വയനാട്: സിസ്റ്റര്‍ ലൂസി കളപ്പുരയ്‌ക്കെതിരെ നിലപാട് കടുപ്പിച്ച് സഭ. സഭയില്‍ നിന്ന് പുറത്താക്കിയതിനെതിരെ സിസ്റ്റര്‍ ലൂസി കളപ്പുര നല്‍കിയ അപ്പീല്‍ വത്തിക്കാന്‍ തള്ളിയതിന് പിന്നാലെ സഭാ അധികൃതര്‍ക്കെതിരെ നല്‍കിയ പരാതികള്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് സഭാ നേതൃത്വം കത്ത് നല്‍കി. എഫ്‌സിസി സുപ്പീരിയര്‍ ജനറല്‍ ആന്‍ ജോസഫാണ് കത്ത് അയച്ചിരിക്കുന്നത്.
സിസ്റ്റര്‍ ലൂസി കളപ്പുര നല്‍കിയ അപ്പീല്‍ തള്ളിയ സാഹചര്യത്തില്‍ സഭയില്‍ നിന്ന് പുറത്തുപോകാനാണ് നിര്‍ദ്ദേശം. അല്ലെങ്കില്‍ സഭയ്ക്ക് എതിരെ ഉന്നയിച്ച ആരോപണങ്ങള്‍, രണ്ട് പോലീസ് കേസുകള്‍ തുടങ്ങിയവ പിന്‍വലിച്ച് മാപ്പുപറയണമെന്നും ഇക്കാര്യം മാധ്യമങ്ങള്‍ക്ക് പ്രസിദ്ധീകരിക്കാന്‍ നല്‍കണമെന്നും കത്തില്‍ ആവശ്യപ്പെടുന്നുണ്ട്. പരാതികള്‍ പിന്‍വലിച്ചില്ലെങ്കില്‍ നിയമനടപടി സ്വീകരിക്കുമെന്നും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലുമായി ബന്ധപ്പെട്ട പീഡനപരാതിയില്‍ ആക്രമണത്തിന് ഇരയായ കന്യാസ്ത്രീക്ക് നീതി തേടി കൊച്ചി വഞ്ചി സ്‌ക്വയറില്‍ നടത്തിയ സമരത്തില്‍ സിസ്റ്റര്‍ ലൂസി കളപ്പുര പങ്കെടുത്തിരുന്നു.ഇതിന് ശേഷമാണ് സിസ്റ്റര്‍ ലൂസിക്കെതിരെയുടെ സഭയുടെ ആക്രമണം ശക്തമായത്. പുസ്തകമെഴുതുക കൂടി ചെയ്തതോടെ, സിസ്റ്ററെ സഭയില്‍ നിന്ന് പുറത്താക്കിയതായി സഭ ഉത്തരവ് പുറപ്പെടുവിച്ചു. എന്നാല്‍ തന്റെ ഭാഗം കേള്‍ക്കാതെയുള്ള നടപടി അംഗീകരിക്കില്ലെന്ന് കാട്ടിയായിരുന്നു സിസ്റ്റര്‍ ലൂസി വത്തിക്കാന് അപ്പീല്‍ നല്‍കിയത്. ഈ അപ്പീല്‍ വത്തിക്കാന്‍ തള്ളിയെങ്കിലും മഠംവിടില്ലെന്ന നിലപാടില്‍ സിസ്റ്റര്‍ ലൂസി കളപ്പുര ഉറച്ച് നില്‍ക്കുകയായിരുന്നു.
Post Your Comments