Latest NewsNewsIndia

തിരുപ്പതി ക്ഷേത്രത്തിലെ പ്രസാദമായ ലഡുവില്‍ മൃഗക്കൊഴുപ്പ് കണ്ടെത്തിയ സംഭവം: ടെന്‍ഡര്‍ നടപടികളില്‍ ദുരൂഹത

തിരുപ്പതി: ആന്ധ്രയിലെ തിരുപ്പതി തിരുമല ക്ഷേത്രത്തിലെ പ്രസാദമായ ലഡ്ഡുവില്‍ മൃഗക്കൊഴുപ്പ് കണ്ടെത്തിയ സംഭവത്തില്‍ നെയ്യിന്റെ ടെന്‍ഡര്‍ നടപടിക്രമങ്ങളില്‍ ദൂരൂഹത വര്‍ദ്ധിക്കുന്നു. വൈഎസ്ആര്‍ കോണ്‍ഗ്രസ് പാര്‍ട്ടി അധികാരത്തിലിരുന്ന 2023 ഓഗസ്റ്റിനും 2024 ജൂലൈയ്ക്കും ഇടയില്‍ തിരുപ്പതി തിരുമല ദേവസ്ഥാനം സംഭരിച്ച നെയ്യിന്റെ പേരിലാണ് സംശയം ഉയരുന്നത്.

Read Also: പിന്നിലേക്കെടുത്ത കാര്‍ ഇടിച്ച് വൃദ്ധദമ്പതികള്‍ക്ക് ദാരുണാന്ത്യം, കാര്‍ കണ്ടെത്താന്‍ അന്വേഷണം ആരംഭിച്ച് പൊലീസ്

നെയ്യിന്റെ ഗുണനിലവാരം സംബന്ധിച്ച് എന്‍എബിഎല്‍, എഫ്എസ്എസ്എഐ അംഗീകൃതമായ ലബോറട്ടറിയില്‍ നിന്ന് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് നല്‍കണമെന്ന് വിതരണക്കാര്‍ക്ക് നിര്‍ദേശമുണ്ട്. നെയ്യുടെ സാമ്പിളുകള്‍ കൃത്യമായ ലാബ് പരിശോധനകള്‍ക്ക് വിധേയമാക്കണമെന്നാണ് ടിടിഡി നിര്‍ദേശിക്കുന്നത്. ഇത്രയും കര്‍ശനമായ വ്യവസ്ഥകള്‍ ഉണ്ടെന്നിരിക്കെ 2023 ഓഗസ്റ്റ് മുതല്‍ 2024 ജൂലൈ വരെ വിതരണം ചെയ്ത നെയ്യിലെ മായം കണ്ടെത്താന്‍ സാധിച്ചിട്ടില്ല. നെയ്യ് വിതരണം ചെയ്തയാള്‍ക്ക് ബോധപൂര്‍വ്വമായ ഇളവുകള്‍ നല്‍കിയിട്ടുണ്ടെന്ന സൂചനകളാണ് പുറത്ത് വരുന്നത്.

മായം കലര്‍ന്ന് നെയ്യ് വിതരണം ചെയ്തതിന്റെ പേരില്‍ എആര്‍ ഡയറി ഫുഡ് പ്രൈവറ്റ് ലിമിറ്റഡിനെ കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തിയതായി ടിടിഡി എക്സിക്യൂട്ടീവ് ഓഫീസര്‍ ജെ ശ്യാമള റാവു കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഇവര്‍ക്കെതിരെ നിയമനടപടികളും ടിടിഡി ആരംഭിച്ചിട്ടുണ്ട്. എന്നാല്‍ മായം ചേര്‍ത്തുവെന്ന ആരോപണം നിഷേധിച്ച് എആര്‍ കമ്പനി രംഗത്തെത്തിയിട്ടുണ്ട്.

കര്‍ണാടകയില്‍ നിന്നുള്ള നന്ദിനി നെയ്യാണ് പ്രസാദത്തിന്റെ നിര്‍മ്മാണത്തിനായി ഉപയോഗിച്ച് വന്നിരുന്നത്. എന്നാല്‍ കര്‍ണാടക മില്‍ക്ക് ഫെഡറേഷന്‍ നന്ദിനിയുടെ വില ഉയര്‍ത്തിയെന്ന് ചൂണ്ടിക്കാട്ടിയാണ് 2023 ജൂലൈയില്‍ എആര്‍ ഡയറി ഫുഡ്സിന് കരാര്‍ ലഭിക്കുന്നത്. കുറഞ്ഞ നിരക്കില്‍ നെയ്യ് ലഭിക്കുന്നതിനാണ് എആര്‍ ഡയറിക്ക് കരാര്‍ നല്‍കുകയും, നന്ദിനിയുടെ നെയ്യ് ഒഴിവാക്കുകയും ചെയ്തത്. കിലോയ്ക്ക് 320 രൂപ നിരക്കിലാണ് ഇവര്‍ നെയ്യ് നല്‍കിയത്.

2024 ജൂണില്‍ ടിടിഡി എക്സിക്യൂട്ടീവ് ഓഫീസറായി ജെ എസ് റാവുവിന് ചന്ദ്രബാബു നായിഡു നിയമനം നല്‍കി. തുടര്‍ന്ന് ജൂലൈയില്‍ നെയ്യിന്റെ സാമ്പിളുകളില്‍ നടത്തിയ പരിശോധനയിലാണ് വലിയ രീതിയില്‍ മായം കണ്ടെത്തിയത്. ലാബ് റിപ്പോര്‍ട്ടില്‍ മൃഗക്കൊഴുപ്പിന്റേയും മീന്‍ എണ്ണയുടേയും സാന്നിധ്യം കണ്ടെത്തുകയായിരുന്നു. ഇതോടെ എആര്‍ ഡയറി ഫുഡ്സുമായിട്ടുള്ള കരാര്‍ റദ്ദാക്കാന്‍ നിര്‍ദേശം നല്‍കി. ഓഗസ്റ്റില്‍ വീണ്ടും നന്ദിനിക്ക് തന്നെ കരാര്‍ നല്‍കുകയായിരുന്നു. കിലോയ്ക്ക് 470 രൂപ നിരക്കിലാണ് നന്ദിനി ക്ഷേത്രത്തിലേക്ക് നെയ്യ് വിതരണം ചെയ്യുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button