കാസര്‍കോട് : തെളിവെടുപ്പിനായി ഉത്തര്‍പ്രദേശില്‍ നിന്ന് കാസര്‍കോട്ടെത്തിച്ച എടിഎം കവര്‍ച്ചാ സംഘത്തിലെ രണ്ട് കുറ്റവാളികള്‍ രക്ഷപ്പെട്ടു. പൊലീസിന്റെ കണ്ണ് വെട്ടിച്ച് ഹോട്ടല്‍മുറിയില്‍ നിന്നാണ് പ്രതികള്‍ രക്ഷപ്പെട്ടിരിക്കുന്നത്. കളനാട് സ്വദേശികളായ അബ്ദുള്‍ റഹ്മാന്‍ , അബ്ദുള്‍ റഫാദ് എന്നിവരാണ് കഴിഞ്ഞ ദിവസം പുലര്‍ച്ചെ കൈവിലങ്ങുകളുമായി ഹോട്ടല്‍ മുറിയില്‍ നിന്നും രക്ഷപ്പെട്ടത്.
ശനിയാഴ്ച രാത്രി 11 മണിയോടെയാണ് ഉത്തര്‍പ്രദേശ് പുത്തുവാലി സി ഐ. എസ് സി പാണ്ട്യ, എസ് ഐ അനില്‍ യാദവ്, മൂന്ന് കോണ്‍സ്റ്റബിള്‍മാര്‍ എന്നിവര്‍ ചേര്‍ന്ന് പ്രതികളെ കാസര്‍കോട്ടെത്തിച്ചത്. 12 മണിയോടെ ഇവര്‍ കാസര്‍കോട്ടെ ലോഡ്ജില്‍ മുറിയെടുത്തു. ഇവിടെ നിന്നുമാണ് സംഘം അതിവിദഗ്ദ്ധമായി കടന്നുകളഞ്ഞത്. ഇവരുടെ കൈയ്യില്‍ വിലങ്ങുണ്ടായിരുന്നു. ഇതുമായാണ് ഇരുവരും രക്ഷപ്പെട്ടത്. ഇവരെ കണ്ടെത്താനായി യു പി പോലീസ് കാസര്‍കോട് ടൗണ്‍ പോലീസിനെ സമീപിച്ചു. പ്രതികള്‍ക്കായി പോലീസ് വലവിരിച്ചിട്ടുണ്ട്.
ഒരാഴ്ച മുമ്പാണ് എ ടി എം തട്ടിപ്പുമായി ബന്ധപ്പെട്ട് കാസര്‍കോട് സ്വദേശികളായ അഞ്ചംഗ സംഘത്തെ യു പിയില്‍ പോലീസ് അറസ്റ്റു ചെയ്തത്. മീപ്പുഗിരി ആര്‍ ഡി നഗറിലെ മുഹമ്മദ് ബിലാല്‍, കുഡ്‌ലുവിലെ മുഹമ്മദ് സുഹൈല്‍, കളനാട് വില്ലേജ് പരിധിയിലെ യാസിന്‍ എന്നിവരാണ് മറ്റുപ്രതികള്‍. സംഘം സഞ്ചരിക്കുകയായിരുന്ന കെ എല്‍ 14 വി 1037 നമ്പര്‍ ആള്‍ട്ടോ കാറും പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു.
Post Your Comments