![](/wp-content/uploads/2018/04/mt-ramesh.jpg)
കോന്നി: കേരളത്തിലെ സര്‍വ്വകലാശാലകള്‍ മുഴുവന്‍ അഴിമതിയുടെ കേന്ദ്രമാക്കിയെന്നും എം ജി സര്‍വകലാശാലയിലെ മാര്‍ക്ക് ദാനത്തില്‍ മന്ത്രി ജലീലിനും അദ്ദേഹത്തിന്റെ പ്രൈവറ്റ് സെക്രട്ടറിക്കും പങ്കുണ്ടെന്നും ബി ജെ പി സംസ്ഥാന ജനറല്‍ സെക്രട്ടറി എം ടി രമേശ്. അതിന് കയ്യൊപ്പ് ചാര്‍ത്തുന്ന നിലപാടാണ് വൈസ് ചാന്‍സിലറും സ്വീകരിച്ചത്. രാഷ്ട്രീയ നേതൃത്വത്തിന് ഇതില്‍ പങ്കുണ്ട്. പി എസ് സി തട്ടിപ്പ് സി ബി ഐ അന്വേഷിക്കണമെന്ന് പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടപ്പോള്‍ കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്തെ ആരോപണങ്ങളും സി ബി ഐ അന്വേഷിക്കട്ടെ എന്ന് മന്ത്രി ജലീല്‍ നിലപാടെടുത്തു.
അതോടെ പ്രതിപക്ഷ സമരം സ്വിച്ചിട്ടപോലെ നിന്നു. യു ഡി എഫിന്റെ കാലത്ത് കോഴിക്കോട് സര്‍വകലാ ശാലയില്‍ രണ്ടു കുട്ടികള്‍ക്ക് മാര്‍ക്ക് ദാനം നല്‍കി. കുറച്ചു നാള്‍ മുന്‍പ് കേരള സര്‍വകലാ ശാലയില്‍ നിന്നും ഇത്തരം പരാതികള്‍ ഉയര്‍ന്നിട്ടുണ്ട്. എല്ലാ സിന്‍ഡികേറ്റുകളും പിരിച്ചു വിട്ട് അന്വേഷണം ആരംഭിക്കണം. പി എസ് സി യിലെയും, സര്‍വ്വകലാശാലകളിലെയും പുറത്തു വന്ന വിവരങ്ങള്‍ മഞ്ഞു മലയുടെ ഒരറ്റം മാത്രമാണ്. വലിയ അഴിമതിയാണ് ഇത്തരം മഹത്തായ സ്ഥാപനങ്ങളില്‍ നടന്നിരിക്കുന്നത്. പരീക്ഷ സമ്പ്രദായത്തിന്റെ വിശ്വാസ്യത തകര്‍ന്നു. എല്ലാ ആരോപണങ്ങളും സി ബി ഐ അന്വേഷിക്കണമെന്ന് ബി ജെ പി ആവശ്യപ്പെടുന്നു.
കഴിഞ്ഞ പതിനഞ്ചു വര്‍ഷമായി പി എസ് സി യിലും, സര്‍വകലാ ശാലകളിലും നടന്ന ക്രമ വിരുദ്ധമായ എല്ലാ കാര്യങ്ങളിലും സമഗ്രമായ അന്വേഷണം വേണം. അതിന് പ്രതിപക്ഷ നേതാവ് തയ്യാറെടുണ്ടോ? പരീക്ഷാ സമ്പ്രദായത്തിന്റെയും, പി എസ് സി യുടെയും വിശ്വാസ്യത, സി ബി ഐ അന്വേഷണം നടത്തി കുറ്റക്കാരെ ശിക്ഷിക്കുന്നതിലൂടെ വീണ്ടെടുക്കണമെന്നും എം ടി രമേശ് പറഞ്ഞു. കോന്നി എന്‍ ഡി എ തെരെഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കോന്നിയില്‍ വിളിച്ചു ചേര്‍ത്ത പത്രസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ബി ജെ പി ജില്ലാ പ്രസിഡണ്ട് അശോകന്‍ കുളനട, സംസ്ഥാന സമിതിയംഗം ടി ആര്‍ അജിത് കുമാര്‍ എന്നിവരും പത്രസമ്മേളനത്തില്‍ പങ്കെടുത്തു.
Post Your Comments