ദുബായ്: അബുദാബിയിലെ ടോള്‍ ഗേറ്റുകളിലെ പിഴയില്‍ ഇളവനുവദിച്ച് ഗതാഗത വകുപ്പ്. ടോള്‍ ഗേറ്റുകളില്‍ നിന്ന് ഈടാക്കുന്ന പിഴ 30 ദിവസത്തിനുള്ളില്‍ അടയ്ക്കുയാണെങ്കില് തുകയില്‍ 25 ശതമാനം ഇളവ് നല്‍കുമെന്ന് ഗതാഗത വകുപ്പ് അറിയിച്ചു.
ഞായറാഴ്ചയാണ് ഗതാഗത വകുപ്പ് ചെയര്മാന് ഷെയ്ഖ് തിയാബ് ബിന്‍ മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന് ഇത് സംബന്ധിച്ച തീരുമാനം പുറത്തുവിട്ടത്. പുതിയ തീരുമാനപ്രകാരം 30 ദിവസത്തിനുള്ളില്‍ പണമടച്ചാല്‍ വാഹനമോടിക്കുന്നവര്‍ പിഴയുടെ 75 ശതമാനം മാത്രമേ അടക്കേണ്ടതുള്ളൂ. എമിറേറ്റില്‍ ട്രാഫിക് ടോള്‍ നിയന്ത്രണങ്ങള്‍ നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട തീരുമാനങ്ങള്‍ ഔദ്യോഗിക ഗസറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ടെന്നും ഷെയ്ഖ് തിയാബ് അറിയിച്ചു.
ഒക്ടോബര്‍ 15 മുതലാണ് അബുദാബിയില്‍ ടോള്‍ ഗേറ്റുകള്‍ പ്രാബല്യത്തില്‍ വന്നത്. 2020 ജനുവരി 1 വരെ വാഹനമോടിക്കുന്നവരില്‍ നിന്നും തുക ഈടാക്കില്ലെന്ന് ഈ മാസം ആദ്യം വ്യക്തമാക്കിയിരുന്നു. കൂടാതെ ചില ഫീസ് ഇളവുകളും പ്രതിമാസ പരിധികളും പ്രഖ്യാപിച്ചിരുന്നു. ഒരു വാഹനം കടന്നു പോകുന്നതിന് പ്രതിദിനം 16 ദിര്‍ഹമായിരുന്നു തുക നിശ്ചയിച്ചിരുന്നത്. ഇത് കൂടാതെ, പ്രതിമാസ പരിധിയും ഏര്‍പ്പെടുത്തിയിരുന്നു.
Post Your Comments