യാക്കോബായയും ഓര്‍ത്തഡോക്സും മാര്‍ത്തോമയും മലബാര്‍ സ്വതന്ത്ര സുറിയാനിയും റോമന്‍ കാത്തലിക്കും അടക്കമുള്ള സഭാ കേന്ദ്രങ്ങളുള്ള സ്ഥലമാണ് കുന്ദംകുളം. കുന്ദംകുളത്തെ വീടുകളില്‍ സഭാതര്‍ക്കങ്ങള്‍ അയഞ്ഞില്ലാതാകുന്ന പള്ളി പെരുന്നാള്‍കാലത്തെ അടയാളപ്പെടുത്തി കൊണ്ട് ഒരു കുറിപ്പ്. ബിനോയ് പിസി എന്ന കുന്നംകുളത്തുകാരന്റെ കുറിപ്പ് സോഷ്യല്‍മീഡിയയില്‍ ഇപ്പോള്‍ വൈറലാവുകയാണ്.
കുറിപ്പിന്റെ പൂര്‍ണരൂപം;
”അളിയനാണനൊക്കെ ശരി എന്റെ സഭയെ കുറിച്ച് പറഞ്ഞാലുണ്ടല്ലോ …”
———————————————————–
കുന്നംകുളം പ്രദേശത്തെ പല വീടുകളിലും ഓര്‍ത്തഡോക്‌സ് , യാക്കോബായ വിഭാഗങ്ങള്‍ അംഗങ്ങളായുണ്ട്. സഭാ തര്‍ക്കങ്ങള്‍ ഗംഭീരമായി നടക്കുമ്പോള്‍ ഈ വീട്ടിലെ കാര്യങ്ങള്‍ രസാണ്.
ചില വീടുകളില്‍ അമ്മ യാക്കോബായ വിഭാഗത്തിലും അപ്പന്‍ ഓര്‍ത്തഡോക്‌സ് വിഭാഗത്തിലും ( തിരിച്ചും) ആവും. ചിലപ്പോള്‍ ഓര്‍ത്തഡോക്‌സ് വീട്ടിലെ മക്കളെ കല്ല്യാണം കഴിച്ച് കൊടുത്തത് യാക്കോബായിലേക്കോ, മര്‍ത്തോമയിലേക്കോ മലബാര്‍ സ്വതന്ത
സുറിയാനി സഭയിലേക്കോ ആവും. യഹോവ സാക്ഷികളായ അംഗങ്ങളും വീട്ടില്‍ ഉണ്ടാകും . ചിലവീടുകളില്‍ മരുമക്കളായി ആര്‍.സിക്കാരും എത്താറുണ്ട്.
ഇങ്ങിനെയുള്ള വീടുകളില്‍ പള്ളി തര്‍ക്കങ്ങള്‍ ഉണ്ടാക്കുനത് രസകരമായ നിമിഷങ്ങളാണ്. പെരുന്നാളുകള്‍, മാതാപിതാക്കന്‍മാരുടെ ചാത്തം( ആണ്ട്) തുടങ്ങിയ ചടങ്ങുകള്‍ക്ക് തലേ ദിവസം രാത്രി തന്നെ മക്കളും മരുമക്കളും അളിയന്‍മാരും ചാച്ചന്‍ മാരുമൊക്കെ വരും. സൗഹൃദ സംഭാഷണത്തിനൊടുവില്‍ ആരെങ്കിലും സഭാതര്‍ക്ക വിഷയം എടുത്തിടും. പിന്നെ പെട്ടെന്ന് ചര്‍ച്ച ചൂട് പിടിക്കും. പരിഹാസങ്ങള്‍ ഉയരും. മെത്രാന്‍, ബാവ കക്ഷികളിലെ അനീതികളുടേയും നീതിയുടെയും കഥകള്‍ പരസ്പരം പറഞ്ഞ് വെല്ല് വിളിക്കും . ഇതിനിടെ മര്‍ത്തോമക്കാരനോ സ്വതന്ത്ര സുറിയാനി സഭാക്കാരനോ ആര്‍.സി ക്കാരനോ ആയ അളിയന്‍ ചര്‍ച്ചയില്‍ ഇടപ്പെട്ട് ആരുടെയും പക്ഷം പിടിച്ചാല്‍ അവന്റെ കാര്യം കട്ടപൊക. പിന്നെ ആ അളിയന്റെ സഭയുടെ ആരംഭം മുതലുണ്ടായിട്ടുള്ള മുഴുവന്‍ തോന്ന്യാസ കഥ കളും അവിടെ വെളിപ്പെടും.
തര്‍ക്കം കൂടി വാശിയാകുമ്പോള്‍ വെല്ലു വിളികളും പരിഹാസ ചിരികളുമൊക്കെ ഉയരും.
അങ്ങിനെ തര്‍ക്കം ശക്തമായി തുടരുമ്പോള്‍ അകത്ത് നിന്ന് പെണ്ണുങ്ങള്‍ വന്ന് പറയും. ” മതി.. ഇനി ഊണ് കഴിക്കാം..”
