തൃശൂർ: തൃശൂർ സിറ്റി പോലീസ് കമ്മീഷണർ യതീഷ് ചന്ദ്ര നടത്തിയത് ഗുരുതരമായ ചട്ട ലംഘനമാണെന്ന് റിപ്പോർട്ട്. രൂപമാറ്റം വരുത്തിയ വാഹനത്തിൽ ബൈക്ക് റാലി നടത്തിയത് കൃത്യവിലോപമായി സ്പെഷ്യൽ ബ്രാഞ്ച് കണ്ടെത്തി. നിയമ ലംഘനം ബോധ്യപ്പെട്ടതോടെ സ്പെഷ്യൽ ബ്രാഞ്ച് ഡിജിപിക്ക് റിപ്പോർട്ട് സമർപ്പിച്ചു. വകുപ്പ് തല അന്വേഷണവും ഉണ്ടാകുമെന്നാണ് സൂചന. നിയമ വിരുദ്ധമായി രൂപമാറ്റം വരുത്തിയ ബുള്ളറ്റ് വാഹനങ്ങൾ ഉപയോഗിച്ചായിരുന്നു റാലി. പോലീസ് സ്മൃതി ദിനാചരണവുമായി ബന്ധപെട്ട് തൃശൂർ സിറ്റി പോലീസ് സംഘടിപ്പിച്ച ബുള്ളറ്റ് റാലിയിലാണ് യതീഷ് ചന്ദ്രയുടെ നഗ്‌നമായ നിയമ ലംഘനം.
20 ഓളം വാഹനങ്ങളെ ഒപ്പം കൂട്ടി തൃശൂർ മുതൽ മണ്ണുത്തി വരെയായിരുന്നു റാലി. ക്രമസമാധാന ചുമതലയുള്ള മേധാവി ചട്ടലംഘനം നടത്തിയത് ഗുരുതരമാണെന്നും റിപ്പോർട്ടിൽ പറയുന്നു. സൈലൻസറുകൾ, വാഹനങ്ങളുടെ വീലുകൾ , ഹാൻഡിലുകൾ , എന്നിവയ്ക്കെല്ലാം രൂപമാറ്റം വരുത്തിയാണ് ഉപയോഗിച്ചത്. യതീഷ് ചന്ദ്ര ഉപയോഗിച്ച വാഹനത്തിന്റെ ചക്രവും ഇത്തരത്തിൽ രൂപമാറ്റം വരുത്തിയ ഗണത്തിൽപെടും. അതുകൊണ്ട് തന്നെ സ്പെഷ്യൽ ബ്രാഞ്ച് നടപടിയ്ക്ക് ശുപാർശ ചെയ്തുള്ള റിപ്പോർട്ടാണ് നൽകിയിരിക്കുന്നത്.
ഇത്തരത്തിൽ റാലിയിൽ പങ്കെടുത്ത ഇരുപതോളം വാഹനങ്ങൾ സ്പെഷ്യൽ ബ്രാഞ്ച് പ്രാഥമികമായി തിരിച്ചറിഞ്ഞു. എന്നാൽ ഈ വാഹനങ്ങളൊന്നും പോലീസിന്റെ വാഹനങ്ങളല്ലെന്നും റാലിക്കായി പുറമെനിന്ന് സംഘടിപ്പിച്ചതാണ് എന്നുമാണ് പോലിസിന്റെ വാദം.
Post Your Comments