കുറവിലങ്ങാട്: പ്രസവവേദനയോട് മല്ലിട്ട് പാതിരാത്രിയിൽ ചികിത്സ തേടിയെത്തിയ യുവതിക്ക് ഓട്ടോറിക്ഷയിൽ സുഖപ്രസവം. വിനീത സജി എന്ന യുവതിയാണ് ഓട്ടോയിൽ പ്രസവിച്ചത്. കുറവിലങ്ങാട് താലൂക്ക് ആശുപത്രിയുടെ സമീപത്താണ് സംഭവം. തോട്ടുവാ സ്വദേശിയായ വി.സി.സജിയും ഭാര്യ വിനീതയും(19) മക്കളായ വിനായകനും വിനീതും കുറുപ്പന്തറ കവലയിലെ കടത്തിണ്ണകളിലാണ് രാത്രി താമസിക്കുന്നത്. പകൽ ആക്രിവസ്തുക്കൾ പെറുക്കിവിറ്റാണ് ഉപജീവനമാർഗം കണ്ടെത്തുന്നത്.
പാലാ സർക്കാർ ആശുപത്രിയിൽ കൊണ്ടുപോകണം എന്ന ആവശ്യവുമായാണ് ഞായറാഴ്ച രാത്രി 12 മണിയോടെ കുറുപ്പന്തറ കവലയിലുണ്ടായിരുന്ന ഓട്ടോറിക്ഷ ഡ്രൈവറായ മോനിപ്പള്ളിയിൽ അനിൽ കുമാറിനെ സജി സമീപിച്ചത്. കുറവിലങ്ങാട് സർക്കാർ ആശുപത്രിക്കു മുന്നിലെത്തിയപ്പോഴേക്കും രക്തം വാർന്ന് വിനീത അവശനിലയിലായതായി. കുറവിലങ്ങാട് സർക്കാർ ആശുപത്രിയിൽ കയറി ഏറെനേരം വിളിച്ച ശേഷമാണ് നഴ്‌സും സെക്യൂരിറ്റി ജീവനക്കാരനും എത്തിയത്. എന്നാൽ ആശുപത്രിയുടെ വാതിൽ പോലും തുറക്കാൻ ആരും തയ്യാറായില്ല. ഗൈനക്ക് വിഭാഗം ഇല്ലാത്തതിനാൽ പാലാ ആശുപത്രിയിൽ പോകാനായിരുന്നു നിർദേശം. ഇതോടെ പാലായിലേക്ക് പോകാൻ തീരുമാനിക്കുകയായിരുന്നു. ആശുപത്രിയിൽനിന്നിറങ്ങി നൂറ് മീറ്റർ പിന്നിടും മുമ്പ് വിനീത ഓട്ടോറിക്ഷയിലേക്ക് വീണു. ഇതോടെ ഓട്ടോറിക്ഷ നിർത്തി. ഈ സമയം വിനീതയുടെ പ്രസവം നടന്നു. ആശുപത്രി വളപ്പിൽ 108 ആംബുലൻസ് കിടക്കുന്നത് കണ്ട അനിൽകുമാർ തന്നെ ആബുലൻസ് വിളിച്ചുവരുത്തി. ഇവിടെ പൊക്കിൾ കൊടി മുറിച്ച ശേഷം വിനീതയെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിക്കുകയായിരുന്നു.
Post Your Comments