ഇതോടെ ചര്‍ച്ചകള്‍ മെല്ലെ മെല്ലെ അടങ്ങും.
ഊണിന് മുന്നേ സ്വല്‍പ്പം ‘കഴിക്കു” ന്ന കൂട്ടത്തില്‍ ഉള്ളവരൂണ്ടേല്‍ സൈഡു മുറിയില്‍ പോയി അളിയനും ചാച്ചന്‍ മാരൊക്കെ കൂടി ഓരോ സ്‌മോള്‍ അകത്താക്കും.
ഊണ് മുറിയിലെത്തിയാല്‍ പെണ്ണുങ്ങള്‍ ഇലയില്‍ ഏട്ടകറിയും ഊണും പോത്തിറച്ചിയും കോഴിയുമൊക്കെ വിളമ്പും .പിന്നെ അവിടെ സഭാ തര്‍ക്കങ്ങള്‍ക്ക് സ്ഥാനമില്ല. തമാശകളും ചിരിയും കുടുംബ കാര്യങ്ങളും മാത്രം.
ഊണ് കഴിഞ്ഞ് ഓര്‍ത്തഡോക്‌സ്‌കാരന്‍ ഭര്‍ത്താവും യാക്കോബായ ഭാര്യയുമൊക്കെ അവനവന്റെ വീട്ടില്‍ പോയി കിടക്കുംമുന്നെ ഒന്നിച്ച് പ്രാര്‍ത്ഥിച്ച് സുഖമായി ഉറങ്ങും.
ഇത്രയൊക്കെയേയുള്ളു കുന്നംകുളത്തെ സഭാ തര്‍ക്കങ്ങള്‍.
എന്നാല്‍,അടുത്തിടെ ചില മെത്രാന്‍മാരും ചില തീവ്ര വൈദീകരും ചില തീവ്ര വിശ്വാസികളും ഇങ്ങിനെ പോരാന്ന് ചിന്തിക്കുന്നവരുണ്ട്.
ഇരു വിഭാഗങ്ങള്‍ തമ്മില്‍ കല്ല്യാണം കഴിക്കാന്‍ പാടില്ലെന്നോ പള്ളിയില്‍ നിന്ന് ഇത്തരം വിവാഹങ്ങള്‍ക്ക് കല്ല്യാണകുറി കൊടുക്കാന്‍ പാടില്ലെന്നൊക്കെ പറഞ്ഞുള്ള വിശുദ്ധ കല്‍പ്പനകള്‍ പുറപ്പെടുവിക്കുന്നുണ്ട്. അവരുടെ കുര്‍ബാന പ്രസംഗങ്ങളില്‍ ഒത്തിരി തീവ്രത കൂടുന്നുണ്ട്. പ്രസംഗം കേട്ടാല്‍ മറ്റ് പക്ഷക്കാരെ ഓടിചെന്ന് ഒന്ന് പൊട്ടിക്കാനൊക്കെ തോന്നും.
ഈ പ്രസംഗമൊക്കെ കേള്‍ക്കുമ്പോള്‍ ഭൂരിപക്ഷം കുന്നംകുളത്ത്കാരുടെയും ഉള്ളില്‍ ഒരു ചിരി വരും.
പ്രസംഗിച്ച അച്ചനെ നേരിട്ട് കണ്ടാല്‍ പറയും..” അച്ചോ പ്രസംഗമൊക്കെ സൂപ്പറാട്ടാ.. പൊരിച്ചു..”
അച്ചനെ കയ്യും കൊടുക്കും.
പിന്നെ മനസില്‍ പതുക്കെ പറയും ” ഉവ്വ് കോപ്പാണ് പരസ്പരം മനുഷ്യരെ തല്ലൂടിപ്പിക്കുന്ന ടീംസ്..”
പള്ളീല്‍ നിന്നിറങ്ങി യാക്കോബായക്കാരന്‍ അളിയനെ ഫോണില്‍ വിളിച്ചു ചോദിക്കും ” ടാ അടുപ്പുട്ടി പെരുന്നാളിനെ മിനിക്കുട്ടീടെ വീട്ടിലേക്ക് എപ്പളാ പോണെ..?”
അവര്‍ക്കറിയാം മര്‍ത്തോമ സഭക്ക് പെരുന്നാളിലെങ്കിലും മിനിക്കുട്ടീടെ അളിയന്‍ നല്ല ഏട്ട വെച്ചതും അറിക്ക വറുത്തതും ഉണ്ടാക്കിയിട്ടുണ്ടാകുമെന്ന്. കൂടെ ” മിലിട്ടറി’യുമായി” കാത്തിരിക്കുമെന്ന്.
ആ മിലിട്ടറി തുള്ളി അകത്താക്കി ബാന്റ്റ് സെറ്റിന്റെ പാട്ട് കേട്ട് അളിയന്‍മാര്‍ക്കൊപ്പം ഡാന്‍സ് സ്റ്റെപ്പ് വെക്കുന്ന രസം ഈ കോപ്പന്‍ മാര്‍ക്കറിയുമോ..?
https://www.facebook.com/binoychirakkal/posts/10216113678216507
Post Your Comments