തിരുവനന്തപുരം: എന്‍എസ്എസിന്റെ നിലപാടുകള്‍ക്കെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി സിപിഎം. വട്ടിയൂര്‍ക്കാവില്‍ സമുദായം പറഞ്ഞ് വോട്ടഭ്യര്‍ത്ഥിക്കുന്നവര്‍ക്കെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കുമെന്ന് ഇന്നലെ സിപിഎം വ്യക്തമാക്കിയിരുന്നു. പരാതിക്ക് പിന്നാലെ എന്‍എസ്എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായര്‍ക്കെതിരെ കോടിയേരി ബാലകൃഷ്ണന്‍ രൂക്ഷ വിമര്‍ശനവും ഉന്നയിച്ചു.
യുഡിഎഫ് കണ്‍വീനറെ പോലെയാണ് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി പ്രവര്‍ത്തിക്കുന്നതെന്ന് കോടിയേരി ആരോപിച്ച. പാലായില്‍ തകര്‍ന്നടിഞ്ഞ യുഡിഎഫിന് ജീവന്‍ കൊടുക്കാനാണ് എന്‍എസ്എസിന്റെ ശ്രമമെന്നും ഇത് സമുദായ അംഗങ്ങള്‍ തന്നെ തള്ളുമെന്നുമായിരുന്നു കോടിയേരിയുടെ പരാമര്‍ശം.വട്ടിയൂര്‍കാവില്‍ യുഡിഎഫിന് വേണ്ടി എന്‍എസ്എസ് പരസ്യമായി രംഗത്തിറങ്ങിയതില്‍ ഇടത് മുന്നണി പരസ്യമായി തന്നെ എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കുമെന്ന് കോടിയേരി മുന്നറിയിപ്പ് നല്‍കിയതും ഒടുവില്‍ പരാതി നല്‍കിയിരിക്കുന്നതും.
ജാതി പറഞ്ഞുള്ള വോട്ടുപിടുത്തം കേരളത്തില്‍ നടക്കില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ നേരത്തേ വ്യക്തമാക്കിയിരുന്നു. സമുദായ സംഘടനകള്‍ക്ക് പലതും പറയാം പക്ഷേ വോട്ട് ചെയ്യുന്നത് ജനങ്ങളാണെന്നായിരുന്നു കാനം ഇന്നലെ പറഞ്ഞത്. എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍, ഒ. രാജഗോപാല്‍ എംഎല്‍എ എന്നിവരും എന്‍എസ്എസിന്റെ ഈ നീക്കത്തിനെതിരെ രംഗത്തെത്തിയിരുന്നു.
എന്‍.എസ്.എസ് നേതൃത്വത്തിന് കാടന്‍ ചിന്താഗതിയാണുള്ളതെന്നും ജാതി പറഞ്ഞുള്ള വോട്ടുപിടുത്തം കേരളത്തെ ഭ്രാന്താലയമാക്കുമെന്നും വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞിരുന്നു. ജാതി ധ്രുവീകരണമുണ്ടാക്കാനാണ് എന്‍എസ്എസ് ശ്രമിക്കുന്നതെന്നും സുകുമാരന്‍ നായര്‍ കടുത്ത ഈഴവ വിരോധിയായി മാറിയെന്നും വെള്ളാപ്പള്ളി ആരോപിച്ചു. എന്‍.എസ്.എസിന്റെ പ്രവൃത്തികള്‍ കേരളത്തില്‍ ജാതിവിദ്വേഷത്തിന് ഇടയാക്കും. അവരുടെ നേതൃത്വത്തിന് കാടന്‍ ചിന്തകളാണുള്ളത്. ഈഴവസമുദായത്തോട് അവര്‍ക്ക് എന്നും അവഗണനയാണ്. ഈഴവവിരോധവും എവിടെയും ഈഴവനെ തകര്‍ക്കുക എന്നതുമാത്രമാണ് എന്‍.എസ്.എസിന്റെ ലക്ഷ്യം. ഒരാള്‍ ഇങ്ങനെ വോട്ട് ചോദിച്ച് ഇറങ്ങിയാല്‍ മറ്റുള്ളവരും ഇറങ്ങില്ലേ എന്നും വെള്ളാപ്പള്ളി ചോദിച്ചു. ഒരു ഈഴവന്‍ മുഖ്യമന്ത്രിയായാല്‍ അദ്ദേഹത്തെ തേജോവധം ചെയ്യുന്നവരാണ് എന്‍.എസ്.എസ്. ആര്‍.ശങ്കറും വി.എസ്.അച്യുതാനന്ദനും പിണറായി വിജയനുമെല്ലാം മുഖ്യമന്ത്രിയായപ്പോള്‍ അത് കണ്ടതാണെന്നും ഒരു സവര്‍ണനെ മുഖ്യമന്ത്രിയാക്കാനുള്ള നീക്കങ്ങള്‍ ഇപ്പോഴേ നടത്തുന്നുന്ന എന്‍എസ്എസ് എന്തും പറയാമെന്നും ആരുടെയും തലയില്‍ കയറാമെന്നും കരുതേണ്ടെന്നും പറഞ്ഞ അദ്ദേഹം കേരളസമൂഹം ഈ മാടമ്പിത്തരം എല്ലാ കാലവും സഹിക്കില്ലെന്നും കൂട്ടിച്ചേര്‍ത്തു.
സമുദായ സംഘടനകള്‍ക്ക് ഒരു പാര്‍ട്ടിക്കുവേണ്ടിയും വോട്ടുചോദിക്കാന്‍ അവകാശമില്ലെന്നും അത് നിയമവിരുദ്ധമാണെന്നും ബിജെപി നേതാവും എംഎല്‍എയുമായ ഒ രാജഗോപാല്‍ ഇന്നലെ വ്യക്തമാക്കിയിരുന്നു. സമുദായത്തിന്റെ പേരില്‍ വോട്ടഭ്യര്‍ത്ഥിക്കുന്ന വിഷയത്തില്‍ ചീഫ് ഇലക്ടറല്‍ ഓഫീസര്‍ ടിക്കാറാം മീണയെ പിന്തുണച്ചാണ് അദ്ദേഹം രംഗത്തെത്തിയത്.
തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിലപാട് സ്വാഗതാര്‍ഹമാണ്. ജാതി-മത സംഘടനകള്‍ ഏത് പാര്‍ട്ടികള്‍ക്ക് വോട്ടുചെയ്യണമെന്ന് പറയുന്നത് നിയമവിരുദ്ധമാണെന്നും ഒരു പാര്‍ട്ടിക്ക് മാത്രം വോട്ടുചെയ്യണമെന്ന് പറയുന്നത് ന്യായമല്ലെന്നും എന്‍എസ്എസ് വട്ടിയൂര്‍ക്കാവില്‍ മാത്രമല്ല, മുഴുവന്‍ മണ്ഡലങ്ങളിലും നിലപാട് എടുത്തിട്ടുണ്ടെന്നും ഒ.രാജഗോപാല്‍ പറഞ്ഞു. സമുദായത്തിന്റെ പേരിലുള്ള വോട്ട് ചോദ്യത്തില്‍ പരാതി കിട്ടിയാല്‍ നടപടിയെടുക്കുമെന്ന് ഇന്നലെ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ വ്യക്തമാക്കിയിരുന്നു.
Post Your Comments