കോഴിക്കോട്: കൂടത്തായി കൊലപാതക പരമ്പരകളിലെ മുഖ്യപ്രതിയായ ജോളിക്ക് കോടതി സൗജന്യ നിയമ സഹായം നല്‍കി. വക്കീലിനെ വെച്ചിട്ടുണ്ടോ എന്ന കോടതിയുടെ ചോദ്യത്തിന് അറിയില്ലെന്ന് ജോളി മറുപടി നല്‍കിയതോടെയാണ് കോടതിയുടെ ഈ തീരുമാനം. സിലി വധക്കേസില്‍ താമരശ്ശേരി ബാറിലെ അഭിഭാഷകന്‍ കെ ഹൈദറാണ് ജോളിക്ക് വേണ്ടി ഹാജരാകുന്നത്. അതേസമയം മാനസിക സമ്മര്‍ദ്ദത്തിന് ചികിത്സ വേണമെന്നും ജോളി കോടതിയില്‍ ആവശ്യപ്പെട്ടു.
താമരശ്ശേരി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ജോളിയെ ഹാജരാക്കിയപ്പോള്‍ വക്കീലിനെ വെച്ചിട്ടുണ്ടോയെന്ന് കോടതി ചോദിച്ചിരുന്നു. എന്നാല്‍ അറിയില്ലെന്ന് ജോളി പറഞ്ഞതോടെ കോടതി സൗജന്യ നിയമ സഹായം നല്‍കുകയായിരുന്നു. സിലി വധക്കേസില്‍ മാത്രമാണ് കോടതി സൗജന്യ നിയമസഹായം നല്‍കുന്നത്. സിലിയുടെ മരണവുമായി ബന്ധപ്പെട്ട ചോദ്യം ചെയ്യലിനും തെളിവെടുപ്പിനുമായി ജോളിയെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു. ആറ് ദിവസമാണ് കസ്റ്റഡി കാലാവധി. പത്തുദിവസത്തെ കസ്റ്റഡി ആയിരുന്നു പോലീസ് ആവശ്യപ്പെട്ടിരുന്നത്.
സിലിയുടെ മരണത്തിന് കാരണക്കാരായവരെ കണ്ടെത്തുക, പ്രതിക്ക് നല്‍കിയ സിലിയുടെ സ്വര്‍ണ്ണം തരിച്ചെടുക്കുക, സിലിയെ കൊല്ലാന്‍ ഉപയോഗിച്ച വിഷവസ്തു കണ്ടെത്തുക, കട്ടപ്പനയിലും കോയമ്പത്തൂരിലും ജോളിയെ കൊണ്ടുപോയി തെളിവെടുപ്പ് നടത്തുക തുടങ്ങിയ കാര്യങ്ങളാണ് കസ്റ്റഡി ആവശ്യപ്പെടുമ്പോള്‍ പ്രോസിക്യൂഷന്‍ ചൂണ്ടിക്കാട്ടിയത്. എന്നാല്‍ മറ്റൊരു കേസില്‍ 10 ദിവസത്തെ പോലീസ് കസ്റ്റഡി കഴിഞ്ഞതിനാല്‍ വീണ്ടും കസ്റ്റഡിയില്‍ വിട്ടുനല്‍കരുതെന്നായിരുന്നു പ്രതിഭാഗത്തിന്റെ വാദം.
സിലിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് ജോളിയെ വിശദമായി ചോദ്യം ചെയ്യാനാണ് പോലീസ് തീരുമാനം. ഇത് ക്യാമറയില്‍ ചിത്രീകരിക്കുന്നതുള്‍പ്പെടെയുള്ള നടപടികള്‍ സ്വീകരിക്കും. ഷാജുവിന്റെ ആദ്യഭാര്യ സിലിയെ ദന്താശുപത്രിക്ക് സമീപത്ത് വച്ച് സയനൈഡ് നല്‍കി കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് ജോളിയുടെ മൊഴി. വരും ദിവസങ്ങളില്‍ കൂടുതല്‍ അറസ്റ്റ് ഉണ്ടായേക്കുമെന്നാണ് സൂചന. കൂടത്തായിലെ ആറ് കൊലപാതകങ്ങളും ആറ് പ്രത്യേക സംഘങ്ങളാണ് അന്വേഷിക്കുന്നത്.
Post Your Comments