെക്കുറിച്ച് അറിയാം…
ബാംഗ്ലൂര്‍
കര്‍ണ്ണാടകയില്‍ ഏറ്റവും കളര്‍ഫുള്ളായി ദീപാവലി ആഘോഷം നടക്കുന്ന ഒരു സ്ഥലമാണ് ബാംഗ്ലൂര്‍. വ്യത്യസ്ത വിഭാഗത്തിലുള്ള, വ്യത്യസ്ത രീതികള്‍ പിന്തുടരുന്ന, വിവിധ ഭാഷകള്‍ സംസാരിക്കുന്ന ആളുകള്‍ ഉണ്ടെന്നത് തന്നെയാണ് ഇവിടുത്തെ ദീപാവലി ആഘോഷങ്ങളെ കൂടുതല്‍ മനോഹരമാക്കുന്നത്. വിവിധയിടങ്ങളിലെ വ്യത്യസ്തമായ ആഘോഷങ്ങളുടെ സങ്കലനമാണ് ബാംഗ്ലൂരിനെ വ്യത്യസ്തമാക്കുന്നത്.
മൈസൂര്‍
പൊതുവേ ആഘോഷങ്ങളോടൊക്കെ ഇത്തിരി പ്രിയമാണ് മൈസൂരിന്. പാമ്പര്യവും പ്രൗഢിയും ഒരുപോലെ ചേര്‍ന്നു നില്ക്കുന്ന മൈസൂരിലും ദീപാവലി ആഘോഷങ്ങള്‍ കാര്യമായി തന്നെയുണ്ട്. രാത്രികാലങ്ങളില്‍ മൈസൂരിലെ കാഴ്ചകള്‍ ആരെയും അമ്പരപ്പിക്കും. ഓരോ ഭവനങ്ങളിലും തെളിയിക്കുന്ന ദീപങ്ങളാണ് ഇവിടുത്തെ ഏറ്റവും മനോഹരമായ കാഴ്ച. രാത്രി മുഴുവന്‍ ജ്വലിച്ചു നില്ക്കുന്ന ഈ ദീപങ്ങളുടെ കാഴ്ച നൂറ്റാണ്ടുകളായി ഇവിടുത്തെ പാരമ്പര്യമാണ്. ദീപാവലി നാളുകളില്‍ ചാമുണ്ഡി ഹില്‍സിന്റെ മുകളില്‍ നിന്നും കാണുന്ന കാഴ്ച ഏറെ മനോഹരമാണ്. ആയിരക്കണക്കിന് നക്ഷത്രങ്ങള്‍ ആകാശത്തു നിന്നും ഭൂമിയിലേക്ക് ഇറങ്ങി വന്നതുപോലെയുള്ള കാഴ്ചയാണ് ഇവിടെ കാണുന്നത്. വെടിക്കെട്ടുകളും മൈസൂരിലെ ദീപാവലി ആഘോഷങ്ങളില്‍ പ്രധാനമാണ്.
മാണ്ഡ്യ
ദീപാവലി ആഘോഷങ്ങളുടെ കാര്യത്തില്‍ മാണ്ഡ്യയും ഒട്ടും പിന്നിലല്ല. ദീപാവലി നാളുകളില്‍ ആഘോഷങ്ങളുടെ നാടായി മാണ്ഡ്യ മാറും. കാര്‍ണിവലുകളും പന്തലുകളും ഒക്കെയായി ഓരോ കോണിലും ഇവിടെ ആഘോഷങ്ങള്‍ നിരവധിയാണ്. ദീപാവലി സമയത്തെ ഒരാഴ്ച കാലം ഇവിടെ ആഘോഷങ്ങള്‍ തന്നെയായിരിക്കും.
മംഗളുരു
മംഗലാപുരത്തെ ദീപാവലി ആഘോഷങ്ങള്‍ക്ക് ഏറെ വ്യത്യസ്തമാണ്. ചില സമയങ്ങളില്‍ ഇവിടുത്തെ ബീച്ചുകളിലാണ് ദീപാവലി ആഘോഷങ്ങള്‍ നടക്കുക. പ്രശാന്തമായ കാലാവസ്ഥയില്‍ വിവിധ നാടുകളില്‍ നിന്നും എത്തിയ സഞ്ചാരികള്‍ക്കൊപ്പം ചേര്‍ന്നുള്ള ആഘോഷങ്ങള്‍ ഏറെ മനോഹരമാണ്.
കൂര്‍ഗ്
ആഘോഷങ്ങളിലെ വ്യത്യസ്തത തിരയുന്നവര്‍ക്ക് ദീപാവലി ആഘോഷിക്കുവാന്‍ പറ്റിയ സ്ഥലമാണ് കൂര്‍ഗ്. കൂര്‍ഗിലെ കാഴ്ചകളും ആഘോഷങ്ങളും ആരെയും അമ്പരപ്പിക്കും. ടിബറ്റന്‍ വംശജരുടെ സുവര്‍ണ്ണ ക്ഷേത്രവും വെള്ളച്ചാട്ടങ്ങളും കൂടാതെ മനോഹര കാഴ്ചകള്‍ ഒളിഞ്ഞിരിക്കുന്ന കൂര്‍ഗ് ദീപാവലി ആഘോഷങ്ങള്‍ക്ക് ഏറെ പ്രാധാന്യം നല്കുന്നു.
Post Your Comments