കൊല്ലം: ലഡ്ഡു ഉണ്ടാക്കാന്‍ കൊല്ലം ആസ്ഥാനമായുള്ള കാപെക്സ് കയറ്റി അയച്ച ആദ്യ ലോഡ് കശുവണ്ടി ഗുണനിലവാരമില്ലാത്തതിനാൽ മടക്കി അയച്ച് തിരുപ്പതി ദേവസ്ഥാനം. നിരസിച്ച പരിപ്പ് ഒക്‌ടോബര്‍ 20 നകം അവിടെ നിന്ന് തിരികെ എടുക്കാത്ത പക്ഷം പിഴ ഈടാക്കുമെന്ന് ദേവസ്വം അധികൃതര്‍ കാപ്പെക്‌സിനെ അറിയിച്ചിട്ടുണ്ട്. ഒക്ടോബര്‍ മൂന്നിന് ആദ്യ ലോഡ് മന്ത്രി ജെ. മെഴ്സിക്കുട്ടിയമ്മയാണ് ഫ്ലാഗ് ഓഫ് ചെയ്തത്. അഞ്ച് ടണ്‍ കശുവണ്ടിയാണ് തിരുപ്പതി ദേവസ്ഥാനം കാപെക്സിനോട് ആവശ്യപ്പെട്ടിരുന്നത്. ക്ഷേത്രത്തിലെ പ്രധാന വഴിപാട് ഇനമായ ലഡുവിലെ ചേരുവ എന്ന നിലയിലാണ് കശുഅണ്ടി പരിപ്പിന് കാഷ്യു കോര്‍പ്പറേഷനും കാപ്പെക്‌സിനും ഒരേസമയം ഓര്‍ഡര്‍ ലഭിച്ചത്.
കാപെക്സ് നല്‍കിയ ലോഡില്‍ പഴകിയതും പൊടിഞ്ഞതുമായ കശുവണ്ടിയായിരുന്നെന്നാണ് ദേവസ്ഥാനം അധികൃതര്‍ പറയുന്നത്. ഇത് ഉപയോഗിച്ചാല്‍ ലഡ്ഡുവിന്റെ ഗുണനിലവാരത്തെ സാരമായി ബാധിക്കുമെന്നും അവര്‍ വ്യക്തമാക്കിയതായും റിപ്പോര്‍ട്ടിലുണ്ട്. അതെ സമയം കാപ്പെക്‌സ് പരിപ്പ് നിരസിച്ചത് ഗുണനിലവാര കുറവിനെ തുടര്‍ന്നല്ലെന്ന് കാപ്പെക്‌സ് വൃത്തങ്ങള്‍ പറയുന്നു. പൊടിയുടെ അംശം കൂടുതല്‍ കണ്ടെത്തിയതാണ് കാപ്പെക്‌സ് പരിപ്പിന് വിനയായത്.
Post Your Comments