KeralaLatest News

നവജാതശിശുവിന്റെ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി പുറത്തെടുത്തു; നടപടി പിതാവിന്റെ പരാതിയില്‍

ഇടുക്കി: വട്ടവടയില്‍ നവജാതശിശുവിന്റെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് ആരോപണം ഉയര്‍ന്ന സാഹചര്യത്തില്‍ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി പുറത്തെടുത്തു. പിതാവിന്റെ പരാതിയെ തുടര്‍ന്നാണ് 27 ദിവസം പ്രായമുള്ള കുഞ്ഞിന്റെ പോസ്റ്റുമോര്‍ട്ടം നടത്താന്‍ തീരുമാനിച്ചത്.

വട്ടവട കോവിലൂരിലെ പൊതുശ്മശാനത്തിലാണ് കുഞ്ഞിനെ സംസ്‌കരിച്ചിരുന്നത്. മൃതദേഹം പോസ്റ്റുമോര്‍ട്ടം നടത്തുന്നതിനായി കോട്ടയം മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോയി. കഴിഞ്ഞ ബുധനാഴ്ച രാവിലെയാണ് കോവിലൂര്‍ സ്വദേശികളായ തിരുമൂര്‍ത്തി, വിശ്വലക്ഷ്മി ദമ്പതികളുടെ 27 ദിവസം പ്രായമുള്ള മകള്‍ മരിച്ചത്. മരണത്തില്‍ അയല്‍വാസികള്‍ ഉള്‍പ്പെടെയുള്ളവര്‍ ആദ്യം തന്നെ സംശയം പ്രകടിപ്പിച്ചിരുന്നു.
കുഞ്ഞിന്റെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് ആരോപിച്ച് പിതാവ് പരാതി നല്‍കിയതിനെ തുടര്‍ന്നാണ് മൃതദേഹം പുറത്തെടുക്കാന്‍ ദേവികുളം സബ്കളക്ടര്‍ അനുമതി നല്‍കിയത്.

അമ്മ വിശ്വലക്ഷ്മി മുലപ്പാല്‍ നല്‍കുന്നതിനിടെ പാല്‍ തൊണ്ടയില്‍ കുടുങ്ങി കുഞ്ഞിന് അസ്വസ്ഥതയുണ്ടായെന്നാണ് ബന്ധുക്കള്‍ പറയുന്നത്. കുട്ടിയെ ഉടന്‍ വട്ടവടയിലെ പ്രാഥമിക ആരോഗ്യ കേന്ദ്രത്തില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. തുടര്‍ന്ന് മൂന്ന് മണിയോടെ കുഞ്ഞിനെ സംസ്‌കരിച്ചു. എന്നാല്‍ ഇക്കാര്യം ഡോക്ടറോ ബന്ധുക്കളോ പോലീസിനെ അറിയിച്ചിരുന്നില്ല. ഇതോടെ വിശ്വലക്ഷ്മിയുമായി പിണങ്ങി മാറിത്താമസിക്കുന്ന കുട്ടിയുടെ പിതാവ് തിരുമൂര്‍ത്തി മകളുടെ മരണത്തില്‍ സംശയം പ്രകടിപ്പിച്ച് പോലീസില്‍ പരാതി നല്‍കുകയായിരുന്നു. സംഭവത്തില്‍ ദുരൂഹത നിലനിന്നിരുന്നിട്ട് കൂടി വിവരം പോലീസില്‍ അറിയിക്കാതിരുന്ന ഡോക്ടര്‍ക്കെതിരെ വകുപ്പുതല നടപടിയുണ്ടാകുമെന്നാണ് സൂചന. എന്നാല്‍ മരണത്തില്‍ അസ്വഭാവികത ഇല്ലാതിരുന്നതിനാലാണ് പോലീസില്‍ അറിയിക്കാതിരുന്നതെന്നാണ് പിഎച്ച്‌സിയിലെ ജീവനക്കാര്‍ പറയുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button