തിരുവനന്തപുരം•തുലാവർഷത്തോടനുബന്ധിച്ചുള്ള ഇടിമിന്നലോടുകൂടിയ മഴ സംസ്ഥാനത്ത് വിവിധയിടങ്ങളിൽ അടുത്ത അഞ്ചു ദിവസവും തുടരാൻ സാധ്യതയുണ്ടെന്നും ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു.
ഇന്ന് (ഒക്ടോബർ 21) തിരുവനന്തപുരം, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളിലും ഒക്ടോബർ 22 ന് എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം, കണ്ണൂർ, കാസർഗോഡ് ജില്ലകളിലും കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
ഓറഞ്ച് അലേർട്ട് പ്രഖ്യാപിക്കപ്പെട്ട ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായതോ (115 mm വരെ മഴ) അതിശക്തമായതോ (115 mm മുതൽ 204.5 mm വരെ മഴ) ആയ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. സർക്കാർ സംവിധാനങ്ങളും പൊതുജനങ്ങളും ജാഗ്രത പാലിക്കുവാനുള്ള മുന്നറിയിപ്പാണ് ഓറഞ്ച് അലേർട്ട് കൊണ്ട് ഉദ്ദേശിക്കുന്നത്.
ഉരുൾപൊട്ടൽ/ മണ്ണിടിച്ചിൽ ഉണ്ടാകാൻ സാധ്യതയുള്ള പ്രദേശങ്ങളിലും ഭൂമിയിൽ വിള്ളലുകൾ കാണപ്പെട്ടിട്ടുള്ള പ്രദേശങ്ങളിലും താമസിക്കുന്നവർ ജില്ലാ ഭരണകൂടത്തിന്റെ അറിയിപ്പ് കിട്ടുന്ന മുറയ്ക്ക് മാറി താമസിക്കാൻ തയ്യാറാകണം. വൈകുന്നേരങ്ങളിലെ കനത്ത മഴ മൂലം താഴ്ന്ന പ്രദേശങ്ങളിൽ പ്രാദേശിക പ്രളയങ്ങളും (local flooding) മലയോര മേഖലയിൽ മലവെള്ളപ്പാച്ചിലും ഉരുൾപൊട്ടലും മണ്ണിടിച്ചിലും ഉണ്ടാകാനുള്ള സാധ്യതയുണ്ട്.
വൈകുന്നേരങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയാണ് തുലാവർഷത്തിന്റെ (വടക്ക്-കിഴക്കൻ മൺസൂൺ) പൊതുസ്വഭാവം. അതിനാൽ ദുരന്ത നിവാരണ അതോറിറ്റി പുറപ്പെടുവിച്ച ഇടിമിന്നൽ ജാഗ്രതാ നിർദേശങ്ങൾ പാലിക്കണമെന്നും അതോറിറ്റി അറിയിച്ചു.
മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുത്
അറബിക്കടലിൽ രൂപപ്പെട്ട ന്യൂനമർദ പ്രഭാവം മൂലം ശക്തമായ കാറ്റ് വീശാനുള്ള സാധ്യതയുള്ളതിനാൽ കേരളത്തിലെ മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു.
മണിക്കൂറിൽ 45 മുതൽ 55 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റ് വീശാൻ സാധ്യതയുള്ള കേരള തീരത്തും കർണാടക തീരത്തും മഹാരാഷ്ട്ര തീരത്തും അതിനോട് ചേർന്നുള്ള തെക്ക്-കിഴക്കൻ, മധ്യ-കിഴക്കൻ അറബിക്കടൽ പ്രദേശങ്ങളിലും ലക്ഷദ്വീപ് പ്രദേശത്തും ഗൾഫ് ഓഫ് മാന്നാർ സമുദ്ര പ്രദേശങ്ങളിലും ഇന്ന് മത്സ്യ തൊഴിലാളികൾ കടലിൽ പോകരുതെന്നാണ് നിർദ്ദേശം.
Post Your Comments