ഒറ്റപ്പാലം: നടന്‍ ഉണ്ണി മുകുന്ദന്റെ പേരില്‍ പ്രചരിക്കുന്ന വ്യാജ ഇന്‍സ്റ്റ ഗ്രാം അക്കൗണ്ടിനെ കുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചു. ഉണ്ണിയുടെ പിതാവ് മുകുന്ദന്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അന്വേഷണം ആരംഭിച്ചത്. ഉണ്ണി മുകുന്ദന്റെ പേരിലുള്ള അക്കൗണ്ടില്‍ നിന്നു സ്ത്രീകള്‍ക്ക് അശ്ലീല സന്ദേശങ്ങള്‍ അയച്ചതായാണ് പരാതി. താരത്തെ മനപൂര്‍വ്വം അപകീര്‍ത്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് ഇത്തരം ഒരു നടപടിയെന്ന് പിതാവ് പരാതിയില്‍ പറയുന്നു. ഒറ്റപ്പാലം പോലീസ് സ്റ്റേഷനിലാണ് പരാതി നല്‍കിയിരിക്കുന്നത്. iam unni mukundan എന്നാണ് നടന്റെ സോഷ്യല്‍ മീഡിയയിലെ അക്കൗണ്ടുകളുടെ പേര്.
അതിനു സമാനമായി ഇന്‍സ്റ്റഗ്രാമിലും ഫെയ്‌സ്ബുക്കിലും iam.unnimukundan എന്നു വ്യാജ അക്കൗണ്ടുണ്ടാക്കി തന്റെ ചിത്രം പ്രൊഫൈല്‍ ചിത്രമാക്കി വച്ച് പെണ്‍കുട്ടികളെ തെറ്റിദ്ധരിപ്പിച്ച് അവരുമായി സൗഹൃദം സൃഷ്ടിക്കല്‍ പതിവാക്കുന്നതായി തന്റെ ശ്രദ്ധയില്‍പെട്ടുവെന്നും ഇത്തരം വ്യാജ പ്രവണതകളെക്കുറിച്ച് വിശദമായി അന്വേഷിക്കണമെന്നാണ് പരാതിയില്‍ പറയുന്നത്. തന്റെ ഫോട്ടോ വച്ച് വൈവാഹിക വെബ്സൈറ്റുകളില്‍ ഐഡി ഉണ്ടാക്കുന്നവര്‍ക്കെതിരെയും നടന്‍ പരാതി നല്‍കി. പരാതി സ്വീകരിച്ചുവെന്ന് ഒറ്റപ്പാലം പോലീസ് സ്ഥിരീകരിച്ചു. വ്യാജ അക്കൗണ്ടിന്റെ ഉറവിടെ കണ്ടെത്താന്‍ സൈബര്‍ സെല്ലിന്റെ സഹായം ഒറ്റപ്പാലം പോലീസ് തേടിയിട്ടുണ്ട്. സിഐ എം. സുജിത്തിന്റെ നേതൃത്വത്തിലാണ് അന്വേഷണം.
നേരത്തെ കോട്ടയം സ്വദേശിനിയെ അപമാനിക്കാന്‍ ശ്രമിച്ചുവെന്ന പേരില്‍ ഉണ്ണിമുകുന്ദനെതിരെ കോടതിയില്‍ കേസ് നിലനില്‍ക്കുന്നുണ്ട്. എന്നാല്‍ പരാതി അടിസ്ഥാന രഹിതമാണെന്നും താന്‍ തെറ്റുകാരനല്ലെന്നുമാണ് ഉണ്ണി മുകുന്ദന്റെ വാദം.
Post Your Comments