അലഹാബാദ് : അയോധ്യാ ഭൂമി തര്‍ക്കകേസില്‍ വിധി വരാനിരിക്കെ സുന്നി വഖഫ് ബോര്‍ഡില്‍ ആസങ്കയും അഭിപ്രായഭിന്നതയും. വഖഫ് ബോര്‍ഡിലെ തര്‍ക്കങ്ങള്‍ കേസിന് പുതിയ മാനങ്ങള്‍ നല്‍കുന്നുവെന്നാണ് റിപ്പോര്‍ട്ട്. ഏറ്റവും കാലം നിലനിന്ന ഭൂമി തര്‍ക്കകേസുകളിലൊന്നായ അയോധ്യാകേസ് 40 ദിവസത്തെ മാരത്തണ്‍ വാദത്തിന് ശേഷം ആണ് സുപ്രീം കോടതിയുടെ അഞ്ച് അംഗ ബെഞ്ച് വിധി പറയാനായി മാറ്റി വെച്ചിരിക്കുന്നത്.
Read Also : ദീപാവലി ആഘോഷവും, അയോധ്യാ കേസും; ഉത്തര്‍പ്രദേശില്‍ വന്‍സുരക്ഷയൊരുക്കി യോഗി സര്‍ക്കാര്‍
അയോദ്ധ്യ ഭൂമി തര്‍ക്ക കേസില്‍ പ്രധാന കക്ഷികളായ വഖഫ് ബോര്‍ഡില്‍ ഈയിടെ ഉണ്ടായ അഭിപ്രായ ഭിന്നത കേസില്‍ പുതിയ വഴിതിരിവുണ്ടാക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. കേസില്‍ ഒത്തുതീര്‍പ്പിന് തയ്യാറാണെന്ന് ഒരു വിഭാഗം പറയുമ്പോള്‍ തര്‍ക്ക ഭൂമിയുടെ ഉടമസ്ഥാവകാശം വേണമെന്ന നിലപാടിലാണ് വഖഫ് ബോര്‍ഡിലെ മറ്റൊരു വിഭാഗം .
ഒരു വശത്ത്, സുന്നി വഖഫ് ബോര്‍ഡ് അഭിഭാഷകനും മുതിര്‍ന്ന അഭിഭാഷകനുമായ രാജീവ് ധവാന്‍ തര്‍ക്ക ഭൂമിയുടെ ഉടമസ്ഥാവകാശത്തിന് വേണ്ടി ശക്തമായി വാദിച്ചു, മറുവശത്ത്, അയോധ്യ ടൈറ്റില്‍ തര്‍ക്കത്തില്‍ ഉള്‍പ്പെട്ട കക്ഷികള്‍ ഒത്തുതീര്‍പ്പിലെത്തിയെന്നും അതിനാല്‍ വിഷയത്തില്‍ ഒരു വിധിയുടെയും ആവശ്യമില്ലെന്നും സുന്നി വഖഫ് ബോര്‍ഡിന്റെ മറ്റൊരു അഭിഭാഷകന്‍ ഷാഹിദ് റിസ്വി പറയുന്നു.
ഒരു കേസ് കോടതിക്ക് മുമ്പാകെ വന്നാല്‍, ഈ വിഷയത്തില്‍ ഉള്‍പ്പെട്ട കക്ഷികള്‍ക്ക് അവരുടെ കേസ് ഏറ്റവും മികച്ച രീതിയില്‍ അവതരിപ്പിക്കാന്‍ അര്‍ഹതയുണ്ടെന്നും അതേസമയം, മധ്യസ്ഥതയിലൂടെ കേസ് തീര്‍പ്പാക്കാമെന്ന് കോടതിക്ക് തോന്നിയാല്‍ അത് ചെയ്യണമെന്നും അത് അവഗണിക്കുകയല്ല വേണ്ടതെന്നും റിസ്വി പറഞ്ഞു. ഇത് മധ്യസ്ഥതയിലൂടെ പരിഹരിക്കാമെന്ന് രാജ്യത്തെ ഉന്നത കോടതി തന്നെയാണ് താല്‍പര്യം പ്രകടിപ്പിച്ചത്. അതുകൊണ്ടു തന്നെ കോടതിക്ക് പുറത്ത് ചര്‍ച്ച ചെയ്യുന്നതിന് യാതൊരു തടസ്സവുമില്ല. പ്രത്യേകിച്ചും ഈ കേസില്‍ കോടതി അത് അനുവദിച്ചിട്ടുണ്ട്,’ റിസ്വി പറഞ്ഞു.
2011 ല്‍ ആണ് സുപ്രിംകോടതിയില്‍ അപ്പീലുകള്‍ ഫയല്‍ ചെയ്തത്. ഇക്കഴിഞ്ഞ മാര്‍ച്ചില്‍ ആണ് പ്രശ്‌നം രമ്യമായി പരിഹരിക്കാന്‍ സുപ്രീംകോടതി ഒരു മധ്യസ്ഥ സമിതിയെ നിയോഗിച്ചത്. എന്നാല്‍ ചര്‍ച്ചയിലൂടെ പ്രശ്നം പരിഹരിക്കുന്നതില്‍ മധ്യസ്ഥ സമിതി പരാജയപ്പെട്ടപ്പോള്‍, കേസില്‍ വാദം കേള്‍ക്കാന്‍ സുപ്രിംകോടതി തീരുമാനിക്കുകയായിരുന്നു. ഓഗസ്റ്റ് 6 മുതല്‍ ഒക്ടോബര്‍ 16 വരെ വാദം കേട്ട ശേഷമാണ് കേസ് വിധിപറയാനായി കോടതി മാറ്റിവെച്ചത്.
Post Your Comments